വി ജെ ടി ഹാളിന് അയ്യങ്കാളിയുടെ പേരിടും; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Posted on: August 28, 2019 7:26 pm | Last updated: August 28, 2019 at 7:26 pm

തിരുവനന്തപുരം: തിരുവനന്തപുരത്തെ വി ജെ ടി ഹാളിന് (വിക്ടോറിയ ജൂബിലി ഹാള്‍) അയ്യങ്കാളിയുടെ പേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തലസ്ഥാനത്ത് കേരള ദളിത് ഫെഡറേഷന്‍ സംഘടിപ്പിച്ച അയ്യങ്കാളി ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെയാണ് മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ജാതീയത, അയിത്തം തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ അയ്യങ്കാളിയുടെ ശബ്ദമുയര്‍ന്ന ഇടമായതു കൊണ്ടാണ് ഹാളിന് അദ്ദേഹത്തിന്റെ പേരിടാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ നവോഥാന ശ്രമങ്ങള്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ചിലര്‍ രംഗത്തുണ്ട്. ഉപേക്ഷിക്കില്ലെന്നു മാത്രമല്ല, നവോഥാന പ്രവര്‍ത്തനങ്ങല്‍ കൂടുതല്‍ ശക്തമായി തുടരുമെന്നാണ് അവര്‍ക്കു നല്‍കാനുള്ള മറുപടി. ദുരാചാരങ്ങളെ ഉറപ്പിച്ചു നിര്‍ത്താനുള്ള ചിലരുടെ ശ്രമങ്ങളെ സര്‍ക്കാര്‍ ചെറുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.