Ongoing News
ഫെഡററെ വിറപ്പിച്ച് സുമിത്; തലയുയര്‍ത്തി മടക്കം

ന്യൂയോര്‍ക്ക്: യു എസ് ഓപ്പണില്‍ ടെന്നീസില്‍ സാക്ഷാല്‍ റോജര്‍ ഫെഡററെ വിറപ്പിച്ച് ഇന്ത്യന്‍ താരം സുമിത് നഗല്‍. 20 തവണ ഗ്രാന്‍ഡ്സ്ലാം നേടിയിട്ടുള്ള ടെന്നീസ് ചക്രവര്‍ത്തിയെ ആദ്യ സെറ്റില്‍ 6-4ന് സുമിത് പരാജയപ്പെടുത്തിയത് രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ പ്രകടനമായി. എന്നാല്‍, അടുത്ത സെറ്റുകളില്‍ വിജയം നേടിയ ഫെഡറര്‍ മത്സരം തനിക്കനുകൂലമാക്കി. സ്‌കോര്‍: 4-6, 6-1, 6-2, 6-4.
ആര്‍തര്‍ ആഷെ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ സുമിത് നടത്തിയ പ്രകടനം ടെന്നീസ് ലോകത്തെയാകെ അമ്പരപ്പിച്ചു. യു എസ് ഓപ്പണിന്റെ ഔദ്യോഗിക ട്വിറ്ററില്‍ വരെ സുമിതിനെ പ്രശംസിച്ചു കൊണ്ടുള്ള ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടു. ഫെഡറര്‍ക്കെതിരെ ഒരു സെറ്റ് വിജയിക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ സുമിതിന് സ്വന്തമായി. 2003നു ശേഷം യു എസ് ഓപണിലെ ആദ്യ റൗണ്ടില്‍ ഫെഡറര്‍ക്ക് ഒരു സെറ്റ് നഷ്ടമാകുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഫെഡററുമായി ഏറ്റുമുട്ടുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് സുമിത്. ലിയാണ്ടര്‍ പയസ്, സോംദേവ് ദെവ്വാറാം, റോഹന്‍ ബോപ്പണ്ണ എന്നിവരാണ് ഇതിനു മുമ്പ് റോജര്‍ ഫെഡററുമായി ഏറ്റുമുട്ടിയ ഇന്ത്യന്‍ താരങ്ങള്‍.