Kerala
ശ്രീറാമിനെതിരെ പുതിയ ആരോപണം; സ്‌കില്‍സ് എക്‌സലന്‍സില്‍ അനധികൃത നിയമനം, രേഖകള്‍ പുറത്ത്

തിരുവനന്തപുരം: ദേവികുളം സബ് കലക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്റെ കൃത്യവിലോപത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ ഐ എ എസ് ഉദ്യോഗസ്ഥനെതിരെ മറ്റൊരു ഗുരുതര ആരോപണമുയരുന്നു. ചട്ടങ്ങള്‍ അട്ടിമറിച്ച് അനധികൃത നിയമനം നടത്തിയെന്ന ആരോപണമാണ് ശ്രീറാമിനെതിരെ ഉയരുന്നത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ മാനേജിംഗ് ഡയറക്ടറായിരിക്കെ ശ്രീറാം വെങ്കിട്ടരാമന്‍ അനധികൃത നിയമനം നടത്തിയെന്നാണ് ആരോപണം. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ തസ്തികയിലേക്ക് സര്‍ക്കാര്‍ നിശ്ചയിച്ചതിനേക്കാള്‍ ഇരട്ടി ശമ്പളത്തില്‍ നിയമനം നടത്തിയെന്നതിന് രേഖകളടക്കം സ്വകാര്യ ചാനല്‍ പുറത്തുവിട്ടു. അനധികൃത നിയമനത്തിന് പുറമേ ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ പേഴ്‌സണല്‍ അസിസ്റ്റന്റിന് 13,000 രൂപ ശമ്പളം വര്‍ധിപ്പിച്ച് നല്‍കിയെന്നതിന്റെ രേഖകളാണ് ചാനല്‍ പുറത്തുവിട്ടത്.
പ്രകടനം വിലയിരുത്തിയാകണം ശമ്പള വര്‍ധനയെന്ന ചട്ടം നിലനില്‍ക്കെയാണ് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ തന്റെ പേഴ്‌സണല്‍ അസിസ്റ്റന്റിന് 13,000 രൂപ ശമ്പളം വര്‍ധിപ്പിച്ചത്. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം പ്രതിമാസം എഴുപതിനായിരം രൂപയാണ്. എന്നാല്‍ പുതിയതായി 2018 ഫെബ്രുവരിയില്‍ നിയമിച്ച ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്ക് ശ്രീറാം വെങ്കിട്ടരാമന്‍ ശമ്പളമായി നല്‍കിയത് 1,30,000 രൂപയായിരുന്നു.
സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളത്തിന്റെ ഇരട്ടിയോളമാണിത്.
മന്ത്രിസഭാ യോഗത്തിനയച്ച സി 3/254/2018 എന്ന തൊഴില്‍ വകുപ്പിന്റെ ഫയലിലാണ് കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം എഴുപതിനായിരം രൂപയാണെന്ന് വ്യക്തമാക്കുന്നത്. അതുമാത്രമല്ല സി ഇ ഒക്ക് നിയമന പരസ്യത്തിന് വിരുദ്ധമായി കാറും മൊബൈല്‍ ഫോണും അനുവദിച്ചു. സ്വന്തം പി എ ആയിരുന്ന ജിജിമോന് ഡയറക്ടര്‍ ബോര്‍ഡ് അറിയാതെ 13,000 രൂപ ശമ്പള വര്‍ധന നല്‍കിയത് ശ്രീറാം ഏകപക്ഷീയമായി ചെയ്തതാണെന്ന് ഡയറക്ടര്‍ ബോര്‍ഡിന്റെ മിനുട്ട്‌സ് വ്യക്തമാക്കുന്നു. ശമ്പള വര്‍ധന വരുത്താന്‍ തീരുമാനിച്ചതിന് ശേഷം അംഗീകാരം നല്‍കാനായി ഇത് ഡയറക്ടര്‍ ബോര്‍ഡില്‍ അവതരിപ്പിക്കുകയായിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ മറികടന്നുള്ള ശമ്പള വര്‍ധന് അംഗീകരിക്കാന്‍ ബോര്‍ഡ് തയാറായില്ല. എന്നാല്‍ എം ഡിയുടെ സമ്മര്‍ദ ഫലമായി സ്‌പെഷ്യല്‍ അലവന്‍സായി ഇത് അംഗീകരിച്ചതായാണ് രേഖകളില്‍ കാണുന്നത്.
സര്‍വീസിലെ പ്രകടനം വിലയിരുത്തി ഡയറക്ടര്‍ ബോര്‍ഡാകണം ശമ്പളം വര്‍ധിപ്പിക്കേണ്ടതെന്ന ചട്ടം നിലനില്‍ക്കെ ഇതു മറികടന്നായിരുന്നു എം ഡിയായ ശ്രീറാം വെങ്കിട്ടരാമന്റെ തീരുമാനം. സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീറിനെ മദ്യലഹരിയില്‍ കാറിടിച്ചു കൊലപ്പെടുത്തി എന്ന കേസില്‍ പ്രതിരോധത്തിലായിരിക്കുമ്പോഴാണ് ശ്രീറാമിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടാകുന്നത്.