സ്കൂളുകളിൽ ഹൈടെക് ലാബ് പദ്ധതി അന്തിമഘട്ടത്തിൽ

Posted on: August 27, 2019 12:45 am | Last updated: September 20, 2019 at 8:03 pm

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഏഴ് വരെ ക്ലാസുകളിലെ 9,941 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെ ഹൈടെക് ലാബുകൾ സ്ഥാപിക്കുന്നതിന്റെ 80 ശതമാനവും പൂർത്തിയായതായി കേരളാ ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യൂക്കേഷൻ (കൈറ്റ്). ഈ വർഷം ജൂലൈ അഞ്ചിനാണ് മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്തത്.
55,086 ലാപ്‌ടോപ്പുകളും 55,086 യു എസ് ബി സ്പീക്കറുകളും 23,170 പ്രൊജക്ടറുകളുമാണ് ഒന്നാം ഘട്ടത്തിൽ വിന്യസിക്കുന്നത്. ഇതിൽ 37,842 ലാപ്‌ടോപ്പുകൾ, 32,225 യു എസ് ബി സ്പീക്കറുകൾ, 13,513 പ്രൊ ജക്ടറുകൾ എന്നിവയുടെ വിതരണം പൂർത്തിയായി. അടുത്ത മാസത്തോടെ മുഴുവൻ സ്‌കൂളുകളിലും ഉപകരണങ്ങൾ എത്തിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുെണ്ടന്ന് കൈറ്റ് വൈസ് ചെയർമാൻ ആൻഡ് എക്‌സിക്യൂട്ടീവ് ഡയറക്ടർ കെ അൻവർ സാദത്ത് അറിയിച്ചു.

ഉപകരണങ്ങൾക്ക് അഞ്ച് വർഷത്തെ കോംപ്രഹെൻസീവ് വാറണ്ടി ഉള്ളതിനാൽ സ്‌കൂളുകൾക്ക് അഞ്ച് വർഷം മെയിന്റനൻസ് ഇനത്തിൽ ബാധ്യത ഉണ്ടാവുകയില്ല. പരാതി പരിഹരിക്കാനുള്ള കോൾസെന്റർ, വെബ്‌പോർട്ടൽ എന്നിവ കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. നിശ്ചിത സമയത്തിനകം സ്‌കൂളുകളിൽ നിന്നുള്ള പരാതികൾ പരിഹരിച്ചില്ലെങ്കിൽ പ്രതിദിനം 100 രൂപ നിരക്കിൽ കമ്പനികളിൽ നിന്ന് പിഴ ഈടാക്കും. എല്ലാ ഐ സി ടി ഉപകരണങ്ങൾക്കും ഇൻഷ്വറൻസ് പരിരക്ഷയും നൽകും. ദേശീയ ടെൻഡറിലൂടെ കിഫ്ബി അംഗീകരിച്ച എസ്റ്റിമേറ്റിൽ നിന്ന് 47.34 കോടി രൂപ (18.76%) കുറവിലാണ് കൈറ്റ് ഉപകരണങ്ങൾ വാങ്ങുന്നത്.
ഏറ്റവും കൂടുതൽ ഉപകരണങ്ങൾ വിതരണം ചെയ്തത് (6,978 ലാപ്‌ടോപ്പുകൾ, 2,903 യു എസ് ബി സ്പീക്കറുകൾ, 1,955 പ്രൊജക്ടറുകളും) മലപ്പുറം ജില്ലയിലാണ്. പാലക്കാട്, കോഴിക്കോട് ജില്ലകളിലെ സ്‌കൂളുകൾക്കാണ് തുടർന്ന് കൂടുതൽ ഉപകരണങ്ങൾ ലഭിച്ചത്. പ്രൈമറി ഹൈടെക് ലാബ് പദ്ധതിയുടെ ഭാഗമായി 82,000 അധ്യാപകർക്ക് “സമഗ്ര’ റിസോഴ്‌സ് പോർട്ടൽ ഉപയോഗം ഉൾപ്പെടെയുള്ള പ്രത്യേക ഐ സി ടി പരിശീലനം നൽകിയിട്ടുണ്ട്.