ഷിറിയാ കുന്നിലെജ്ഞാനോദയം

ഓർമത്താളുകൾ വർഷങ്ങൾക്കപ്പുറത്തേക്ക് മറിച്ചുകൊണ്ട്, ഗതകാല സൂരികളെ ആദരവോടെ ഓർത്ത് (അവരുടെ പേര് പറയുമ്പോൾ മുഖത്ത് പ്രത്യേക തിളക്കം) എട്ട് പതിറ്റാണ്ടിലേറെയുള്ള ജീവിതം ഉസ്താദ് ഷിറിയ അലിക്കുഞ്ഞി മുസ്്ലിയാർ പറഞ്ഞുതുടങ്ങി...
സംഭാഷണം
Posted on: August 29, 2019 3:43 pm | Last updated: August 29, 2019 at 3:43 pm

കാസർകോട്- മംഗലാപുരം ദേശീയ പാതയിലെ ഷിറിയയിൽ ഇറങ്ങുമ്പോൾ സമയം വൈകിട്ട് മൂന്നര. മഴ മാറിനിന്ന കർക്കിടക നാളിൽ വെയിലിന്റെ അതികഠിനമില്ലെങ്കിലും ചൂടുണ്ടായിരുന്നു. ബസ് സ്റ്റോപ്പിന് സമീപത്ത് ആകെയുള്ളത് ഒരു പെട്ടിക്കട. നാലുചക്രങ്ങൾ താങ്ങിനിർത്തുന്ന പെട്ടിക്കട തന്നെ. ദാഹമകറ്റാൻ ജീരക സോഡയും കുടിച്ച് ലത്വീഫിയ്യയിലേക്കുള്ള വഴി ചോദിച്ചപ്പോൾ പ്രധാന പാതയിൽ നിന്ന് വലതുമാറി കുത്തനെ കയറിപ്പോകുന്ന വഴി കാണിച്ചുതന്നു, ആ കച്ചവടക്കാരൻ. കന്നഡയിലെഴുതിയ മഠത്തിലേക്കുള്ള സൂചനാ ബോർഡും തൊട്ടുപിന്നിൽ ഹയർ സെക്കൻഡറി സ്‌കൂളിലേക്കുള്ള സൂചനാ ബോർഡുമുണ്ട്. ടാറിടാത്ത ചെങ്കൽ മേഖലയിൽ കാണുന്ന റോഡ്. നേരത്തേയുള്ള മഴയിൽ ചിലയിടത്തൊക്കെ ചെളിയായിട്ടുണ്ട്. ചെങ്കൽ മേഖലയാണെങ്കിലും സമതലപ്രദേശത്ത് കൃഷിയുണ്ട്. വൈകുന്നേര സമയമായതിനാൽ ഒരു കർഷകൻ തന്റെ കൃഷി പരിപാലിക്കുന്നു. ഏതാനും മീറ്ററുകൾ നടന്ന് ലത്വീഫിയ്യയുടെ മുമ്പിലെത്തി. ഉസ്താദ് വീട്ടിലുണ്ടോയെന്ന് ആരാഞ്ഞു. ഉണ്ടെന്ന് അറിഞ്ഞതോടെ ക്യാമ്പസിലെ മസ്ജിദിൽ നിന്ന് അസർ നിസ്‌കരിച്ച് വീട്ടിലേക്ക് പോകാമെന്ന് തീരുമാനിച്ചു. നിസ്‌കാരം കഴിഞ്ഞ് നേരെ ഉസ്താദിന്റെ വീട്ടിലേക്ക്. ലത്വീഫിയ്യയുടെ ഗേറ്റ് കടന്നപ്പോൾ ജമാഅത്തിന് വന്ന പയ്യനുണ്ട് തൊട്ടുപിന്നിൽ. അവനോട് ഉസ്താദിന്റെ വീട് ചോദിച്ചു: “ശൈഖുനാടെ ബീടല്ലേ? ന്റെ ബീടിന്റെ തൊട്ടപ്രത്ത്. അവന്റെ മറുപടിയിലെ “ശൈഖുന’ എന്ന വാക്ക് മനസ്സിൽ കൊളുത്തി. ഒരു നാട് ഉസ്താദിനെ ആദരിക്കുന്ന വിധം. അവൻ വീട് കാണിച്ചുതന്നു. ലളിതമായൊരു വീട്. ബോർഡിൽ അലിക്കുഞ്ഞി മുസ്‌ലിയാർ, ഷിറിയ എന്നെഴുതിയിരിക്കുന്നു. കോലായയുടെ തൊട്ടുപിന്നിലുള്ള സ്വീകരണമുറിയിലെ കസേരയിൽ ചെറിയ ഗ്രന്ഥം നോക്കി ചൊല്ലിക്കൊണ്ടിരിക്കുകയായിരുന്നു ഉസ്താദ്. ആരാ? എവിട്ന്നാണെന്ന് ചോദിച്ചപ്പോൾ കോഴിക്കോട് സിറാജ് പത്രത്തിൽ നിന്നാണ് മറുപടി പറഞ്ഞു. എന്താ ബിശേഷിച്ചെന്ന ഉപചോദ്യം. പ്രതിവാരത്തിന് വേണ്ടിയാണെന്ന് പറഞ്ഞപ്പോൾ പതുക്കെ പതുക്കെ സംസാരത്തിലേക്ക് കടന്നു. ഓർമത്താളുകൾ വർഷങ്ങൾക്കപ്പുറത്തേക്ക് മറിച്ചുകൊണ്ട്, ഗതകാല സൂരികളെ ആദരവോടെ ഓർത്ത് (അവരുടെ പേര് പറയുമ്പോൾ മുഖത്ത് പ്രത്യേക തിളക്കം) എട്ട് പതിറ്റാണ്ടിലേറെയുള്ള ജീവിതം തനതു ശൈലിയിൽ ഉസ്താദ് പതുക്കെ പറഞ്ഞുതുടങ്ങി…

15 കൊല്ലം പഠിച്ചു. ലാസ്ട്ട് പഠിച്ചത് ദെയൂബന്ദില്. അവിടെ ഖാസിമി കോളജില് ഒരു കൊല്ലം പഠിച്ചു. ദെയൂബന്ദിലേക്ക് പോയത് കോട്ടുമല ഉസ്താദിന്റെ ദർസ്ന്നാണ്. കോട്ടുമല ഉസ്താദ് പരപ്പനങ്ങാടീല് മുദർരിസായ കാലത്ത് ഞാനൊരേഴ് കൊല്ലം അവിടെ പഠിച്ചിറ്റാണ് ദെയൂബന്ദിൽ പോയത്. അന്ന് ബേറെ കോളേജില്ല. ദെയൂബന്ദും ഒരു ബാഖിയാത്തുസ്വാലിഹാത്തും. അതിന്റെ മുമ്പ് എടക്കാട് രണ്ട് കൊല്ലം പഠിച്ചീന്. ഉസ്താദ് കുഞ്ഞഹമ്മദ് കുട്ടി മുസ്‌ലിയാര്ന്ന് പറയും. അവരെ നാട് അതല്ല; ബീടു അവിടേണ്. അവിടെ രണ്ട് കൊല്ലം ആയേന്റെ ശേഷം ഒരു കൊല്ലം പൊസ്സോട്ട് പഠിച്ച.് പൊസ്സോട്ട് മഞ്ചേശ്വരം. ഉസ്താദ് മുഹമ്മദ് ഹാജീന്ന് പറയും. പൈവളികെ മുഹമ്മദ് ഹാജി. അയിന്റെ ശേഷം തളിപ്പറമ്പില് രണ്ട് കൊല്ലം പഠിച്ച്. തളിപ്പറമ്പ് ഖുവ്വതുൽ ഇസ്‌ലാമില്. അവിടെ മുദർരിസ് ഇ കെ ഉസ്താദായിരുന്നു. പക്ഷേ, എനിക്ക് ഇ കെ ഉസ്താദിന്റെ അടുത്ത് ഓതാനായിട്ടില്ല. ഞാൻ അൽഫ്യം ഫത്ഹുൽ മുഈനും ഓതുന്ന കാലം. അന്നവിടെ ഇ കെ ഹസ്സൻ മൊയ്‌ലാരും മടവൂരെല്ലം ഓതുന്നുണ്ട്. അപ്പോ എനിക്ക് ഹസ്സൻ മൊയ്‌ല്യാരെ ഏൽപ്പിച്ചന്നു, അൽഫ്യം ഫത്ഹുൽ മുഈനും ഓതാൻ. അങ്ങനെ രണ്ട് കൊല്ലം അൽഫ്യ ഹസ്സൻ മോല്യേരട്ത്ത്ന്ന് ഓതീക്ക്ണ്. പിന്നെ ഫത്ഹുൽ മുഈനും ഹസ്സൻ മൊയ്‌ലാരട്ത്ത്ന്നന്നെ. ഓതീറ്റ് പൂർത്ത്യായിറ്റില്ല. അപ്പളക്ക് ഹസ്സൻ മൊയ്‌ല്യാര് വെല്ലൂര് പോയി. പിന്നെ ഫത്ഹുൽ മുഈന് തീർത്ത് തന്നത് മടവൂരാണ്. അതിന് ശേഷമാണ് പരപ്പനങ്ങാടീല് പോയത്. തൊടക്കത്തില് കുറച്ച് കാലം നാട്ടിലും പഠിച്ചീന്.

എനിക്ക് നാട്ട്‌ലേക്ക് വരുമ്പോ രണ്ടുർപ്യ തരും ഹസ്സൻ മൊയ്‌ല്യാര്. എല്ലാർക്കും കൊട്‌ക്കേല. ഞാൻ ശരിക്ക് പാഠാക്കും. അൽഫ്യന്റെ ബൈത്തെല്ലം ചെല്ലിക്കൊട്ക്കും. ബിദഅത്തുകാരോട് സ്‌ട്രോങ്ങ്. അവരോട് ആ നിലപാട് തന്നെ സ്വീകരിക്കണമെന്ന് ഉസ്താദ് പറയുന്നു. ഖുവ്വത്തിലന്ന് കറണ്ടില്ല, അപ്പൊ ഇ കെ ഉസ്താദിന് (ഇ കെ അബൂബക്കർ മുസ്‌ലിയാർ) വുളുവെടുക്കാൻ ചൂടുവെള്ളം വേണം. അപ്പൊ ഇ കെ ഉസ്താദിന്റെ ഖിദ്മത്തെല്ലം ഞാന്തന്നെ രണ്ട് കൊല്ലക്കാലം. അതുകൊണ്ട് ഭയങ്കര സ്‌നേഹമുണ്ടായിരുന്നു.

? നാട്ടിൽ പ്രാഥമിക പഠനത്തിന് ശേഷമാണോ ദർസിൽ പോയത്

അന്ന് മദ്‌റസൊന്നും ഇല്ല. അന്ന് മുക്രിമാര് അവരെ പൊരേല് പലകെല്ലം ബെച്ചിറ്റ് പഠിപ്പിക്കേനു. ഓത്ത് പള്ളീന്ന് പറയും. എന്റെ ജനനം 35ലാണ്. ഉപ്പ മുക്രിയാണ്. ഉപ്പാന്റെ ഉപ്പ മുക്രിയാണ്. അവരെ ഉപ്പ മുക്രിയാണ്. ഉപ്പാക്ക് നാല് സഹോദരന്മാരുണ്ട്. അവരെല്ലാം മുക്രിമാരാണ്. 53, 54 കാലത്താണ് തളിപ്പറമ്പിൽ പഠിച്ചത്. 55ൽ ഒരുകൊല്ലം നാട്ടിൽ ഖത്വീബായി. നാട്ടിലെ ഖത്വീബ് ഒരു കൊല്ലം ലീവെട്ത്ത്. അപ്പൊ പിന്നെ എന്നെയാണ് ഒരു കൊല്ലത്തേക്ക് നിശ്ചയിച്ചത്.

? പഠന കാലത്തെ സി എം

നല്ല പ്രസംഗം, നല്ല ഉഷാറുള്ള ആള്. ആഴ്‌ചേല് കുട്ട്യാളുടെ പ്രസംഗല്ലുണ്ടല്ലൊ. അതിലെല്ലം മടവൂര് വലിയ ഉഷാറില് പ്രസംഗിക്കും. പഠിച്ച് കഴിഞ്ഞീന് ശേഷം ഓറ് ദർസെല്ലം നടത്തീന്. എന്റെ ഈ പൊര കുടികൂടൽന് ക്ഷണിച്ചിറ്റ് ബന്നീന്. എന്നിറ്റ് ഒരു ദെവസം താമസിച്ചു. പിറ്റേന്ന് രാവിലെ കുളിക്കണോന്ന് പറഞ്ഞ്, ചൂടുവെള്ളത്തില്. അങ്ങനെ വെള്ളം ചൂടാക്കിക്കൊട്ത്ത്. ഓറ് കുളിച്ച്. കുളിച്ച് കൈഞ്ഞേന്റെ ശേഷം എന്നെ ബിളിച്ച്. “ഞാൻ കുളിച്ച് കൈഞ്ഞ ബെള്ളം ബാക്കിയിണ്ട്. അത് കെണറ്‌ല് ഒഴിച്ചോളി, എപ്പളും വെള്ളം’. അതിന്റെ കൂടെ അങ്ങനൊരു വിഷയം പറഞ്ഞ്; “എപ്പളും വെള്ളം’. ആ പറഞ്ഞ മാതിരി എപ്പളും വെള്ളമാണ്. അതേസമയത്ത് എന്റെ മക്കള് കെണറ് കുഴിച്ചിട്ട് അവർക്ക് വെള്ളം കിട്ടീട്ടില്ല. അവര്‌പ്പൊ നമ്മളെ കെണർന്ന് മോട്ടറ് വെച്ചിറ്റ് എട്ക്കാണ്.

? ഖാസിമി കോളജിലെ സഹപാഠികൾ
അഹ്മദ് മൊയ്‌ല്യാര് വേങ്ങര. അത് പരപ്പനങ്ങാടീല് കൊട്ടുമല ഉസ്താദിന്റെ അട്ക്കല് പഠിക്കുമ്പളും ഒന്നായിറ്റ.് ദെയൂബന്ദിലും ഒന്നായിറ്റായിരുന്നു. നല്ല സ്വാലിഹായ മനുഷ്യൻ. ഇപ്പോ ഇല്ല; മരിച്ചുപോയി. ഇപ്പൊ എല്ലാട്ത്തും കോളജാണ്. മുമ്പ് ഒരു ബാഖിയാതും ദെയൂബന്ദിലെ ഖാസിമി കോളജും മാത്രം ബേറെ കോളജില്ല. ക്ലാസിൽ ഒരാൾ ബായിക്കും. ഉർദു ഭാഷയിൽ. മൽബാരികള് ഒര് പത്ത് പതിനൊന്നാളുണ്ടായ്‌ര്ന്ന്. ശവ്വാലില് പോയിറ്റ് ശഅ്ബാനില് മടങ്ങും.

? ദർസ് തന്നെയാണല്ലോ ഉസ്താദിന്റെ ജീവിതം. ധാരാളം ശിഷ്യസമ്പത്തുണ്ട്.

ആദ്യായിറ്റ് ദെയൂബന്ദിന്ന് വന്നേന്റെ ശേഷം കുമ്പോല് മുദർരിസായി. ഒര് ഒമ്പത് കൊല്ലം. കുമ്പോൽന്ന് കീഞ്ഞേന്റെ ശേഷം ചെറുവത്തൂര് കാടങ്കോട് 13 കൊല്ലം മുദർരിസായി. പിന്നെ ബല്ല കടപ്പുറം ഒര് പത്ത് കൊല്ലം. പൂച്ചക്കാട് ഒരാറ് കൊല്ലം. ഉപ്പിനങ്കടി ഒര് കൊല്ലം. അയിന്റെ ശേഷം പൊയ്യത്ത്ബയൽ. അവിടെ 20 കൊല്ലത്തോളമായി. ഇപ്പളും അവിടെത്തന്നെ ദർസാണ്. പത്തമ്പത് കുട്ടികളുണ്ട്. പണ്ടൊക്കെ പ്രസംഗിക്കുമായിരുന്നു. ഇപ്പോ ശരീരത്തിന് ക്ഷീണം. അതുകൊണ്ട് പ്രസംഗിക്കാൻ പോകാറില്ല. ശിഷ്യമ്മാറ് മുദർറിസുമാരും ഖത്വീബമ്മാറും ഖാസിമാറും ഒരുപാടുണ്ട്. ബേക്കല് ഇബ്‌റാഹീം മൊയ്‌ല്യാര് എന്റെ ശിഷ്യനാ. കിതാബിലെല്ലം ബല്യ ഉഷാറ്. ഉള്ളാൾത്തോറട്ത്ത് പോയി മദനി ആയിന്. പ്രസംഗിക്കും. മുശാവറയിൽ ഈ അടുത്ത് കൂടീക്ക്ണ്.

? എന്നാണ് മുശാവറയിൽ അംഗമായത്

65ലാണ് ഞാൻ മുശാവറയിൽ ചേരുന്നത്. എ പി ഉസ്താദ് മുശാവറയിലെത്തിയപ്പോ പരിചയപ്പെട്ടതാണ്. മുശാവറ പുനഃസംഘടനാ സമയത്ത് ഉള്ളാൾത്തോറ് ഇബടെ ഞമ്മളെ പൊര്ക്കല് ബന്ന്ട്ട് എന്നെ കൂട്ടിക്കൊണ്ട് പോയി. എന്നിട്ട് ഒന്നായിട്ട് പോയിട്ട് ആദ്യത്തെ മുശാവറ (പുനഃസംഘടന) ചേർന്ന്. മുശാവറ കഴിഞ്ഞിറ്റ് ഞാൻ പോയ്‌ക്കോട്ടേന്ന് ചോയ്ച്ച്. ഓറ് പറഞ്ഞ്: അങ്ങനെ പോണ്ട, നമ്മളെ കാറ് എടുത്തോന്ന്.

എന്റെ ഉസ്താദുമാരെല്ലാം മരിച്ചുപോയി. പരപ്പനങ്ങാടി ഓതുമ്പള് 17 ശരീക്കമ്മാറ് (സഹപാഠികൾ) ണ്ടായിര്ന്ന്. എല്ലരേറ്റും ഞാൻ നല്ല ലോഗ്യത്തിലാണ്. അവരും എല്ലം മരിച്ചുപോയി. ഇപ്പോ പരപ്പനങ്ങാടി പറയത്തക്ക ദർസൊന്നുല്ല. ഞാൻ കൊല്ലത്ത്‌ല് പോക്ക്ണ്ട്. കോട്ടുമല ഉസ്താദിന്റെ സിയാറത്തിന് കൊല്ലത്ത്‌ല് പോകും. പരപ്പനങ്ങാടി ചോറ് ബെയ്ച്ച പൊര്ക്കും പോകും. കൊല്ലത്ത്‌ല് ഒര് വട്ടം പോകും.
ഉസ്താദിന്റെ വാക്കുകൾ ആത്മീയോപദേശങ്ങളിലേക്ക് വഴിമാറി. തിരക്കുപിടിച്ച ജീവിതത്തിലും അധ്യാത്മികതയുടെ ഉന്നതി പ്രാപിക്കാൻ സഹായകമാകുന്ന കുറേ നിർദേശങ്ങൾ. സാമൂഹിക ബന്ധം സുദൃഢമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ. സാമുദായിക സൗഹൃദം നിലനിർത്താനാവശ്യമായ ഇടപെടലുകൾ. എല്ലാം ഉസ്താദ് തന്റെ സ്വതസിദ്ധമായ ശൈലിയിലും ഭാവത്തിലും വിശദീകരിക്കുന്നു.

നമ്മൾ അയൽവാസികളെ പരിഗണിക്കണം. അയൽപ്പക്കത്തെ വീട്ടിൽ നിന്ന് കുട്ടി കരയുന്നെങ്കിൽ പോയി അന്വേഷിക്കണം. ഇതൊന്നും മതം നോക്കീട്ടല്ല ചെയ്യേണ്ടത്. എന്റെ ഉപ്പ മരിച്ചിട്ട് എല്ലാവരും വന്നിരുന്നു. അയൽവാസി മരിച്ചപ്പോൾ ഞാനും കുടുംബക്കാരും പോയിരുന്നു. അയൽവാസികളോട് മാത്രം പോര. വീട്ടുകാരോടും നല്ല നിലയിൽ പെരുമാറണം. വീട്ടിൽ നിന്ന് ഒരു സ്ഥലത്തേക്ക് പോകുമ്പോ എല്ലാവരോടും പറഞ്ഞിട്ട് പോകണം. വീട്ടിൽ കടക്കുമ്പോൾ സലാം പറഞ്ഞിട്ട് കടക്കണം. യാത്രക്കിടയിലും മറ്റും മുതിർന്നവരെ ബഹുമാനിക്കണം. ഇതൊന്നും മതം നോക്കീട്ടല്ല ചെയ്യേണ്ടത്. മുത്ത് നബി (സ)യുടെ ശൈലി അങ്ങനെയായിരുന്നു.

അബ്ദുസ്സമദ് സഖാഫി വാളക്കുളം
[email protected]