പി സി സി പ്രസിഡന്റാക്കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ; ബി ജെ പിയുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ട്

Posted on: August 30, 2019 12:21 pm | Last updated: August 30, 2019 at 9:29 pm

ഭോപ്പാല്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി മുഖ്യമന്ത്രി കമല്‍നാഥും പ്രമുഖ നേതാവ് ജോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള തര്‍ക്കം തുറന്ന പോരിലേക്ക്. പി സി സി അധ്യക്ഷ സ്ഥാനം നല്‍കിയില്ലെങ്കില്‍ പാര്‍ട്ടി വിടുമെന്ന് ജോതിരാദിത്യ സിന്ധ്യ ഹൈക്കമാന്‍ഡിന് അന്ത്യശാസനം നല്‍കിയതായാണ് വിവരം.

സിന്ധ്യ ബി ജെ പി വൃത്തങ്ങളുമായി ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. അതേസമയം പി സി സി അധ്യക്ഷ പദവി ഒഴിയാമെന്ന് കമല്‍നാഥ് അറിയിച്ചിട്ടുണ്ട്. സോണിയാ ഗാന്ധിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് കമല്‍നാഥ് അഭിപ്രായ പ്രകടനം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആയത് കൊണ്ട് തന്നോട് ആറ് മാസത്തേക്ക് തുടരാന്‍ ആവശ്യപ്പെട്ടതായിരുന്നുവെന്നും സിന്ധ്യക്ക് അതൃപ്തിയുണ്ടെന്ന് തോന്നുന്നില്ലെന്നും കമല്‍നാഥ് മാധ്യമങ്ങളോട് പറഞ്ഞു.

എന്നാല്‍ പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹത്തിന് വേറെ നോമിനിയുണ്ടെന്നാണ് അറിയുന്നത്. കൂടാതെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിംഗും പി സി സി അധ്യക്ഷ സ്ഥാനത്തേക്ക് സ്വന്തം അനുഭാവിയെ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. അതിനിടെ സ്വയം മുഖ്യമന്ത്രിയാകാനല്ല ജോതിരാദിത്യ സിന്ധ്യ ആവശ്യം ഉന്നയിച്ചതെന്നും അദ്ദേഹവും മറ്റൊരു പേര് ഉയര്‍ത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തില്‍ മധ്യപ്രദേശിലെ പുതിയ അധികാര തര്‍ക്കം കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കാര്യം ഉറപ്പാണ്. ജോതിരാദിത്യ സിന്ധ്യക്ക് എതിരായ നിലപാട് ദേശീയ നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായാല്‍ അത് സര്‍ക്കാറിന്റെ പതനത്തിലേക്കും പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കും കാര്യങ്ങള്‍ എത്തിച്ചേക്കാം. നിരവധി എം എല്‍ എമാരും സംസ്ഥാന നേതാക്കളും സി്ന്ധ്യക്ക് പിന്നിലുണ്ടെന്നാണ് വിവരം.