Connect with us

Business

ബാങ്കിംഗ് മേഖലയിലെ തട്ടിപ്പ് 74 ശതമാനം വര്‍ധിച്ചതായി റിസര്‍വ് ബേങ്ക്

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ബേങ്കിംഗ് മേഖലയിലെ തട്ടിപ്പുകള്‍ 74 ശതമാനം ഉയര്‍ന്നതായി റിസര്‍വ് ബേങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ട്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 71,543 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 41,167 കോടി രൂപയായിരുന്നുവെന്നും റിസര്‍വ് ബേങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പുകള്‍ നടന്ന തീയതിയും ബാങ്കുകള്‍ കണ്ടെത്തുന്ന തീയതിയും തമ്മിലുള്ള ശരാശരി കാലതാമസം 22 മാസമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

ബേങ്ക് വായ്പ നല്‍കുന്നതില്‍ ഏറ്റവും വലിയ വിപണി വിഹിതമുള്ള പൊതുമേഖല ബേങ്കുകളുമായി ബന്ധപ്പെട്ടാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ രേഖപ്പെടുത്തിയത്. സ്വകാര്യമേഖല ബേങ്കുകളും വിദേശ ബേങ്കുകളും തൊട്ടടുത്ത് നില്‍ക്കുന്നു.

വായ്പകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തട്ടിപ്പുകളില്‍ മുന്നിട്ട് നില്‍ക്കുന്നത്. അതേസമയം ഓഫ് ബാലന്‍സ് ഷീറ്റ് ഇനങ്ങളിലെ തട്ടിപ്പുകളുടെ വിഹിതം ഒരു വര്‍ഷം മുമ്പത്തേതില്‍ നിന്ന് കുറഞ്ഞു. കാര്‍ഡ് / ഇന്റര്‍നെറ്റ് ബാങ്കിംഗ്, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ 2018-19 ലെ മൊത്തം തട്ടിപ്പുകളുടെ മൂല്യത്തിന്റെ 0.3 ശതമാനം മാത്രമാണെന്നും സെന്‍ട്രല്‍ ബാങ്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

വഞ്ചന, വ്യാജരേഖകള്‍ എന്നിവയുമായി ബന്ധപ്പെട്ട 72 കേസുകളാണ് പ്രധാനമായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ദുരുപയോഗം, ക്രിമിനല്‍ വിശ്വാസ ലംഘനം എന്നിവയുമായി ബന്ധമുള്ള തട്ടിപ്പുകളുമുണ്ട്. ഒരു ലക്ഷം രൂപയില്‍ താഴെയുള്ള തട്ടിപ്പുകള്‍ മൊത്തം തുകയുടെ 0.1 ശതമാനം മാത്രമാണെന്നും റിസര്‍വ് ബാങ്കിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest