International
ഭരണഘടന തിരുത്തി; ഇനി കിം ജോങ് ഉന്‍ ഉത്തര കൊറിയയുടെ ഔദ്യോഗിക രാഷ്ട്രത്തലവന്‍

സിയോള്‍: കിം ജോങ് ഉന്നിനെ രാഷ്ട്രത്തലവനായി ഉറപ്പിക്കുന്നതിന് രാജ്യത്തിന്റെ ഭരണഘടനയില്‍ വരുത്തിയ മാറ്റങ്ങള്‍ ഉത്തര കൊറിയന്‍ പാര്‍ലമെന്റ് അംഗീകരിച്ചു. ജൂലൈയില്‍ പുതിയ ഭരണഘടനയില്‍ കിമ്മിനെ രാഷ്ട്രത്തലവനും സൈനിക മേധാവിയുമായി ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ശേഷമാണ് ഈ നീക്കം. അമേരിക്കയുമായി സമാധാന ഉടമ്പടിക്ക് തയ്യാറെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉത്തര കൊറിയയുടെ പുതിയ നീക്കമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.
1950-1953 ലെ കൊറിയന്‍ യുദ്ധത്തിനുശേഷം നിലവിലുണ്ടായിരുന്ന ബന്ധം സാധാരണ നിലയിലാക്കാനും സാങ്കേതിക യുദ്ധം അവസാനിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഉത്തര കൊറിയ അമേരിക്കയുമായി സമാധാന കരാറിന് കരുക്കള്‍ നീക്കുന്നത്.
2016 ല്‍ രൂപവത്കരിച്ച ഉന്നത ഭരണ സമിതിയായ സ്റ്റേറ്റ് അഫയേഴ്‌സ് കമ്മീഷന്‍ (എസ്എസി) ചെയര്‍മാന്‍ എന്ന നിലയില്‍ എല്ലാ കൊറിയന്‍ ജനതയുടെയും പരമോന്നത പ്രതിനിധിയായിരുന്നു കിം. അതായത് രാഷ്ട്രത്തലവനും “കമാന്‍ഡര്‍ഇന്‍ ചീഫും കിം തന്നെ.
നേരത്തെ രാജ്യത്തെ “പരമോന്നത നേതാവ്” എന്നാണ് കിം അറിയപ്പെട്ടിരുന്നത്. എന്നാല്‍ പുതിയ ഭരണഘടതാ ഭേദഗതിയോടെ അദ്ദേഹത്തെ രാഷ്ട്ര തലവനായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. നിയമനിര്‍മ്മാണ ഓര്‍ഡിനന്‍സുകളും പ്രധാന ഉത്തരവുകളും തീരുമാനങ്ങളും പ്രഖ്യാപിക്കാനും വിദേശ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ നിയമിക്കുകയോ തിരിച്ചുവിളിക്കുകയോ ചെയ്യുന്നതിനും പുതിയ ഭരണഘടന കിമ്മിന് അധികാരം നല്‍കുന്നുവെന്ന് ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും കിമ്മും തമ്മില്‍ മൂന്ന് കൂടിക്കാഴ്ചകള്‍ നടന്നിട്ടും ഉത്തരകൊറിയയുടെ ആണവായുധ പദ്ധതി ഉപേക്ഷിക്കുകയെന്ന യുഎസ് ലക്ഷ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. പ്രവര്‍ത്തനതല ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താനും കിമ്മും കഴിഞ്ഞ യോഗത്തില്‍ സമ്മതിച്ചതായി ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇവ ഇനിയും നടന്നിട്ടില്ല. അതിനുശേഷം ഉത്തരകൊറിയ ഒന്നിലധികം മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ദക്ഷിണ കൊറിയയുമായുള്ള സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുമെന്ന പ്രതിജ്ഞ വാഷിംഗ്ടണ്‍ ലംഘിച്ചുവെന്നും ഉത്തര കൊറിയ ആരോപിക്കുന്നു.