ധാക്ക: ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ മൊബൈല്‍ ഫോണ്‍ സേവനങ്ങളും സിം കാര്‍ഡുകളും നിരോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടതോടെ ദുരിതത്തിലായി ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്‌ലിങ്ങള്‍. കോക്‌സ് ബസാറിലുള്ള തിരക്കേറിയ ക്യാമ്പുകളിലെ ജനബാഹുല്യവും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് അടുത്ത ഞായറാഴ്ചയോടെ എല്ലാ സേവനങ്ങളും നിര്‍ത്തിവെക്കാന്‍ ടെലിഫോണ്‍ ഓപ്പറേറ്റര്‍മാരോട് ആവശ്യപ്പെട്ടതായി ടെലി കമ്മ്യൂണിക്കേഷന്‍ റെഗുലേറ്ററി ബോഡി അറിയിച്ചു.
തിരിച്ചറിയല്‍ കാര്‍ഡുള്ള ബംഗ്ലാദേശികള്‍ക്ക് മാത്രമെ പ്രാദേശിക സിംകാര്‍ഡുകള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ എന്നാണ് വ്യവസ്ഥ. അതിനാല്‍ത്തന്നെ റോഹിംഗ്യന്‍ അഭയാര്‍ത്ഥികള്‍ പ്രാദേശിക സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നതില്‍ നേരത്തെ തന്നെ നിരോധനമുണ്ട്. എന്നാല്‍ ക്യാമ്പുകളിലുള്ളവര്‍ക്ക് കരിഞ്ചന്തകള്‍ വഴി സിം കാര്‍ഡുകള്‍ സുലഭമായി ലഭിച്ചിരുന്നു.
ക്യാമ്പുകളിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇതിനോടകം തന്നെ തടസ്സപ്പെട്ട നിലയിലാണ്. അപൂര്‍വം സമയങ്ങളില്‍ മാത്രമെ സിഗ്‌നല്‍ ലഭ്യമാകുന്നുള്ളൂ.
റോഹിംഗ്യന്‍ ജനതയെ മ്യാന്‍മറില്‍ നിന്ന് നാടുകടത്തിയതിന്റെ രണ്ടാം വാര്‍ഷിക ദിനമായ ആഗസ്റ്റ് 25-ന് ക്യാമ്പില്‍ അഹിംസാത്മക റാലികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിനെ പിന്തുടര്‍ന്നാണ് ആശയവിനിമയ സംവിധാനങ്ങള്‍ നിര്‍ത്തലാക്കാന്‍ കാരണമെന്ന് കരുതുന്നു.