Connect with us

Kerala

സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നു

Published

|

Last Updated

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തിത്തുടങ്ങി. ഇന്നലെ ഒരാളുടെ മൊഴിയെടുത്തു. ഇന്ന് രണ്ടാമത്തെ ആളുടേയും മൊഴിയെടുക്കും. മൊത്തം നാല് പേരുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് അനുമതി ലഭിച്ചിട്ടുള്ളത്. ഈ ആഴ്ച തന്നെ ഇവരുടേയും മൊഴി മജിസ്‌ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തും. എന്നാൽ ആരുടെ മൊഴിയാണ് രേഖപ്പെടുത്തിയതെന്ന് വ്യക്തമാക്കാൻ അന്വേഷണ സംഘം തയ്യാറായിട്ടില്ല. ആകെ നാല് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് പ്രത്യേക സംഘം ഉദ്ദേശിക്കുന്നത്.
നേരത്തേ സംഭവത്തിൽ ദൃക്‌സാക്ഷികളായ നാല് പേരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയിരുന്നു. ഇവരുടെ തന്നെ രഹസ്യമൊഴിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം രേഖപ്പെടുത്തുന്നത്. സംഭവം നടന്നയുടൻ അവിടെയെത്തിയ ശാസ്തമംഗലം സ്വദേശി ജോബി, ബെൻസൻ, ഓട്ടോ ഡ്രൈവർമാരായ ശഫീഖ്, മണിക്കുട്ടൻ എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ശ്രീറാം അതിവേഗത്തിൽ കാറോടിച്ചിരുന്നെന്നും അദ്ദേഹം മദ്യപിച്ചിരുന്നതായുമാണ് ഈ നാല് സാക്ഷികളും അന്വേഷണസംഘത്തിന് മുന്നിൽ മൊഴി നൽകിയിരുന്നത്. കേസിൽ നിർണായകമാകാവുന്ന ശ്രീറാമിന്റെ രക്തസാമ്പിൾ പരിശോധന വൈകിപ്പിച്ച സാഹചര്യത്തിൽ അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നുവെന്ന വിവരം ദൃക്‌സാക്ഷികളുടെ മൊഴിയായി കോടതിയിൽ രേഖപ്പെടുത്താനാണ് രഹസ്യമൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തുന്നത്.

അതിനിടെ, കിംസ് ആശുപത്രിയിലെ ഡോക്ടർമാർ നൽകിയ മൊഴി കേസിലെ അട്ടിമറി നീക്കം വ്യക്തമാക്കുന്നതായി. അപകടത്തിൽ തനിക്കേറ്റ പരുക്ക് പർവതീകരിച്ചു കാണിക്കുകയായിരുന്നുവെന്നാണ് ഡോക്ടർമാരുടെ മൊഴിയിൽ നിന്ന് മനസ്സിലാകുന്നത്. നിസാര പരുക്കുള്ള ശ്രീറാമിന് ഗുരുതര പരുക്കാണെന്ന് വരുത്തിത്തീർത്ത് വി ഐ പി ചികിത്സ ലഭ്യമാക്കുകയായിരുന്നെന്ന ആരോപണം ശരിവെക്കുന്നതാണ് കിംസിലെ കാഷ്വാലിറ്റി ഡോക്ടർമാരുടെ മൊഴി. ജനറൽ ആശുപത്രിയിൽ നിന്ന് കിംസിൽ എത്തിയ ശ്രീറാമിന്റെ പരുക്ക് ഗുരുതരമല്ലെന്ന മൊഴിയാണ് ഡോക്ടർമാർ നൽകിയിരുന്നത്. ശ്രീറാമിനെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ ജയിലിൽ പോകേണ്ടിവന്നേനെ. അത് ഒഴിവാക്കാൻ നടന്ന ഒത്തുകളിയാണ് ഗുരുതര പരുക്കുണ്ടെന്ന് വരുത്തിത്തീർത്തത്. റിമാൻഡിലായ ശ്രീറാം വെങ്കിട്ടരാമനെ പൂജപ്പുര സബ് ജയിലിലെ സെല്ലിലേക്ക് കൊണ്ടുവന്നെങ്കിലും വിദഗ്ധ ചികിത്സ ആവശ്യമുണ്ടെന്ന് കാട്ടി മെഡിക്കൽ കോളജിലെ ജയിൽ സെല്ലിലേക്ക് കൊണ്ടു പോവുകയായിരുന്നു. അവിടെയും സെല്ലിൽ പ്രവേശിക്കാതെ ട്രോമാ കെയർ വിഭാഗത്തിലാണ് വെങ്കിട്ടരാമനെ പ്രവേശിപ്പിച്ചത്.

തുടർന്നാണ് ശ്രീറാമിന് താത്കാലിക മറവിരോഗമായ റെട്രോഗ്രേഡ് അംനേഷ്യ ഉണ്ടെന്ന് മെഡിക്കൽ ബോർഡിന്റെ സ്ഥിരീകരണം വന്നത്. ഈ സംഭവത്തോടെ മെഡിക്കൽ കോളജിൽ രൂപവത്കരിച്ച മെഡിക്കൽബോർഡിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെടുകയാണ്. ശ്രീറാം, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വഫ ഫിറോസ് എന്നിവരെ പ്രതിചേർത്താണ് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. മനഃപൂർവമുള്ള നരഹത്യക്ക് ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 304-ാം വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിട്ടുള്ളത്.

---- facebook comment plugin here -----

Latest