കാര്‍ അമിത വേഗത്തിലോടിച്ചതിന് താന്‍ പോലും പിഴയടച്ചു; വെളിപ്പെടുത്തലുമായി കേന്ദ്ര ഗതാഗത മന്ത്രി

Posted on: September 9, 2019 4:43 pm | Last updated: September 9, 2019 at 4:43 pm

ന്യൂഡല്‍ഹി: പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം വന്‍ തുക പിഴ ചുമത്തുന്നതിനെതിരെ പ്രതിഷേധമുയരുന്നതിനിടെ കാര്‍ അമിത വേഗത്തിലോടിച്ചതിന് താന്‍ പോലും പിഴയടച്ചതായുള്ള വെളിപ്പെടുത്തലുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. മുംബൈയിലെ ബന്ദ്ര-വെര്‍ളി കടല്‍പ്പാലത്തില്‍ വച്ചാണ് പിഴയൊടുക്കിയതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ നൂറ് ദിനങ്ങള്‍ക്കിടയില്‍ കൈക്കൊണ്ട ഏറ്റവും നല്ല തീരുമാനങ്ങളെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഗഡ്കരി ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

മോട്ടോര്‍ വാഹന നിയമ ഭേദഗതി സര്‍ക്കാറിന്റെ ഏറ്റവും വലിയ നേട്ടമാണ്. ഉയര്‍ന്ന പിഴ ചുമത്തുന്നത് സുതാര്യമായി കാര്യങ്ങള്‍ നടക്കാന്‍ സഹായിക്കും. നടപടി അഴിമതിക്കു വഴിവെക്കുമെന്ന ആരോപണത്തില്‍ കഴമ്പില്ല. മന്ത്രി പറഞ്ഞു. അതേസമയം, റോഡ് നിര്‍മാണത്തിലെയും വാഹന നിര്‍മാണത്തിലെയും അപാകതകള്‍ രാജ്യത്ത് അപകടങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.