ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തുന്നു

Posted on: August 31, 2019 12:13 am | Last updated: August 31, 2019 at 11:07 am

തിരുവനന്തപുരം: സസ്‌പെന്‍ഷനിലുളള ഡി ജി പി ജേക്കബ് തോമസ് സര്‍വീസില്‍ തിരിച്ചെത്തിയേക്കും. സര്‍വീസില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ജേക്കബ് തോമസ് നല്‍കിയ കത്തും കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവും അടങ്ങിയ ഫയല്‍ ആഭ്യന്തര സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കൈമാറി. ഇനി ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ തീരുമാനമാകും നിര്‍ണായകമാവുക.

രണ്ട് വര്‍ഷത്തോളമായി സസ്‌പെന്‍ഷനിലുളള ഡി ജി പി. ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ കൊച്ചിയിലെ സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ജൂലൈ മാസം അവസാനം ഉത്തരവിട്ടിരുന്നു. ഉത്തരവ് നടപ്പാക്കാന്‍ വൈകുന്നുവെന്നു ചൂണ്ടിക്കാട്ടി ജേക്കബ് തോമസ് വീണ്ടും ട്രൈബ്യൂണലിനെ സമീപിച്ചതിന് പിന്നാലെയാണ് ആഭ്യന്തര വകുപ്പിന്റെ നടപടി. ജേക്കബ് തോമസിനെതിരായ അഴിമതിക്കേസില്‍ വിജിലന്‍സ് അന്വേഷണം തുടരുന്ന കാര്യവും ആഭ്യന്തര സെക്രട്ടറി ഫയലില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമ്പോള്‍ പാലിക്കേണ്ട സുപ്രീം കോടതി നിര്‍ദേശം സര്‍ക്കാര്‍ കാറ്റില്‍ പറത്തിയെന്ന് ട്രൈബ്യൂണല്‍ ഉത്തരവിലുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ സാധ്യതയില്ലെന്നാണ് അറിയുന്നത്. പ്രത്യേക ശിപാര്‍ശയില്ലാതെ ചീഫ് സെക്രട്ടറി ഫയല്‍ സര്‍ക്കാറിന് കൈമാറാനാണ് സാധ്യത. അന്തിമ തീരുമാനം മുഖ്യമന്ത്രിയെടുക്കും.

ഓഖിയടക്കമുള്ള വിഷയങ്ങളില്‍ സര്‍ക്കാറിനെ നിരന്തരം പ്രതിരോധത്തിലാക്കിയ ജേക്കബ് തോമസിന് നിയമനം നല്‍കിയാല്‍ തന്നെ സുപ്രധാന തസ്തികയിലാകാന്‍ സാധ്യതയില്ല. അര്‍ഹമായ നിയമനം ലഭിച്ചാല്‍ തിരിച്ചെത്തുന്നത് പരിഗണിക്കുമെന്ന സൂചന നല്‍കുന്നതായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം. നിലവില്‍ ഡി ജി പി റാങ്കിലുളള രണ്ട് കേഡര്‍ തസ്തികകളും രണ്ട് എക്‌സ് കേഡര്‍ തസ്തികകളുമാണ് സംസ്ഥാനത്തുള്ളത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന് പകരം എ ഡി ജി പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ തുടരുന്നതൊഴിച്ചാല്‍ മറ്റ് മൂന്ന് തസ്തികകളില്‍ നിലവില്‍ ഒഴിവില്ല.