Business
ബേങ്കിംഗ് മേഖലയില്‍ വന്‍ പരിഷ്‌കരണം; പൊതുമേഖലാ ബേങ്കുകളെ തമ്മില്‍ ലയിപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തെ ബേങ്കിംഗ് മേഖലയില്‍ സമഗ്ര മാറ്റം പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍. പ്രമുഖ പൊതുമേഖലാ ബേങ്കുകളെ ലയിപ്പിച്ച് പൊതുമേഖലാ ബേങ്കുകളുടെ എണ്ണം 12 ആയി കുറയ്ക്കുമെന്ന് ധനമന്ത്രി ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ 27 പൊതുമേഖലാ ബേങ്കുകളാണ് രാജ്യത്തുള്ളത്.
പഞ്ചാബ് നാഷണല്‍ ബേങ്ക്, ഓറിയന്റല്‍ ബേങ്ക് ഓഫ് കൊമേഴ്‌സ്, യുണൈറ്റഡ് ബേങ്ക് എന്നിവ ലയിച്ച് ഒരു ബേങ്കാകും. 17.95 ലക്ഷം കോടി രൂപയാകും ഇതിന്റെ മൂല്യം. ഇതോടെ ഈ മൂന്ന് ബേങ്കുകളും ചേരുന്ന ബേങ്ക് രാജ്യത്തെ രണ്ടാമത്തെ വലിയ ബേങ്ക് ആകുമെന്നും ധനമന്ത്രി പറഞ്ഞു.
മറ്റ് മൂന്ന് പൊതുമേഖലാ ബേങ്ക് സംയോജന പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു. കാനറ ബേങ്കും സിന്‍ഡിക്കേറ്റ് ബേങ്കും തമ്മില്‍ സംയോജിപ്പിക്കും. യൂണിയന്‍ ബേങ്ക് ഓഫ് ഇന്ത്യ, ആന്ധ്ര ബേങ്ക്, കോര്‍പ്പറേഷന്‍ ബേങ്ക് എന്നിവയും ലയിപ്പിക്കും. അലഹബാദ് ബേങ്ക്, ഇന്ത്യന്‍ ബേങ്ക് എന്നിവയും ഒന്നാകും.
പ്രതിസന്ധി മറികടക്കാൻ കൂടുതൽ ഉത്തേജന പദ്ധതികൾ
രാജ്യം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ അതിനെ മറികടക്കാനുള്ള സാമ്പത്തിക ഉത്തേജന പദ്ധതികളുടെ ഭാഗമായാണ് ബേങ്കുകളുടെ ലയനം. വായ്പാ നടപടികൾ ഉദാരമാക്കി സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി നിരവധി പരിഷ്കരണ പദ്ധതികളും ധനമന്ത്രി പ്രഖ്യാപിച്ചു.
അഞ്ച് ട്രില്യൻ സാമ്പത്തിക വളർച്ച ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. ഇതിൻെറ ഭാഗമായി ബേങ്കിംഗ് മേഖലയെ ശക്തിപ്പെടുത്തും. പൊതുമേഖലാ ബേങ്കുകളിൽ നിന്ന് 59 മിനുട്ടിനുള്ളിൽ വായ്പ ലഭ്യമാക്കുമെന്ന് ധനമന്ത്രി പറഞ്ഞു. വായ്പാ ലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കു. 250 കോടിക്ക് മുകളിലുള്ള വായ്പകൾ നീരീക്ഷിക്കും. വായ്പാ തട്ടിപ്പുകൾക്ക് എതിരെ കർശന നടപടി ഉണ്ടാകും. പുതുതലമുറ ബബേങ്കുകൾക്ക് പ്രോത്സാഹനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി.
ഭവന നിർമാണ വായ്പകളുടെ പലിശനിരക്ക് കുറക്കുമെന്നും മന്ത്രി പറഞ്ഞു.