Connect with us

Palakkad

പാലക്കാട് ജില്ല സാഹിത്യോത്സവ്‌; ഒറ്റപ്പാലം ജേതാക്കള്‍

Published

|

Last Updated

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവില്‍ ജേതാക്കളായ ഒറ്റപ്പാലം ഡിവിഷന്‍ ട്രോഫി സ്വീകരിക്കുന്നു

പട്ടാമ്പി: പാടിയും പറഞ്ഞും വരച്ചും രചിച്ചും നെല്ലറയുടെ കലാ കൗമാരങ്ങള്‍ ഒരുക്കിയ സര്‍ഗാത്മക മുന്നേറ്റങ്ങളുടെ ഉത്സവത്തിന് വിരാമം. രണ്ട് ദിനങ്ങളിലായി കരിമ്പുള്ളി കബീര്‍ സഖാഫി നഗറില്‍ നടന്ന എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവിന് വര്‍ണാഭമായ പരിസമാപ്തി. ജില്ലയിലെ 12 ഡിവിഷനുകളിൽ നിന്ന് മികവ് തെളിയിച്ച് അരയും തലയും മുറുക്കിയ ആയിരത്തി അഞ്ഞൂറോളം പ്രതിഭകള്‍ പത്ത് വേദികളിലായി മത്സരിച്ച സാഹിത്യോത്സവിൽ 503 പോയിന്റുകള്‍ നേടി ഒറ്റപ്പാലം ഡിവിഷന്‍ ഒന്നാം സ്ഥാനം നേടി. മണ്ണാര്‍ക്കാട് രണ്ടും അലനല്ലൂര്‍ മൂന്നും സ്ഥാനങ്ങള്‍ നേടി. അലനല്ലൂര്‍ ഡിവിഷനിൽ നിന്നുള്ള ഫര്‍ഹാൻകലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു.

എസ് എസ് എഫ് ജില്ലാ സാഹിത്യോത്സവ് സമാപന സംഗമം സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്യുന്നു

ശനിയാഴ്ച വൈകിട്ട് വി കെ ശ്രീകണ്ഠന്‍ എം പി ഉദ്ഘാടനം ചെയ്ത സാഹിത്യോത്സവില്‍ നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഒഴുകിയെത്തിയ നൂറുകണക്കിന് കലാസ്വാദകര്‍ക്ക് മത്സരങ്ങള്‍ വീക്ഷിക്കുവാന്‍ വിപുലമായ സൗകര്യങ്ങളാണ് സംഘാടക സമിതി ഒരുക്കിയിരുന്നത്.

സാഹിത്യോത്സവ് സമാപന സംഗമം ഉസ്മാന്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മാരായമംഗലം അബ്ദുർറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ട്രോഫികള്‍ വിതരണം ചെയ്തു. ഇ വി അബ്ദുറഹ്മാന്‍ ഹാജി, യു എ മുബാറക് സഖാഫി പാലക്കാട്,സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, ഹാഫിസ് ഉസ്മാന്‍ വിളയൂർ, സുലൈമാന്‍ ചുണ്ടമ്പറ്റ സംസാരിച്ചു. അടുത്ത വര്‍ഷത്തെ സാഹിത്യോത്സവിന് ആതിഥേയത്വം വഹിക്കുന്ന കൊല്ലങ്കോട് ഡിവിഷന്‍ ഭാരവാഹികൾ പതാക ഏറ്റുവാങ്ങി.

കൂടുതല്‍ സാഹിത്യോത്സവ് വാര്‍ത്തകള്‍ക്ക്‌: https://www.sirajlive.com/sahithyotsav19

Latest