ജമ്മു കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണം: കാന്തപുരം

Posted on: September 2, 2019 6:22 am | Last updated: September 2, 2019 at 12:23 pm
കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ ആസ്ഥാനഭവൻ പ്രഖ്യാപനം നിർവഹിച്ചുകൊണ്ട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ
മുസ്‌ലിയാർ പ്രഭാഷണം നടത്തുന്നു

കോഴിക്കോട്: ജമ്മുകശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ അവസാനിപ്പിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ആവശ്യപ്പെട്ടു.
കോഴിക്കോട് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ആസ്ഥാനഭവൻ പ്രഖ്യാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയുടെ ഭാഗമായ കശ്മീരിൽ മുസ്‌ലിംകളടക്കമുള്ള ജന വിഭാഗങ്ങൾ പീഡിപ്പിക്കപ്പെടുകയാണ്.
സ്ത്രീകൾക്ക് വീടുകളിൽ സമാധാനമായി കിടന്നുറങ്ങാനും ജനങ്ങൾക്ക് ഭയമില്ലാതെ യാത്ര ചെയ്യാനുമുള്ള സാഹചര്യം സർക്കാർ ഒരുക്കണം- കാന്തപുരം ആവശ്യപ്പെട്ടു. ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുർറഹ്‌മാൻ ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു.
മാവൂർറോഡ് ജാഫർ കോളനി റോഡിൽ പുതുതായെടുത്ത പതിനെട്ടര സെന്റ് ഭൂമിയിലാണ് ആസ്ഥാന ഭവൻ ഉയരുന്നത്.
സുന്നി സംഘ കുടുംബത്തിലെ മുഴുവൻ സംഘടനകളുടേയും ജില്ലാ കാര്യാലയങ്ങൾക്കൊപ്പം കൺവെൻഷൻ സെന്റർ, ഖാസി ഹൗസ്, സ്റ്റുഡൻസ് റെസിഡൻഷ്യൽ ഫ്ലാറ്റ്, അഭയകേന്ദ്രം, ഇൻഫർമേഷൻ സെന്റർ, ക്യാബിനറ്റ് ഹാളുകൾ, ഓഡിറ്റോറിയം എന്നിവയും സംവിധാനിക്കുന്നുണ്ട്.