Techno
വാഹന രജിസ്‌ട്രേഷൻ ഇനി വാഹൻ സോഫ്റ്റ്‌വെയറിലൂടെ

പാലക്കാട്: സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ വിധ സേവനങ്ങളും അടുത്ത മാസം ഏഴ് മുതൽ വാഹൻ സോഫ്റ്റ് വെയറിലൂടെ മാത്രം. വാഹന വിൽപ്പന സയമത്ത് രജിസ്‌ട്രേഷനിൽ വരുത്തുന്ന ക്രമക്കേടുകൾ തടയുന്നതിനാണ് പുതിയ സോഫ്റ്റ് വെയർ അവതരിപ്പിച്ചിട്ടുള്ളത്.
കൂടാതെ വ്യാജ നമ്പർ പ്ലേറ്റുമായി യാത്ര ചെയ്യുന്ന വാഹനങ്ങളെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളും നിർബന്ധമാക്കിയിട്ടുണ്ട്. നിരത്തിലിറങ്ങുന്ന പുതിയ വാഹനങ്ങൾക്ക് നിലവിൽ ഇത്തരം നമ്പർ പ്ലേറ്റുകൾ ഘടിപ്പിക്കണം. പഴയ സംവിധാനമായ സ്മാർട്ട് മൂവിൽ വെബ്ബിൽ കൂടി താത്കാലിക രജിസ്‌ട്രേഷൻ ചെയ്ത അപേക്ഷകൾക്ക് വാഹിനിൽ കൂടി സ്ഥിര രജിസ്‌ട്രേഷന് തടസ്സങ്ങളുണ്ട്. അതേസമയം, 27ന് മുമ്പായി സ്ഥിര രജിസ്‌ട്രേഷൻ നേടാത്ത എല്ലാ വാഹനങ്ങളും സ്ഥിര രജിസ്‌ട്രേഷൻ നേടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആർ ടി ഒ അറിയിച്ചു. 27ന് ശേഷം സ്ഥിര രജിസ്‌ട്രേഷൻ നേടാത്ത അപേക്ഷകർക്ക് സാധുത ഉണ്ടായിരിക്കില്ല.
സെപ്തംബർ ഒന്ന് മുതൽ സ്മാർട്ട് മൂവ് ഡാറ്റ ഘട്ടംഘട്ടമായി വാഹനിലേക്ക് മാറ്റുന്നതിനാൽ എല്ലാ സീരിസുകളിലെയും ഒന്ന് മുതൽ 500 വരെ നമ്പറിലെ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും 27 മുതൽ നിർത്തിവെക്കുമെന്നും അധികൃതർ അറിയിച്ചു.
പുതിയ സോഫ്റ്റ് വെയർ വഴി രജിസ്‌ട്രേഷനിൽ ക്രമക്കേട് നടത്താൻ സാധിക്കില്ലെന്ന് ആർ ടി ഒ അധികൃതർ വ്യക്തമാക്കി.
കൂടാതെ അതിസുരക്ഷാ നമ്പർ പ്ലേറ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ചിപ്പുകളിലെ കോഡ് ഇ സോഫ്റ്റ് വെയർ മുഖേന എവിടെ നിന്നും ക്രമക്കേട് കണ്ടെത്താൻ സാധിക്കും.വാഹന രജിസ്‌ട്രേഷനിലെ ക്രമക്കേട് തടയാൻ ദേശീയ ഏകീകൃത സംവിധാനമായ ‘വാഹൻ’ സോഫ്റ്റ് വെയർ 2019 ഏപ്രിൽ ഒന്നിനാണ് സംസ്ഥാനത്തെ എല്ലാ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും സബ് റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും നടപ്പാക്കാൻ തീരുമാനമായത്.