International
ബില്‍ അടച്ചില്ല; പാക് പ്രധാനമന്ത്രിയുടെ ഫ്യൂസ് ഊരാനൊരുങ്ങി വൈദ്യുതി കമ്പനി

ഇസ്ലാമാബാദ്: വൈദ്യുതി ബില്‍ അടക്കാത്തതിനെ തുടര്‍ന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഇസ്ലാമാബാദിലെ ഓഫീസിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാനൊരുങ്ങി വൈദ്യുതി വിതരണ കമ്പനി. ബില്ലുകള്‍ ക്ലിയര്‍ ചെയ്തില്ലെങ്കില്‍ വൈദ്യുതി വിതരണം നിര്‍ത്തിവയ്ക്കുമെന്ന് കാണിച്ച് ഇസ്ലാമാബാദ് ഇലക്ട്രിക് സപ്ലൈ കമ്പനി ഇമ്രാന്‍ ഖാന്റെ ഓഫീസിന് നോട്ടീസ് നല്‍കി. രണ്ട് മാസത്തെ വൈദ്യുതി കുടിശ്ശികയായി 41 ലക്ഷം രൂപയാണ് അടക്കുവാനുള്ളത്.
പല വട്ടം മുന്നറിയിപ്പ് നല്‍കിയിട്ടും പ്രധാനമന്ത്രിയുടെ ഓഫീസ് ബില്ല് അടക്കാന്‍ തയ്യാറായില്ലെന്ന് കമ്പനി പറയുന്നു. നിയമപ്രകാരം, തുടര്‍ച്ചയായി രണ്ട് മാസം ബില്‍ അടച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കി കമ്പനിക്ക് വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ കഴിയും. ബില്ലുകള്‍ അടയ്ക്കാത്തതിനാല്‍ സ്വകാര്യ വൈദ്യുതി ഉത്പാദകര്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്നില്ലെന്ന് കമ്പനി ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷങ്ങളിലെ ഏറ്റവും മോശം സാഹചര്യങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം പാകിസ്ഥാനിലെ വൈദ്യുതി വിതരണം മെച്ചപ്പെട്ടുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉല്‍പാദനക്ഷമത കുറയാനുള്ള ഒരു കാരണം സര്‍ക്കാര്‍ വകുപ്പുകളുടെ അടയ്ക്കാത്ത ബില്ലുകളാണെന്നാണ് അധികൃതര്‍ പറയുന്നത്. കണക്കനുസരിച്ച് 22,000 – 24,000 മെഗാവാട്ട് വൈദ്യുതി പാകിസ്ഥാനില്‍ ആവശ്യമാണ്. ഈ ആവശ്യം ഓരോ വര്‍ഷവും അഞ്ച് ശതമാനം വരെ വര്‍ദ്ധിക്കുന്നുണ്ട്.
2013 ല്‍ 5,000 മെഗാവാട്ട് ആയിരുന്ന ഡിമാന്‍ഡും വിതരണവും തമ്മിലുള്ള വ്യത്യാസം 2018 ല്‍ 6,000 മെഗാവാട്ട് വരെ എത്തി. മെച്ചപ്പെട്ട മാനേജ്‌മെന്റ് കാരണം വൈദ്യുതി ഉല്‍പാദനം മെച്ചപ്പെട്ടുവെന്ന് ജൂണ്‍ മാസത്തില്‍ വൈദ്യുതി മന്ത്രി ഒമര്‍ അയ്യൂബ് പറഞ്ഞിരുന്നു. ഊര്‍ജ്ജ ഉല്‍പാദനത്തിലും വിതരണ മേഖലയിലും 80 ബില്യണ്‍ ഡോളര്‍ നിക്ഷേപ അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ദുര്‍ബലവും അസന്തുലിതവുമായ വളര്‍ച്ചനിരക്ക് കാരണം പാക്കിസ്ഥാന്‍ വന്‍ സാമ്പത്തിക വെല്ലുവിളി നേരിടുന്നുണ്ടെന്നും സമ്പദ്‌വ്യവസ്ഥ നിര്‍ണായകവും ധീരവുമായ പരിഷ്‌കാരങ്ങള്‍ ആവശ്യമുള്ള നിര്‍ണായക ഘട്ടത്തിലാണെന്ന് അന്താരാഷ്ട്ര നാണയ നിധി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞ മാസം പാക്കിസ്ഥാന് 6 ബില്യണ്‍ ഡോളര്‍ രക്ഷാപ്രവര്‍ത്തന പാക്കേജ് ഐഎംഎഫ് പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഈ സാമ്പത്തിക വര്‍ഷത്തില്‍ സൗഹൃദ രാജ്യങ്ങളായ ചൈന, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളില്‍ നിന്നും പാകിസ്ഥാന് കോടിക്കണക്കിന് രൂപയുടെ ധനസഹായ പാക്കേജുകള്‍ ലഭിച്ചിരുന്നു.
2018-19 സാമ്പത്തിക സർവേ പ്രകാരം, 2018-19 സാമ്പത്തിക വർഷത്തിൽ പാക്കിസ്ഥാന്റെ സമ്പദ്‌വ്യവസ്ഥ ശരാശരി 3.29 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ വർഷത്തെ ബജറ്റിൽ പ്രതിക്ഷിച്ചിരുന്ന വളർച്ചാനിരക്ക് 6.2 ശതമാനമായിരുന്നു.