മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് യൂത്ത്‌ലീഗിന്റെ പടയൊരുക്കം; തലമുറ മാറ്റത്തിനായി മുറവിളി

Posted on: September 5, 2019 11:10 pm | Last updated: September 6, 2019 at 10:12 am

കോഴിക്കോട്: അധികാര സ്ഥാനത്ത് പതിറ്റാണ്ടുകളായി കടിച്ച്തൂങ്ങിനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെ ലക്ഷ്യമിട്ട് യൂത്ത്‌ലീഗിന്റെ പടയൊരുക്കും. നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നര വര്‍ഷം മാത്രമിരിക്കെ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ചില നേതാക്കള്‍ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് വരാന്‍ കരുക്കള്‍ നീക്കുന്ന സാഹചര്യത്തിലാണ് യൂത്ത്‌ലീഗ് നീക്കമെന്നത് ശ്രദ്ധേയമാണ്. ഇന്ന് ചേര്‍ന്ന യൂത്ത്‌ലീഗ് സംസ്ഥാന കൗണ്‍സിലില്‍ പാര്‍ട്ടി നേതൃത്വത്തിന്റെ പരാജയങ്ങള്‍ ഓരോന്നായി അക്കമിട്ട് കടുത്ത വിമര്‍ശനമാണ് യുവ നേതാക്കള്‍ നടത്തിയത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലും ഭീതിയിലും കഴിയുമ്പോള്‍ പാര്‍ലിമെന്റിലും പൊതുജനങ്ങള്‍ക്ക് മുമ്പിലും പാര്‍ട്ടി നിലപാടും രാഷ്ട്രീയവും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടതായി യോഗത്തില്‍ വിമര്‍ശനമുണ്ടായതായി ഒരു യൂത്ത്‌ലീഗ് നേതാവ് പ്രതികരിച്ചു.

പാര്‍ട്ടിയില്‍ തലമുറ മാറ്റം അനിവാര്യമാണെന്ന് സംസ്ഥാന കൗണ്‍സിലില്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു. പാര്‍ലിമെന്ററി രംഗത്ത് യുവാക്കള്‍ക്കും വനിതകള്‍ക്കുമായി 50 ശതമാനം സംവരണം നല്‍കണമെന്ന് സംസ്ഥാന ഭാരവാഹി ആശിഖ് ചെലവൂര്‍ അവതരിപ്പിച്ച പ്രമേയം പറയുന്നു. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് 30 വയസ് പോലും തികയാത്ത ചില ആളുകള്‍ക്ക് നിയമനിര്‍മാണ സഭകളില്‍ അവസരം ലഭിച്ചിരുന്നു. ഇങ്ങനെ അവസരം ലഭിച്ച നേതാക്കള്‍, തങ്ങളുടെ കൈകളില്‍ അന്ന് ലഭിച്ച അധികാരം പുതിയ തലമുറക്ക് ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രമേയം പറയുന്നു.

കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച തുടങ്ങിയ സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് പാര്‍ട്ടി നേതൃത്വത്തിന് എതിരായ വിമര്‍ശനത്തിന് തുടക്കമിട്ടത്. രണ്ട് തവണ അവസരം ലഭിച്ചവരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാര്‍ട്ടിയില്‍ നേതൃമാറ്റത്തിനുള്ള സമയം അതിക്രമിച്ചു. നേതാക്കളുടെ വാലുകളായി യുവനേതാക്കള്‍ മാറുന്നു. ഇതിന് അവസാനം വേണം. തുടര്‍ന്ന് സംസാരിച്ച കെ എം റഹീമും സമദുമെല്ലാം വിമര്‍ശനം ആവര്‍ത്തിച്ചു.

ചില മുതിര്‍ന്ന നേതാക്കള്‍ക്ക് രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ നേരമില്ല. ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പോലും പാര്‍ട്ടി നിലപാട് പാര്‍ലിമെന്റിലും മറ്റും ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നേതൃത്വം പരാജയപ്പെടുന്നു. അഡ്ജസ്റ്റന്‍മറ് രാഷ്ട്രീയമാണ് ചില നേതാക്കളുടേത്. തനിക്ക് ശേഷം പ്രളയം എന്നും ചില നേതാക്കള്‍ കരുതുന്നു. ഇതിന് ഒരു മാറ്റം അനിവാര്യമാണ്. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വനിതകളെയും പരിഗണിക്കണം. പാര്‍ലിമെന്റി രംഗത്ത് ഇവര്‍ക്കും അവസരം വേണം. നിയമസഭിയലും ലോക്‌സഭയിലുമെല്ലാം വര്‍ഷങ്ങളായി പ്രവര്‍ത്തിച്ച ചില നേതാക്കള്‍ പാര്‍ലിമെന്ററി രംഗത്ത് നിന്ന് സ്വയം മാറിനില്‍ക്കാന്‍ തയ്യാറാകണമെന്നും കൗണ്‍സിലില്‍ ആവശ്യമുയര്‍ന്നതായാണ് വിവരം.

കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് പി കെ കുഞ്ഞാലിക്കുട്ടി എം പി മടങ്ങിയ ശേഷമായിരുന്നു വിമര്‍ശനങ്ങള്‍. യോഗത്തില്‍ യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

എ പി ശമീര്‍