പാലാ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന്; വോട്ടെണ്ണല്‍ 27ന്

Posted on: August 25, 2019 12:40 pm | Last updated: August 25, 2019 at 6:47 pm

പാലാ: പാലാ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 23ന് നടക്കും . വോട്ടെണ്ണല്‍ 27ന് . ബുധനാഴ്ച മുതല്‍ പത്രികാ സമര്‍പ്പണം തുടങ്ങും. സെപ്തംബര്‍ നാല് വരെ പത്രിക സമര്‍പ്പിക്കാം. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി സെപ്തംബര്‍ ഏഴ് ആണ്. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഗസറ്റിലൂടെ ഇക്കാര്യം അറിയിച്ചത്.

ഛത്തീസ്ഗഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിലും ഇതോടൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പറഞ്ഞു. കോട്ടയത്ത് മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. കേരള കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റാണ് പാല

കെഎം മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്. കേരളത്തില്‍ ഒഴിവ് വന്ന മറ്റ് അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് പി ജെ ജോസഫും ജോസ് കെ മാണിയും തമ്മിലുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ഉപതിരഞ്ഞെടപ്പ് വരുന്നത്.