Connect with us

International

കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി സന്ദര്‍ശിച്ചു

Published

|

Last Updated

ഇസ്‌ലാമാബാദ്: ചാര പ്രവര്‍ത്തനം നടത്തിയതായി ആരോപിച്ച് പാക്കിസ്ഥാന്‍ വധശിക്ഷ വിധിച്ച കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി സന്ദര്‍ശിച്ചു. പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഗൗരവ് അഹ്‌ലുവാലിയ പാക് ജയിലിലെത്തിയാണ് കുല്‍ഭൂഷണെ കണ്ടത്. കുല്‍ഭൂഷണ്‍ ജാദവിനെ ഇന്ന് സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധിക്ക് അനുമതി നല്‍കുന്നതായി പാക് വിദേശകാര്യ മന്ത്രാലയത്തിന്റെ ഓഫീസ് ഞായറാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഹ്‌ലുവാലിയ കുല്‍ഭൂഷണെ സന്ദര്‍ശിച്ചത്. ഇതിനു മുന്നോടിയായി പാക് വിദേശകാര്യ മന്ത്രി മുഹമ്മദ് ഫൈസലുമായി അഹ്‌ലുവാലിയ കൂടിക്കാഴ്ച നടത്തിയിരുന്നു.

2016 മാര്‍ച്ച് മൂന്നിനാണ് ചാരപ്രവര്‍ത്തനവും വിധ്വംസക പ്രവര്‍ത്തനവും ആരോപിച്ച് കുല്‍ഭൂഷണെ പാക് സേന ബലൂചിസ്ഥാനില്‍ വച്ച് അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷണ് സൈനിക കോടതി വധശിക്ഷ വിധിച്ചതായി 2017 ഏപ്രിലില്‍ പാക്കിസ്ഥാന്‍ വെളിപ്പെടുത്തുകയും ചെയ്തു. കുല്‍ഭൂഷണിന്റെ മോചനത്തിനായി ഇന്ത്യ നിരന്തരം ബന്ധപ്പെട്ടെങ്കിലും പാക്കിസ്ഥാന്‍ വഴങ്ങാതെ വന്നതോടെ ഇന്ത്യ ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ചിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റ് രണ്ടിന് തടസമില്ലാത്ത രീതിയിലുള്ള നയതന്ത്ര സഹായം കുല്‍ഭൂഷണിന് നല്‍കണമെന്ന് ഇന്ത്യ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന 370ാം വകുപ്പ് റദ്ദാക്കുകയും കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാറിന്റെ നടപടിക്കു ശേഷം ഇന്ത്യ-പാക് സംഘര്‍ഷം മൂര്‍ച്ഛിച്ചതിനിടെയാണ് പാക്കിസ്ഥാന്‍ അനുമതിയുമായി രംഗത്തെത്തിയത്.

Latest