National
പാക്കിസ്ഥാന്‍ സാധാരണ അയല്‍ക്കാരനെ പോലെ പെരുമാറണം: ഇന്ത്യ

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ സാധാരണ അയല്‍ക്കാരനെപ്പോലെ പെരുമാറണമെന്ന് ഇന്ത്യ. സാധാരണ സംസാരവും സാധാരണ വ്യാപാരവുമാണ് പാക്കിസ്ഥാന്‍ നടത്തേണ്ടത്. എന്നാല്‍ ഇപ്പോള്‍ പാക്കിസ്ഥാന്‍ ഈ രീതിയിലല്ല പെരുമാറുന്നത്. സാധാരണ അയല്‍ക്കാരെപ്പോലെ അവര്‍ പെരുമാറണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും അയല്‍രാജ്യത്ത് തീവ്രവാദികളെ തള്ളിവിടരുതെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.
ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്‍ നേതാക്കള്‍ നടത്തിയ നിരുത്തരവാദപരമായ പരാമര്‍ശങ്ങളെയും ട്വീറ്റുകളെയും അദ്ദേഹം അപലപിച്ചു. ഗസ്‌നവി മിസൈല്‍ പരീക്ഷണത്തെക്കുറിച്ച് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചതായും അദ്ദേഹം വ്യക്തമാക്കി.
സാമുദായിക പ്രശ്‌നമുണ്ടാക്കുകയോ ഗുജറാത്തില്‍ ഭീകരാക്രമണം നടത്തുകയോ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ കമാന്‍ഡോകള്‍ ഇന്ത്യന്‍ കടലിലേക്ക് നുഴഞ്ഞുകയറിയതായുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം.
ജമ്മു കശ്മീരിനെക്കുറിച്ച് യുഎന്നിന് പാകിസ്ഥാന്‍ മന്ത്രി ഷിരീന്‍ മസാരി എഴുതിയ കത്തിന് മറുപടി നല്‍കി വിശ്വാസ്യത നല്‍കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് രവീഷ് കുമാര്‍ പറഞ്ഞു.