അറസ്റ്റിനെതിരായ പി ചിദംബരത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Posted on: August 26, 2019 9:37 am | Last updated: August 26, 2019 at 12:05 pm

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി ചിദംബരത്തിന്റെ രണ്ടുഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐയുടെ അറസ്റ്റ് ചോദ്യം ചെയ്ത് കൊണ്ടുള്ള ഹരജിയും എന്‍ഫോഴ്‌സ്‌മെന്റിന്റെ അറസ്റ്റില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ടുമുള്ള മറ്റൊരു ഹര്‍ജിയുമാണ് കോടതി ഇന്ന് പരിഗണിക്കുക. ജസ്റ്റിസ്മാരായ ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. നാല് ദിവസത്തെ സിബിഐ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാല്‍ ചിദംബരത്തെ ഇന്ന് പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

അതേ സമയം ചിദംബരത്തിന്റെ വിദേശ നിക്ഷേപത്തിന്റെ തെളിവ് ലഭിച്ചെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് . സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സിയാണ് ചിദംബരത്തിന്റെ വിദേശ ബേങ്ക് നിക്ഷേപവും സ്വത്തും കണ്ടെത്തിയത്. പന്ത്രണ്ട് രാജ്യങ്ങളിലെ നിക്ഷേപകണക്കാണ് സാമ്പത്തിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

ചിദംബരത്തിന്റെ വിദേശനിക്ഷേപത്തിന്റെ തെളിവുകള്‍ എന്‍ഫോഴ്!സ്!മെന്റ് ഡയറക്ട്രേറ്റ് സുപ്രീംകോടതിക്ക് കൈമാറും. ചിദംബരത്തെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്യാന്‍ അനുവാദം നല്‍കണമെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍ ആവശ്യപ്പെടും. അതേ സമയം ചിദംബരത്തെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്രിനോട് സുപ്രീം കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു