National
കൊങ്കണ്‍ പാതയില്‍ മണ്ണിടിഞ്ഞു; നിരവധി ട്രെയിനുകള്‍ കുടുങ്ങിക്കിടക്കുന്നു

മംഗളൂരു: നഗരത്തിനു സമീപം പടീല്‍-കുലശേഖര റെയില്‍വേ സ്റ്റേഷനുകള്‍ക്ക് ഇടയില്‍ റെയില്‍ പാളത്തില്‍ മണ്ണിടിഞ്ഞ് വീണ് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഇന്നു പുലര്‍ച്ചെയാണു സംഭവം. മംഗലാപുരം -മംഗളൂരു ജംക്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് മൂന്നരകിലോ മീറ്റര്‍ വടക്കാണ് മണ്ണിടിച്ചില്‍. മുകളില്‍നിന്ന് മണ്ണുനീക്കുന്നത് അനുസരിച്ച് ചെളിയിറങ്ങുന്നതിനാല്‍ ഗതാഗത തടസ്സം രണ്ടാഴ്ചയോളം നീണ്ടേക്കുമെന്ന് റെയില്‍വേ അധികൃതര്‍ സൂചന നല്‍കി.
മംഗളൂരുവില്‍നിന്നു ഗോവ മഡ്ഗാവിലേക്കു പുറപ്പെട്ട 56640 നമ്പര്‍ പാസഞ്ചര്‍, 22636 നമ്പര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവ മംഗളൂരു ജംക്ഷനില്‍ എത്തിയശേഷം യാത്ര റദ്ദാക്കി. ലോകമാന്യതിലക്- തിരുവനന്തപുരം നേത്രാവതി എക്‌സ്പ്രസ് ജോക്കട്ടെയിലും ലോകമാന്യതിലക്-മംഗളൂരു മല്‍സ്യഗന്ധ എക്‌സ്പ്രസ് സൂറത്കലിലും പിടിച്ചിട്ടിരിക്കുകയാണ്.
അതേസമയം, നിലവില്‍ മണ്ണിടിഞ്ഞു വീണ കുന്നില്‍ വീണ്ടുമൊരു വിള്ളല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ മണ്ണിടിച്ചില്‍ ഉണ്ടാകാനുള്ള സാധ്യതയാണ് കാണിക്കുന്നത്.