National
പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിക്കാനുള്ള നീക്കം; ബേങ്ക് യൂണിയന്‍ ഐക്യവേദി പ്രക്ഷോഭത്തിന്, ശനിയാഴ്ച കരിദിനം

ന്യൂഡല്‍ഹി: പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെിനെതിരെ ശനിയാഴ്ച രാജ്യവ്യാപക പ്രക്ഷോഭം സംഘടിപ്പിക്കാന്‍ ബേങ്ക് യൂണിയനുകളുടെ ഐക്യവേദി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും കരിദിനമാചരിക്കുകയും ചെയ്യും. എല്ലാ ബേങ്കുകളിലെയും ജീവനക്കാരും ഓഫീസര്‍മാരും കറുത്ത ബാഡ്ജ് ധരിച്ച് ജോലി ചെയ്യും.
സാമ്പത്തിക പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പൊതുമേഖലാ ബേങ്കുകള്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. കടബാധ്യതയിലുള്ള പൊതുമേഖലാ ബേങ്കുകളെ ലാഭകരമായ പൊതുമേഖലാ ബേങ്കുകളുമായി ലയിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതി. പത്ത് പ്രധാന പൊതു മേഖലാ ബേങ്കുകളെ നാലെണ്ണമാക്കിയാണ് ലയിപ്പിക്കുന്നത്.
പഞ്ചാബ് നാഷണല്‍ ബേങ്കും ഓറിയന്റല്‍ ബേങ്കും യുനൈറ്റഡ് ബേങ്കും തമ്മില്‍ ലയിപ്പിക്കും. ഇതോടെ രാജ്യത്തെ രണ്ടാമത്തെ വലിയ ബേങ്കായി ഇത് മാറും. കനറാ ബേങ്ക്-സിന്‍ഡിക്കേറ്റ് ബേങ്ക് ലയനമാണ് മറ്റൊന്ന്. ലയനത്തോടെ ഇത് നാലാമത്തെ വലിയ ബേങ്കാകും. യൂണിയന്‍ ബേങ്ക്, കോര്‍പറേഷന്‍ ബേങ്ക്, ആന്ധ്രാ ബേങ്ക് എന്നിവ തമ്മിലും ലയിപ്പിക്കും. ഇത് അഞ്ചാമത്തെ വലിയ ബേങ്കാകും. ഇന്ത്യന്‍ ബേങ്കും അലഹബാദ് ബേങ്കും തമ്മില്‍ ലയിപ്പിക്കുക വഴി ഏഴാമത്തെ വലിയ ബേങ്കാകും ഇതെന്നും ധനമന്ത്രി വ്യക്തമാക്കി. ലയനം നടപ്പിലായാല്‍ രാജ്യത്ത് പൊതുമേഖലയിലെ ബേങ്കുകള്‍ 27ല്‍ നിന്ന് 12 ആയി ചുരുങ്ങും.