Kerala
ശബരിമല: നിലപാടില്‍ മാറ്റമില്ല; കുപ്രചാരണം നേരിടുന്നതില്‍ ജാഗ്രതക്കുറവുണ്ടായി: പിണറായി

തിരുവനനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്നും സുപ്രീം കോടതി വിധി നടപ്പാക്കുമെന്നും ആവര്‍ത്തിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ കാലത്തും ഞങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണ് എന്നത് പാര്‍ട്ടി വേദികളില്‍ തന്നെ ആവര്‍ത്തിച്ച് വ്യക്തമാക്കിയതാണ്. ശബരിമല പ്രശ്നം നിലനില്‍ക്കുന്ന സമയത്ത് നടന്ന റാലികളെ അഭിസംബോധന ചെയ്ത് ഞാന്‍ പ്രസംഗിച്ചിരുന്നു. അത് പരിശോധിച്ചാല്‍ മതി.
എന്നാല്‍ കുപ്രചാരണത്തെ നേരിടുന്നതില്‍ ജാഗ്രതക്കുറവുണ്ടായി. അത് തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിട്ടുണ്ട്. ഈ വിശ്വാസത്തിന്റെ അട്ടിപ്പേറവകാശികളായി നിന്ന ചിലര്‍ ഞങ്ങളെ വിശാസികള്‍ക്ക് എതിരായി തിരിയുന്നവരാക്കി പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. ശബരിമല വിഷയം എന്താണ് എന്ന് വിശദീകരിക്കുന്ന പ്രചാരണത്തിലേക്ക് ഞങ്ങള്‍ പോയിരുന്നില്ല. അത് സര്‍ക്കാറും പാര്‍്ട്ടിയും സ്വയം വിമര്‍ശനപരമായി കണ്ടിട്ടുണ്ട്.
ഞങ്ങള്‍ ഇവിടെ നിയമം കൊണ്ടുവരുമെന്നും നിയമ പരിരക്ഷ ഉറപ്പുവരുത്തുമെന്നും പറഞ്ഞ ചിലരുണ്ടായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ വക്താക്കള്‍ തന്നെ ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരാന്‍ കഴിയില്ല എന്ന് പരസ്യമായി പറഞ്ഞു. അങ്ങനെ വരുമ്പോള്‍ അവരെ വിശ്വസിച്ച ആളുകളെ വഞ്ചിക്കുകയല്ലേ ചെയ്തതെന്ന് പിണറായി ചോദിച്ചു.
നമ്മുടെ രാജ്യത്ത് ഭരണഘടന അനുസരിച്ചേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. ഭരണഘടന പൊളിച്ച് എഴുതണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകും. എന്നാല്‍ ഇപ്പോള്‍ ഭരണഘടന നിലനില്‍ക്കുകയല്ലേ. അതിനനുസരിച്ചല്ലേ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയൂ. വനിതാ മതില്‍ എന്നത് രാജ്യം തന്നെ ശ്രദ്ധിച്ച ഒരു വനിതാ മുന്നേറ്റമായിരുന്നു. അതിനോട് ഇഷ്ടക്കേടുള്ളവര്‍ ഉണ്ടായിരുന്നു. വനിതാ മതിലിന് പിന്നാലെ രണ്ട് സ്ത്രീകള്‍ ശബരിമല കയറിയപ്പോള്‍ അക്കൂട്ടര്‍ അതുപയോഗിച്ച് വലിയ പ്രചാരണം സര്‍ക്കാരിനെതിരെ കൊണ്ടുവന്നു.വനിതാ മതില്‍ വിജയിച്ചു എന്ന് വന്നപ്പോള്‍ അത് വിജയിച്ചുകൂടാ എന്ന് കണ്ടവര്‍ ഇതിനെതിരെ തിരിയുകയാണ് ഉണ്ടായത്. അതില്‍ മാധ്യമങ്ങളും പങ്കുവഹിച്ചതായി പിണറായി ആരോപിച്ചു.