മോഹൻ ഭഗവതിന്റെ വാക്കുകളിൽ ആശങ്കപ്പെടാനുണ്ട്

സാമ്പത്തിക സംവരണത്തിലേക്ക് ആദ്യ പടി വെച്ചു കഴിഞ്ഞ മോദി സർക്കാറിൽ നിന്ന് കൂടുതൽ സംവരണവിരുദ്ധ നീക്കങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് കാണേണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അതിന്റെ കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വരിക ദളിത് പിന്നാക്ക വിഭാഗങ്ങളാകും. ഈ ഘട്ടത്തിൽ തന്നെയാണ് സംവരണം ചർച്ചയാക്കുന്നത്. സംവരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ വലിയ ജനകീയ പ്രതിരോധം അനിവാര്യമാണ്. അത് ഏതെങ്കിലും ജാതിസംഘടനകളുടെ ഉത്തരവാദിത്വമല്ല. മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും വലിയ ഐക്യനിര ഉയർന്നു വരേണ്ടയിരിക്കുന്നു. 2015ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി മോഹൻ ഭഗവത് സംവരണം സംബന്ധിച്ച് നടത്തിയ പ്രസ്താവന വൻ വിവാദമാവുകയും തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അത് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇതോടെ സംവരണത്തെക്കുറിച്ച പ്രസ്താവനകളിൽ നിന്നു മനഃപൂർവം വിട്ടു നിന്ന അദ്ദേഹം മോദി സർക്കാർ കൂടുതൽ കരുത്തോടെ അധികാരത്തിൽ തിരിച്ചത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും തന്റെ അജൻഡയുമായി രംഗത്തു വന്നിരിക്കുന്നത്.
Posted on: August 25, 2019 11:31 am | Last updated: August 25, 2019 at 11:36 am

മുത്വലാഖിനും പൗരത്വബില്ലിനും കശ്മീരിനും പിന്നാലെ മതന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അടുത്ത അജൻഡയിലേക്ക് കടക്കാനുള്ള ബി ജെ പിയുടെ തീരുമാനത്തിന്റെ ഭാഗമായി വേണം സംവരണത്തെക്കുറിച്ച് ആർ എസ് എസ് മേധാവി മോഹൻ ഭഗവത് നടത്തിയ പ്രസ്താവനയെ വിലയിരുത്താൻ. സംവരണ വിഷയത്തിൽ പ്രശ്‌നപരിഹാരത്തിന് സൗഹാർദപരമായ ചർച്ചകൾ ആവശ്യമാണെന്നായിരുന്നു ഏതാനും ദിവസങ്ങൾക്ക് മുമ്പ് ന്യൂഡൽഹിയിൽ ‘ഗ്യാൻ ഉത്സവി’ന്റെ സമാപനസമ്മേളനത്തിൽ പ്രസംഗിക്കവേ മോഹൻ ഭഗവത് ആവശ്യപ്പെട്ടത്. സംവരണ വിഷയം ഉയർന്നുവരുമ്പോഴൊക്കെ വിവിധ ഭാഗങ്ങളിൽനിന്ന് രൂക്ഷമായ പ്രകരണങ്ങളാണ് ഉണ്ടാകാറുള്ളതെന്നതിനാൽ അവരുടെ വികാരങ്ങൾ മാനിച്ചു വണം ചർച്ച. അതുപോലെ സംവരണാനുകൂലികളുടെ വികാരം എതിർ പക്ഷവും മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഷ്ട്രീയ പ്രത്യാഘാതം ലഘൂകരിക്കാനായി അൽപ്പം മയപ്പെടുത്തി പറഞ്ഞെങ്കിലും ആർ എസ് എസിന്റെ മനസ്സിലിരിപ്പു തന്നെയാണ് ഭഗവതിലൂടെ വീണ്ടും പുറത്തു ചാടിയിരിക്കുന്നത്. സംവരണം എന്ന സംവിധാനത്തോട് സംഘ്പരിവാർ എക്കാലവും പ്രത്യയ ശാസ്ത്രപരമായി തന്നെ വിയോജിച്ചു വരുന്നതാണ്. ഇപ്പോഴത്തെ സവിശേഷ സാഹചര്യത്തിൽ അഭിപ്രായ പ്രകടനത്തിന്റെ രൂപത്തിൽ ഒരിക്കൽ കൂടി അതെടുത്തിടുമ്പോൾ സംവരണത്തിന്റെ ആനുകൂല്യങ്ങൾ നേടുന്ന ദളിത് പിന്നാക്ക വിഭാഗങ്ങൾക്ക് ആശങ്കയേറും. ബി ജെ പിക്ക് ലോക്‌സഭയിൽ കനത്ത ഭൂരിപക്ഷമുണ്ട്. എൻ ഡി എയിൽ പാർട്ടിക്ക് സർവാധിപത്യവും. രാജ്യസഭയിലും ഉടൻ ഭൂരിപക്ഷത്തിലെത്തും. ഇനി എത്തിയില്ലെങ്കിലും കുഴപ്പമില്ല. ഇളകി നിൽക്കുന്ന പ്രതിപക്ഷ അംഗങ്ങൾ സഹായിച്ചു കൊള്ളും. അതാണല്ലോ ആർ ടി ഐ ഭേദഗതിയിലും കശ്മീർ വിഷയത്തിലുമെല്ലാം കണ്ടത്. അത്‌കൊണ്ട് ചർച്ചയാകാമെന്ന് മോഹൻ ഭഗവത് പറഞ്ഞാൽ സംവരണം എടുത്തു കളയാൻ ആലോചിക്കുന്നുവെന്ന് തന്നെയാണ് പരാവർത്തനം ചെയ്യേണ്ടത്.

വിദ്യാഭ്യാസ, തൊഴിൽ മേഖലകളിൽ ദളിതുകൾക്കും മതന്യൂനപക്ഷങ്ങൾക്കും ഭരണഘടന ഉറപ്പ് നൽകുന്ന സംവരണം എടുത്തു കളയണമെന്നത് സംഘ്പരിവാറിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. ഇന്ത്യയിൽ ജാതിയനുസരിച്ചുള്ള സംവരണം അനിവാര്യമാക്കിയത് കടുത്ത ജാതി വിവേചനമാണല്ലോ. മനുഷ്യരെ അധമനും ഉത്കൃഷ്ടനുമായി വകതിരിക്കുന്ന ക്രൂരവും വിചിത്രവുമായ ജാതിവ്യവസ്ഥയുടെ എന്തെല്ലാം ആവിഷ്‌കാരങ്ങളാണ് നമ്മുടെ നാട്ടിൽ അരങ്ങേറിയിട്ടുള്ളത്. രാജ്യത്തെ ഭരണഘടന സമ്പൂർണമായി നിരോധിച്ച അയിത്താചരണം ഇന്നും വിവിധ ഭാഗങ്ങളിൽ നടക്കുന്നു. തൊഴിൽ ചൂഷണങ്ങളും വിദ്യാഭ്യാസ നിഷേധവും തുടരുന്നു. മനുഷ്യനെന്ന അന്തസ്സ് ജാതിയിൽ താഴ്ന്നവരെന്ന് മുദ്ര കുത്തപ്പെട്ടവർക്ക് ലഭിക്കുന്നേയില്ല. തമഴിനാട്ടിലെ വെല്ലൂരിൽ നിന്ന് കഴിഞ്ഞ ദിവസം വന്ന ഒരു വാർത്ത മാത്രം മതി ഇന്നും എത്രമാത്രം ക്രൂരമായാണ് ജാതി വിവേചനം നമ്മുടെ സാമൂഹിക ജീവിതത്തെ മലീമസമാക്കുന്നതെന്ന് മനസ്സിലാക്കാൻ.

വെല്ലൂർ ജില്ലയിലെ തിരുപട്ടൂരത്ത് സവർണർ വഴി മുടക്കിയതോടെ, ദളിതനായ കുപ്പന്റെ മൃതദേഹം പാലത്തിൽ നിന്ന് കയർ കെട്ടി താഴേക്കിറക്കി സംസ്‌കരിക്കുകയായിരുന്നു. എന്തൊരു ഗതികേടാണിത്. പുഴക്കരയിലെ പൊതു ശ്മശാനത്തിലാണ് ദളിതരുടെ മൃതദേഹം സംസ്‌കരിക്കാറുള്ളത്. പാലം കടന്നു വേണം ശ്മശാനത്തിലെത്താൻ. കുപ്പന്റെ മൃതദേഹവുമായി പാലം കടന്നു വരുന്നവരെ പുഴക്ക് അക്കരെ സവർണ ജാതിക്കാരായ ഗൗണ്ടർ വാണിയാർ വിഭാഗത്തിൽപ്പെട്ടവർ തടഞ്ഞു. താഴ്ന്ന ജാതിക്കാരുടെ മൃതദേഹം തങ്ങളുടെ കൃഷിഭൂമിയിലൂടെ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നവർ ശഠിച്ചു. ഇതേ തുടർന്നാണ് ദളിതർക്ക് മൃതദേഹം പാലത്തിൽ കയർ കെട്ടി താഴെയിറക്കേണ്ടി വന്നത്.

കാലങ്ങളായി ദളിതർ ഉപയോഗിക്കുന്നതാണ് ഈ ശ്മശാനം. പത്ത് വർഷം മുമ്പ് പുഴക്ക് അക്കരെയുള്ള സ്ഥലം ഉന്നത ജാതിക്കാർ കൈയേറി സ്വന്തമാക്കുകയും വേലികെട്ടി തിരിക്കുകയും ചെയ്തതോടെയാണ് പ്രശ്‌നങ്ങൾ ഉടലെടുത്തത്. തുടർന്ന് നദിക്കരയിലേക്കുള്ള വഴിയിൽ താഴ്ന്ന ജാതിക്കാർക്ക് അവർ വിലക്കേർപ്പെടുത്തി. അമ്പതോളം ദളിത് കുടുംബങ്ങൾ താമസിക്കുന്ന വാണിയമ്പാടി പ്രദേശത്ത് മൃതദേഹങ്ങൾ ശ്മശാനത്തിലെത്തിക്കാൻ പാലത്തിൽ നിന്ന് കയറിൽ കെട്ടിയിറക്കേണ്ടി വന്നത് ആദ്യത്തെ സംഭവമല്ല. ഇ വി രാമസ്വാമി നായ്ക്കരുടെ നേതൃത്വത്തിൽ സവർണാധിപത്യത്തിനെതിരെ കടുത്ത പോരാട്ടം നടത്തി ദ്രാവിഡന്റെ ആത്മാഭിമാനം വീണ്ടെടുത്തെന്ന് അഭിമാനം കൊള്ളുന്ന തമിഴ്‌നാട്ടിലാണിതെന്നോർക്കണം.
രാജ്യത്തുടനീളം നടക്കുന്ന തൊട്ടുകൂടായ്മയുടെയും തീണ്ടിക്കൂടായ്മയുടെയും ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ക്ഷേത്രത്തിൽ ആരാധന നടത്താനെത്തിയെന്ന കാരണത്താൽ ദളിത് യുവാവിനെ മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത് സമീപ കാലത്താണ്. ചത്ത പശുവിന്റെ തോലുരിച്ചതിനാണ് യു പിയിൽ മൂന്ന് ദളിത് യുവാക്കളെ പൂർണ നഗ്‌നരാക്കി കൈകാലുകൾ കെട്ടി നിഷ്ഠൂരമായി മർദിച്ചത്. ദളിതർ നന്നായി പഠിച്ചുയരുന്നതും കലാലയങ്ങളിൽ മികവ് കാണിക്കുന്നതും സഹിക്കാനുള്ള മനസ്സ് പോലും സവർണ വിഭാഗത്തിനില്ല. പഠനത്തിൽ മികവ് കാണിച്ചതിന് പന്ത്രണ്ടാം ക്ലാസ്സുകാരിയായ ഒരു വിദ്യാർഥിനിക്ക് മേൽജാതിക്കാരായ സഹപാഠികളിൽ നിന്ന് നിരന്തരം ക്രൂരമർദനമേൽക്കേണ്ടി വന്നത് ബീഹാർ മുസാഫർപൂർ സർക്കാർ സ്‌കൂളിലായിരുന്നു. പിന്നാക്കക്കാരൻ പുതിയ കാർ വാങ്ങിയതിന്റെ പേരിൽ മുന്നാക്ക ജാതിക്കാർ ആക്രമിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു അടുത്ത കാലത്ത്. ഉയർന്ന ഐ പി എസ് ഉദ്യോഗസ്ഥനും ഭീകരവിരുദ്ധ സേനയുടെ ഡയറക്ടർ ജനറലുമായിരുന്നിട്ടും രാജൻ പ്രിയദർശിക്ക് കീഴ്ജാതിക്കാരനായതിന്റെ പേരിൽ സ്വന്തം നാട്ടിലെ ബാർബർ ഷോപ്പിൽ മുടിവെട്ടിക്കൊടുക്കാനും ക്ഷൗരം ചെയ്യാനും ബാർബർമാർ തയ്യാറായിരുന്നില്ലെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതിനർഥം നാട് ഒട്ടും മാറിയിട്ടില്ലെന്ന് തന്നെയാണ്. സംവരണ സമുദായങ്ങൾ ഇന്നും താഴേക്കിടയിൽ തന്നെ.

സത്യത്തിൽ ഇന്ത്യയിൽ നിലനിൽക്കുന്ന സംവരണം ഈ വിവേചനത്തിൽ നിന്നുള്ള പരിചയാണ്. അത് ദളിത്, പിന്നാക്ക വിഭാഗങ്ങളെ ശാക്തീകരിക്കാൻ ലക്ഷ്യമിടുന്നു. ഓരോ ജാതിക്കാരും ചില പ്രത്യേക ജോലികൾ മാത്രമേ പാടുള്ളൂ എന്ന അവസ്ഥ നിലവിലുണ്ടായിരുന്നു. അതാണ് ചാതുർവർണ്യ വ്യവസ്ഥ. ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യ വർണ്ണത്തിൽപ്പെട്ട ജാതിക്കാർ സമൂഹത്തിലെ മുഖ്യകാര്യക്കാരും ശൂദ്ര വർണ്ണത്തിൽപ്പെട്ട ജാതിക്കാർ മേൽ പറഞ്ഞ വിഭാഗക്കാരുടെ സേവകരായും ജോലി ചെയ്തു. പഞ്ചമർ അല്ലെങ്കിൽ നിഷാദർ എന്നറിയപ്പെടുന്ന അഞ്ചാമത്തെ വിഭാഗം സമൂഹത്തിൽ നിന്ന് ബഹിഷ്‌കരിക്കപ്പെട്ടു. ആയിരക്കണക്കിന് വർഷങ്ങൾ സമൂഹത്തിൽ നിലനിന്ന വ്യവസ്ഥയാണ് ചാതുർവർണ്യം. ഇന്ത്യയുടെ ഭരണഘടന തയ്യാറാക്കുന്നതിനായി കമ്മിറ്റി രൂപവത്കരിച്ചപ്പോൾ അതിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റി ചെയർമാനായി അംബേദ്കർ നിയമിക്കപ്പെട്ടു. അടിച്ചമർത്തപ്പെട്ട ദളിതുകൾക്കും മറ്റ് പിന്നോക്ക ജാതിക്കാർക്കും ഒരു കൈത്താങ്ങെന്നനിയിലാണ് അദേഹത്തിന്റെ കൂടി ശ്രമഫലമായി ഉന്നത വിദ്യാഭ്യാസത്തിനും സർക്കാർ മേഖലയിലെ ജോലികൾക്കുമായി സംവരണം ഏർപ്പെടുത്തിയത്.

അംബേദ്കർ സ്വയം ജാതിവിവേചനത്തിന്റെ ഇരയായതിനാൽ അദ്ദേഹത്തിന് ആ വേദന ആഴത്തിൽ മനസ്സിലായി. സമൂഹത്തിൽ സമത്വം അല്ലെങ്കിൽ ദളിത് പിന്നോക്കക്കാർക്ക് അഭിവൃദ്ധി ഉണ്ടാകുന്നതുവരെ സംവരണം തുടരുമെന്നാണ് ഭരണഘടനാ വ്യവസ്‌കളുടെ അന്തസ്സത്ത. ഇതു രണ്ടും ഇനിയും സാധ്യമായിട്ടില്ല. അത്‌കൊണ്ട് സംവരണം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ഒരു ചർച്ചക്കും ഇന്ത്യയിൽ ഇപ്പോൾ പ്രസക്തയില്ല.
പക്ഷേ, ഇതൊന്നും ആർ എസ് എസ് നേതാക്കൾ ചെവികൊള്ളില്ല. ജാതിവ്യവസ്ഥ ദൈവസൃഷ്ടിയായോ കർമ ഫലമായോ കരുതുന്ന പ്രത്യയശാസ്ത്രമാണ് ആർ എസ് എസിനുള്ളത് എന്നത് തന്നെയാണ് കാരണം. മനുസ്മൃതിയാണ് അവരുടെ നിയമ സംഹിത. അതുകൊണ്ട് ജാതിവിവേചനം മറികടക്കാൻ ഒരു പരിധി വരെയെങ്കിലും സഹായകമാകുന്ന സംവരണം അവർക്ക് അശ്രീകരമാണ്. ഗുരുജിയെന്ന് വിളിക്കപ്പെടുന്ന ഗോൾവാൾക്കർ വിചാരധാരയിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. പ്രത്യേക ആനുകൂല്യങ്ങൾ നൽകുന്നത് പ്രത്യേക താത്പര്യ ഗ്രൂപ്പായി ദളിതരെ മാറ്റുമെന്നും അതുകൊണ്ട് അത് അരുതെന്നും ഗോൾവാൾക്കർ എഴുതിയത് 1966ലാണ്. ‘ദളിത് വിഭാഗങ്ങൾക്ക് ഇനിയും വളരെക്കാലം സമൂഹത്തിന്റെ ഇതര വിഭാഗക്കാർക്കൊപ്പം എത്താൻ കഴിയുന്നില്ലെന്ന് പറയുന്നത് അവർക്കുതന്നെ അപമാനകരവും വസ്തുതാവിരുദ്ധവുമാണെ’ന്നും അദ്ദേഹം ആ പുസ്തകത്തിൽ എഴുതി. ഈ നിലപാടിന്റെ മുഴക്കം ഓരോ ആർ എസ് എസ്/ ബി ജെ പി നേതാവിന്റെയും വാക്കുകളിൽ പ്രകമ്പനം കൊള്ളുക സ്വാഭാവികം. ആർ എസ് എസ് നേതാവ് വൈദ്യയുടെ പ്രസ്താവന ഇതിന്റെ പ്രത്യക്ഷമായ തെളിവാണ്. വൈദ്യ പറയുന്നത് ‘ജാതിക്ക് ഇന്ന് പ്രസക്തിയില്ലാത്തതുകൊണ്ട് ജാതി അടിസ്ഥാനത്തിൽ പട്ടികജാതിക്കാർക്കും പട്ടികവർഗക്കാർക്കും മറ്റു പിന്നാക്ക വിഭാഗങ്ങൾക്കും നൽകുന്ന സംവരണം എടുത്തുകളയണമെന്നാണ്. പകരം സാമ്പത്തിക അടിസ്ഥാനത്തിൽ സംവരണം ഏർപ്പെടുത്തിയാൽ മതി’ എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.
2015ലെ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി മോഹൻ ഭഗവത് സംവരണം സംബന്ധിച്ച് നടത്തിയ പ്രസ്താവന വൻ വിവാദമാവുകയും തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് അത് തിരിച്ചടിയാകുകയും ചെയ്തിരുന്നു. ഇതോടെ സംവരണത്തെക്കുറിച്ച പ്രസ്താവനകളിൽ നിന്നു മനഃപൂർവം വിട്ടു നിന്ന അദ്ദേഹം മോദി സർക്കാർ കൂടുതൽ കരുത്തോടെ അധികാരത്തിൽ തിരിച്ചത്തിയ പശ്ചാത്തലത്തിലാണ് വീണ്ടും തന്റെ അജൻഡയുമായി രംഗത്തു വന്നത്. ഇന്ത്യയിലെ സംവരണവിരുദ്ധ കലാപങ്ങളിലെല്ലാം എന്നും ബിജെപിയുടെ പൂർവരൂപങ്ങൾ സജീവ പങ്കുവഹിച്ചിരുന്നു. 1981ലെ ഗുജറാത്തിലെ സംവരണവിരുദ്ധ പ്രസ്ഥാനമായാലും പട്ടികവിഭാഗങ്ങൾക്ക് പാർലിമെന്റിൽ നൽകുന്ന സംവരണം നീട്ടുന്നതിനെതിരെ 1989ൽ യു പിയിൽ നടന്ന സമരമായാലും തൊണ്ണൂറുകളിലെ മണ്ഡൽവിരുദ്ധ പ്രക്ഷോഭമായാലും ഇത് വ്യക്തമാണ്.

നിലവിലുള്ള ജാതി സാമുദായിക സംവരണം തൂത്തെറിഞ്ഞ് പകരം വെക്കുമെന്ന് പറയുന്ന സാമ്പത്തിക സംവരണം സാമൂഹിക അസമത്വത്തിനും ചരിത്രപരമായ പിന്നാക്കാവസ്ഥക്കും ഒരിക്കലും പരിഹാരമാകില്ല. എന്നാൽ മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്കായി പത്ത് ശതമാനം സംവരണം ഒന്നാം മോദി സർക്കാറിന്റെ അവസാന നാളുകളിൽ കൊണ്ടു വന്നപ്പോൾ കോൺഗ്രസും സി പി എം അടക്കമുള്ള ഇടതു പാർട്ടികളും പിന്തുണക്കുകയാണ് ചെയ്തത്. കേൾക്കാൻ ഇമ്പമുള്ള, ആർക്കും എതിർക്കാൻ തോന്നാത്ത കെണിയാണ് സാമ്പത്തിക സംവരണം. മുന്നാക്കക്കാരിലെ ദാരിദ്ര്യം ഒരു യാഥാർഥ്യമല്ലേ എന്നാണ് ചോദ്യം. മുന്നോക്കക്കാരന്റെ ദാരിദ്ര്യവും പിന്നാക്കക്കാരന്റെ ദാരിദ്ര്യവും വ്യത്യാസമുണ്ട് എന്നതാണ് ഉത്തരം. എത്ര ദരിദ്രനായാലും സവർണ്ണ സമുദായങ്ങൾ സാമൂഹികമായും വിദ്യാഭ്യാസപരമായും ഉയർന്ന ശ്രേണിയുടെ ആനുകൂല്യം നേടുന്നുണ്ട്. ക്ലാസ് മുറികളിൽ അത് കൃത്യമായി കാണാം. ഉന്നത ജാതിപ്പേരുമായി വരുന്ന വിദ്യാർഥിയോട് അധ്യാപകൻ പറയാറുള്ളത് നീയൊക്കെ ഇങ്ങനെയാകാമോ എന്നാണ്. അവൻ/അവൾ പ്രത്യേക ശ്രദ്ധയാകർഷിക്കുന്നു. ഇത് പഠനത്തിൽ മുന്നേറാൻ അവസരമൊരുക്കുന്നു.
തലമുറകളുടെ ഒരു വിദ്യാഭ്യാസ പാരമ്പര്യം തന്നെ അവർക്കുണ്ടാകും. എന്നാൽ പിന്നാക്കക്കാരന്റെ വിദ്യാഭ്യാസ പാരമ്പര്യം ഒന്നോ രണ്ടോ തലമുറക്കപ്പുറം പോകില്ല. ഈ പരാധീനത അവരുടെ പുതിയ തലമുറകളുടെ കഴിവിലും പ്രതിഫലിക്കും. അതുകൊണ്ടാണ് എൻട്രൻസ് പരീക്ഷകളിലും സിവിൽ സർവീസ് പരീക്ഷകളിലും വിജയം കണ്ടെത്തുന്ന പിന്നാക്കക്കാരുടെ എണ്ണം ഇപ്പോഴും കുറവായിരിക്കുന്നത്.

സാമ്പത്തിക സംവരണത്തിലേക്ക് ആദ്യ പടി വെച്ചു കഴിഞ്ഞ മോദി സർക്കാറിൽ നിന്ന് കൂടുതൽ സംവരണവിരുദ്ധ നീക്കങ്ങൾ ഉണ്ടാകുമെന്ന് തന്നെയാണ് കാണേണ്ടത്. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ അതിന്റെ കെടുതി ഏറ്റവും രൂക്ഷമായി അനുഭവിക്കേണ്ടി വരിക ദളിത് പിന്നാക്ക വിഭാഗങ്ങളാകും. ഈ ഘട്ടത്തിൽ തന്നെയാണ് സംവരണം ചർച്ചയാക്കുന്നത്. സംവരണ വിരുദ്ധ നീക്കങ്ങൾക്കെതിരെ വലിയ ജനകീയ പ്രതിരോധം അനിവാര്യമാണ്. അത് ഏതെങ്കിലും ജാതിസംഘടനകളുടെ ഉത്തരവാദിത്വമല്ല. മുഴുവൻ ജനാധിപത്യവിശ്വാസികളുടെയും വലിയ ഐക്യനിര ഉയർന്നു വരേണ്ടയിരിക്കുന്നു.