അസ്തമിക്കാത്ത ഇടങ്ങളിൽ സഞ്ചരിക്കുന്ന രാത്രിവണ്ടി

നേരിന്റെയും സങ്കല്പത്തിന്റെയും പല ഇടങ്ങളിൽ സഞ്ചരിക്കുന്ന രചനയാണ്  മധു ആലപ്പടമ്പിന്റെ "രാത്രിവണ്ടി' എന്ന കവിതാ സമാഹാരം.
അതിഥി വായന
Posted on: September 2, 2019 12:59 am | Last updated: September 2, 2019 at 12:59 am

രാത്രി വണ്ടി
മധു ആലപ്പടന്പ്

മലയാള കവിത പരിണാമത്തിന്റെ അനന്ത വഴികളിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പലപ്പോഴും സൂക്ഷ്മ ചരിത്ര സന്ദർഭത്തിലേക്ക്, രാഷ്ട്രീയത്തിന്റെ അനക്കങ്ങളിലേക്ക് ഒരു തുന്നൽക്കാരൻ സൂചിയിൽ നൂലുകോർക്കുന്നത് പോലെ വളരെ ശ്രദ്ധിച്ചും സൂക്ഷിച്ചുമാണ് അത് ഇടപെടലുകൾ സാധ്യമാക്കുന്നത്. ആധുനികത മുന്നോട്ടുവെച്ച ഏകമനുഷ്യ സങ്കല്പങ്ങളിലല്ല ഇന്ന് കവിതയുടെ ഉയിരും കതിരും. “ഒരു മനുഷ്യനിൽ തന്നെയുള്ള പല മനുഷ്യസ്വത്വത്തെ ചരിത്രത്തിലെന്ന പോലെ കവിത വേർതിരിച്ചെടുക്കുന്നു. സ്ത്രീവാദം, പരിസ്ഥിതിവാദം, ട്രാൻസ്‌ജെൻഡർ ധാരകൾ എന്നിങ്ങനെ പല ദാർശനിക മേഖലകളെ മറ്റേതൊരു സാഹിത്യ ശാഖയുമെന്ന പോലെ കാവ്യമേഖലയും ആവിഷ്‌കരിക്കുന്നുണ്ട്. രേഖീയമായ സ്ഥിതിവിശേഷമായി തുടരുന്ന ഒന്നല്ല നവീന കാവ്യബോധം എന്ന് ചുരുക്കം. വിപുല പാതകളിലാണ് അതിന്റെ അസ്തിത്വം. ഇപ്രകാരം തന്റെ കവിതയുടെ സ്വത്വത്തെ പല നിലക്ക് പല മേഖലകളിലേക്ക് സന്നിവേശിപ്പിക്കുകയും അറിഞ്ഞ/ അനുഭവിച്ച പരിസരങ്ങളെ വാക്കിന്റെ മൂശയിൽ മെരുക്കിയെടുക്കുകയും ചെയ്യുന്ന കവിയാണ് മധു ആലപ്പടമ്പ്. അദ്ദേഹത്തിന്റെ “രാത്രിവണ്ടി’ എന്ന സമാഹാരം വർത്തമാന സാമൂഹിക/ രാഷ്ട്രീയാവസ്ഥകളെ വിമർശന വിധേയമാക്കുകയും ഒപ്പം കാലത്തിന്റെ കണ്ണാടിയായി പരിണമിക്കുകയും ചെയ്യുന്നുണ്ട്.

യാന്ത്രിക നഗരജീവിതത്തിന്റെ ജൈവികരഹിതമായ കെട്ട നേരങ്ങളെ നേരിന്റെ പച്ച വാക്കുകൊണ്ട് വെളിപ്പെടുത്തുന്ന കവിതയാണ് “പിഗ്ഫാം’. ചുരുണ്ട വാലിന്റെ അഴകിനെ പറ്റി അഭിമാനം കൊള്ളുകയും തടിച്ച ചർമത്തിൽ പുതച്ചു ജീവിക്കുകയും ചെയ്ത് വളർത്തുപന്നികളായി മാത്രം പരിണമിച്ചു പോയ/പോകുന്ന, സാമൂഹികബോധത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയും അണുസ്പർശം പോലുമേൽക്കാത്ത മേദസാർന്ന അഴുക്കു രൂപങ്ങളേയും ചിന്തകളേയും ഉടച്ചുകളയുകയാണ് പിഗ്ഫാം.

ഒരു ചെരുപ്പിലൂടെ ഇന്നോളമുള്ള സാമൂഹികരാഷ്ട്രീയ സന്ദർഭങ്ങളെ വിചാരം ചെയ്യുകയാണ് “ചെരുപ്പിന്റെ യാത്രകൾ’. പാടത്തും പറമ്പിലും കല്യാണ വീട്ടിലും വില്ലേജാപ്പീസിലും കോടതിയിലുമെല്ലാം സഞ്ചരിക്കുന്ന ചെരുപ്പ് ഒരു പ്രതീകമാണ്. പാരതന്ത്ര്യത്തിന്റെ ദുരിതക്കയങ്ങളിൽ ജീവിക്കുമ്പോഴും സ്വാതന്ത്ര്യത്തിന്റെ മഹാ സങ്കല്പങ്ങളെ നെഞ്ചേറ്റുന്ന ഒരു സമൂഹം കവിതയിൽ കടന്നു വരുന്നു.

“തേഞ്ഞ് തുളവീണതെങ്കിലും
പണ്ട് 47 ൽ വാങ്ങിയ ചെരുപ്പ്
അച്ഛന് ഇപ്പോഴുമുണ്ട്’-
എന്നെഴുതുമ്പോൾ തേഞ്ഞുപോയ സ്വാതന്ത്ര്യത്തിന്റെ പാതയോരങ്ങളെ അത് സാക്ഷ്യപ്പെടുത്തുന്നു. ആഗോള ഗ്രാമങ്ങളുടെ കാലത്ത് എടുത്തണിയേണ്ടി വരുന്ന പുതുപുത്തൻ ചെരുപ്പുകളെ കുറിച്ച് പറഞ്ഞുകൊണ്ടാണ് കവിത അവസാനിക്കുന്നത്. സമകാലിക ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തെ കൂടിയാണ് കവിത വരച്ചിടുന്നത്.
ശ്രേണീകൃത ജാതി വ്യവസ്ഥയുടെ തുടർച്ചയേയും ഇടർച്ചയേയും വെളിവാക്കുകയാണ് “ചണ്ഡാലഭിക്ഷുകി’ എന്ന കവിത. ആശാന്റെ ഭിക്ഷുകിയിൽ നിന്ന് അധികദൂരം പിന്നിലോ/ മുന്നിലോ അല്ല ആലപ്പടമ്പിന്റെ ഭിക്ഷുകി. കിണറ്റിൻ കരയിലിരുന്ന് അവൾ കിനാവു കോരിക്കൊണ്ടിരിക്കുന്നു. പ്രണയത്തിന്റെയും ഭാവിജീവിതത്തിന്റെയും കിനാവെള്ളത്തിൽ “സ്വന്തം ജാതി മറന്ന് ഒരു ഭിക്ഷുവും ദാഹജലത്തിനായി അരികിലെത്തില്ല’ എന്ന സത്യം അവൾ തെളിഞ്ഞു കാണുന്നു. ആധുനികാനന്തര സമൂഹത്തിലും നിലനിൽക്കുന്ന ജാതീയമായ പാർശ്വവത്കരണത്തെ അവതരിപ്പിക്കുമ്പോൾ നവോത്ഥാന മണ്ണ് എന്ന അസ്തിത്വത്തിന് എത്രമേൽ ആഘാതമേൽക്കുന്നുണ്ട് എന്ന സത്യംകൂടി വെളിപ്പെടുന്നു.

സമകാലിക സമൂഹത്തിൽ നിലനിൽക്കുന്ന ഗാന്ധി സ്മരണകളെ നർമം കലർത്തി ഗൗരവമായി അവതരിപ്പിക്കുന്നതാണ് “ഗാന്ധിജി: നാലു ചിത്രങ്ങൾ’. പാഠപുസ്തക തടവറയിൽ നിന്നും സേവന വാരത്തിൽ മാത്രം പരോളിൽ പുഞ്ചിരിക്കുകയും കള്ളത്തരത്തിന്റെ അഞ്ഞൂറിൽ പരിഹാസത്താൽ ചിരിക്കുകയും ചെയ്യുന്ന ഗാന്ധിയുടെ ചിത്രങ്ങൾ “ചിന്തയൊന്ന് പ്രവൃത്തി മറ്റൊന്ന്’ എന്ന നവ അഹിംസാവാദത്തിന് പ്രഹരമേൽപ്പിക്കുന്നു.
പ്രകൃതിക്ക് മേൽ മനുഷ്യൻ നടത്തുന്ന അധീശത്വത്തിന്റെ ദുരന്ത അടയാളങ്ങളെ രേഖപ്പെടുത്താനും ആലപ്പടമ്പ് മറന്നില്ല. “പുഴവഴി’ എന്ന കവിത തന്നെ ഉദാഹരണം.
“ഒഴുക്കുമോളവും അലച്ചിലും നിർത്തി
വഴുക്കുമോർമയിൽ മറവിയായിതാ
പുഴയൊഴുകുന്നു
മണൽത്തരികളിൽ
അരിച്ചുനീങ്ങുന്നൊരുറുമ്പു ജാഥയായ്’-
എന്ന വരി ഇന്നത്തെ പുഴ യാഥാർഥ്യത്തെ വെളിച്ചത്തു കൊണ്ടുവരുന്നു. ഒഴുക്കിൻെറ മധുരസ്മരണകൾ പോലും അസ്തമിച്ച് ഉറുമ്പുജാഥ പോലെ രേഖയായി മാത്രം അവശേഷിക്കുന്ന പുഴവഴികളെ പ്രപഞ്ച ബോധത്തിന്റെ കല്പടവിലിരുന്ന് കവി കാണിച്ചുതരുന്നു. ഇതേ ഗണത്തിൽ പെടുന്ന കവിതയാണ് “ഇടശ്ശേരി രണ്ട് പാസ്‌പോർട്‌സൈസ് ഫോട്ടോകൾ’. ഇടിയുന്ന കുന്നുകളും പുഴയാകുന്ന മണൽക്കാടുകളും കണ്ട് ഇടനാട്ടിലൂടെ ഒരു പൂതമായിട്ടലയുകയാകാം ഇടശ്ശേരി എന്ന് കവി സങ്കല്പിക്കുന്നു. ഇടശ്ശേരിക്കാലത്തിൽ നിന്ന് ഇക്കാലത്തേക്കുള്ള ദൂരത്തിനിടയിൽ പ്രകൃതിക്കുമേൽ നടന്ന കടന്നുകയറ്റങ്ങളെക്കൂടി വരികൾ ആന്തരികമായി സൂചിപ്പിക്കുന്നു.

സ്ത്രീജീവിതത്തിന്റെ നിരാലംബതയേയും നിരാശ്രയത്വത്തെയും വരച്ചിടുന്ന കവിതകളും ഈ സമാഹാരത്തിൽ ഏറെയുണ്ട്. വീട്ടിനുള്ളിൽ/ അടുക്കളയിൽ വിറകിന് സമാനമായി ജീവിക്കേണ്ടി വരുന്ന, വിസർജ്യങ്ങൾ കോരുവാനും പൂതി തീർക്കുവാനും പെറ്റുകൂട്ടാനും വേണ്ടി അനുസരിച്ചു ജീവിക്കേണ്ടി വരുന്ന അസ്വസ്ഥജീവിതത്തിന്റെ നിശ്ശബ്ദ നിലവിളികളെ കവി കണ്ടെത്തുന്നു. “അടുക്കളയിൽ നിന്ന് അരങ്ങത്തേക്കെ’ത്തിയിട്ടും എങ്ങും എത്തിപ്പെടാനാവാതെ പോകുന്ന സ്ത്രീ ജീവിതങ്ങളെയാണ് “വിറക്’ എന്ന കവിത ദൃശ്യമാക്കുന്നത്.

ദാർശനികതയുടെ നിലാവെളിച്ചങ്ങളുള്ള കവിതകളും “രാത്രിവണ്ടി’യിലുണ്ട്. “ഫേൺഹില്ലിലെ സന്ധ്യ’ എന്ന കവിത തന്നെ ഉദാഹരണം. യോഗിയെ പോലെ മൗനിയായ് വന്നുനിൽക്കുന്ന ആകാശവും സ്‌നേഹത്താൽ പാട്ടുപാടുന്ന കാറ്റാടി മരങ്ങളുമെല്ലാം അഭൗമമായ ആനന്ദത്തിന്റെ പൊരുളിനെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിൽ നേരിന്റെയും സങ്കല്പത്തിന്റെയും പല ഇടങ്ങളിൽ സഞ്ചരിക്കുന്ന പുസ്തകമാണ്/ രചനയാണ് “രാത്രിവണ്ടി’. പ്ലാവില ബുക്‌സ് ആണ് പ്രസാധകർ. വില: 85 രൂപ.
.

ഡോ. ബിനീഷ് പുതുപ്പണം
[email protected]