കശ്മീര്‍ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നേതാക്കളെ പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്; പാഠശാലകള്‍ നടത്തും

Posted on: August 28, 2019 8:09 pm | Last updated: August 28, 2019 at 11:52 pm

ന്യൂഡല്‍ഹി: കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് റദ്ദാക്കിയതുള്‍പ്പടെയുള്ള വിഷയങ്ങളില്‍ ബി ജെ പിയെ ഫലപ്രദമായി എതിര്‍ക്കുന്നതിന് നേതാക്കളെ പഠിപ്പിക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച പ്രത്യേക പാഠശാല സംഘടിപ്പിക്കാനാണ് പദ്ധതി. സെപ്തംബര്‍ മൂന്നിന് ഡല്‍ഹിയിലാണ് ആദ്യ പാഠശാല നടക്കുക.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ജനറല്‍ സെക്രട്ടറിമാരും പാഠശാലയില്‍ പങ്കെടുക്കും. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവര്‍ പാഠശാലയെ അഭിസംബോധന ചെയ്തു പ്രസംഗിക്കും. ഡല്‍ഹിയിലെ പാഠശാലക്ക് ശേഷം ബ്ലോക്ക് തലത്തില്‍ കശ്മീര്‍ വിഷയവും പാര്‍ട്ടി പ്രത്യയശാസ്ത്രവും മറ്റും പ്രതിപാദിക്കുന്ന പാഠശാലകളും നടത്തും.