രാജ്യത്തെ ജനങ്ങളെ മുഖ്യധാരയിൽ നിലനിർത്തണം: കാന്തപുരം

Posted on: September 1, 2019 6:32 pm | Last updated: September 2, 2019 at 11:33 am
കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി നടത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി എടക്കരയിൽ നിർമിച്ചുനൽകുന്ന വീടുകളുടെ ലോഞ്ചിംഗ് നിർവഹിച്ച് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സംസാരിക്കുന്നു

എടക്കര: പ്രകൃതി ദുരന്തങ്ങളിലും മറ്റു നിയമക്കുരുക്കിലുമകപ്പെട്ട രാജ്യത്തെ ജനങ്ങളെ നിന്ദിതരും പീഡിതരുമാക്കി ആട്ടിയകറ്റാതെ, മുഖ്യധാരയിൽ ചേർത്ത് നിർത്തുകയാണ് പൊതുസമൂഹവും ഭരണാധികാരികളും ചെയ്യേണ്ടതെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ്കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. എടക്കരയിൽ മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടനത്തുന്ന പുനരധിവാസ പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടന നിർമിച്ച് നൽകുന്ന വീടുകളുടെ ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന്റെ മുഖ്യധാരയിൽ പാർശ്വവത്കരിക്കപ്പെട്ടവരെയും ചേർത്ത് നിർത്തുകയെന്ന ദൗത്യനിർവഹണത്തിന്റെ ഭാഗമായാണ് മുസ്‌ലിം ജമാഅത്ത് സഹായവിതരണം നടത്തുന്നത്. പുനരധിവാസ പ്രവർത്തനങ്ങൾക്കായി മർകസ് ഉൾപ്പെടെയുള്ള സുന്നി സ്ഥാപനങ്ങളും ജീവനക്കാരും അധ്യാപകരും വിദ്യാർഥികളും മുന്നോട്ട് വന്നിട്ടുണ്ട്. രാജ്യത്തെ മുഴുവൻ ഉന്നത ഉദ്യോഗസ്ഥ പ്രമുഖരും ന്യായാധിപരും വൻകിട ബിസിനസ് പ്രമുഖരും പാവങ്ങളുടെ കണ്ണീരൊപ്പാൻ മുന്നിട്ടിറങ്ങണം.
എല്ലാം നഷ്ടപ്പെട്ട് ഉപജിവന മാർഗം പോലും ഇല്ലാതായ ചെറുകിട കച്ചവടക്കാരെ സഹായിക്കാനായി “മഈശ’ പദ്ധതിയും എസ് വൈ എസ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടപ്പാക്കും. ദുരിതത്തിലും നിയമക്കുരുക്കിലും അകപ്പെട്ടവർക്ക് സാന്ത്വനമേകാനും നിയമ സഹായം നൽകാനും അടിസ്ഥാനാവശ്യങ്ങൾ പൂർത്തീകരിക്കാനും ഒറ്റക്കെട്ടായി നില നിൽക്കണം. പ്രളയ നാളുകളിൽ കേരളീയ ജനത ഉയർത്തിപ്പിടിച്ച മാനവീക ഐക്യം ഏവർക്കും മാതൃകയാണ്. ഇത് നിലനിർത്താൻ സുന്നി സമൂഹം പ്രതിജ്ഞാബദ്ധമാണെന്നും കാന്തപുരം കൂട്ടിച്ചേർത്തു.

പ്രളയ, ഉരുൾപൊട്ടൽ ദുരിതബാധിതരായ 441 കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകി. വിതരണോദ്ഘാടനം പി വി അബ്ദുൽ വഹാബ് എം പി, പി വി അൻവർ എൽ എ, ഡി സി സി പ്രസിഡന്റ് വി വി പ്രകാശ്, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹാ തങ്ങൾ, സെക്രട്ടറി മജീദ് കക്കാട് എന്നിവർ ചേർന്ന് നിർവഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂർ അബ്ദുർറഹ്‍മാൻ ഫൈസി അധ്യക്ഷത വഹിച്ചു. ദുരിത പ്രദേശങ്ങളിൽ മികച്ച സേവനം നടത്തിയ മുഹമ്മദ് ബശീർ കളത്തിപ്പറമ്പിലിനെ കാന്തപുരം അനുമോദിച്ചു. സി പി സൈതലവി ചെങ്ങര, കൂറ്റമ്പാറ അബ്ദുർറഹ്‍മാൻ ദാരിമി, പി എം മുസ്തഫ കോഡൂർ, കെ പി മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി എസ് ഫൈസി വഴിക്കടവ്, അലവിക്കുട്ടി ഫൈസി എടക്കര, കെ പി ജമാൽ കരുളായി, എം അബ്ദുർറഹ്‍മാൻ, കെ ടി അബ്ദുർറഹ്‌മാൻ, ബശീർ ചെല്ലക്കൊടി സംബന്ധിച്ചു.