Gulf
യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉടന്‍ ചുമതലയേല്‍ക്കും

അബുദാബി: യു എ ഇയിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ ഉടന്‍ ചുമതലയേല്‍ക്കും. ഇസ്‌റാഈലിലെ ഇന്ത്യന്‍ സ്ഥാനപതി സ്ഥാനത്ത് നിന്നാണ് പവന്‍ കപൂര്‍ യു എ ഇ സ്ഥാനപതിയായി വരുന്നത്. 1966 ഡിസംബര്‍ 24നാണ് പവന്‍ കപൂര്‍ ജനിച്ചത്.
ഇന്ത്യയിലെ അഹമ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് എം ബി എയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ഇന്റര്‍നാഷണല്‍ പൊളിറ്റിക്കല്‍ ഇക്കണോമിയില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1990 ല്‍ ഇന്ത്യന്‍ വിദേശസേവനത്തില്‍ ചേര്‍ന്നു. രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നയതന്ത്ര ജീവിതത്തില്‍ മോസ്‌കോ, കൈവ്, ലണ്ടന്‍, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ മിഷനുകളില്‍ വിദേശകാര്യ മന്ത്രാലയത്തില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹിയിലെ പ്രധാനമന്ത്രിയുടെ ഓഫീസും. ലണ്ടനിലെ കോമണ്‍വെല്‍ത്ത് സെക്രട്ടേറിയറ്റിനൊപ്പം ഏഷ്യയുടെയും യൂറോപ്പിന്റെയും രാഷ്ട്രീയ ഉപദേഷ്ടാവായി അദ്ദേഹം അന്താരാഷ്ട്ര സിവില്‍ സര്‍വീസായും സേവനമനുഷ്ഠിച്ചു. 2010 ജൂലൈ മുതല്‍ 2013 ഡിസംബര്‍ വരെ കപൂര്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. ആദ്യം സാര്‍ക്ക് ഡിവിഷന്റെയും പിന്നീട് ഐക്യരാഷ്ട്ര രാഷ്ട്രീയ വിഭാഗത്തിന്റെയും തലവനായിരുന്നു. 2014 ജനുവരി മുതല്‍ 2016 ഫെബ്രുവരി വരെ മൊസാംബിക്ക്, സ്വാസിലാന്‍ഡ് രാജ്യങ്ങളിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായിരുന്നു. കപൂര്‍ 2016 മാര്‍ച്ച് ഒമ്പത് മുതല്‍ ഇസ്‌റാഈല്‍ അംബാസഡറായി പ്രവര്‍ത്തിച്ച് വരുകയായിരുന്നു. ഭാര്യ ആരാധന ശര്‍മ.