മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയത് സുപ്രീം കോടതി പരിശോധിക്കും; കേന്ദ്രത്തിന് നോട്ടീസയച്ചു

Posted on: August 23, 2019 11:50 am | Last updated: August 23, 2019 at 9:02 pm

ന്യൂഡല്‍ഹി: മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി പരിഗണിക്കും. ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നോട്ടീസയച്ചു.

സമസ്ത ഇ കെ വിഭാഗം നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതിയുടെ നടപടി. മുത്തലാഖ് നിയമം ചോദ്യംചെയ്ത് ജംയിയത്ത് ഉലമ ഐ ഹിന്ദ് എന്ന സംഘടനയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു . മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്ന നിയമം കഴിഞ്ഞ മാസമാണ് പാര്‍ലമെന്റ് പാസാക്കിയത്. മുത്തലാഖ് ചൊല്ലുന്നവരെ മൂന്നുവര്‍ഷം വരെ തടവിന് ശിക്ഷിക്കാവുന്ന നിയമമാണിത്. പുതിയ നിയമം ഭരണഘടനാ നിര്‍ദേശങ്ങള്‍ക്കെതിരാണ്. അതിനാല്‍ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിയില്‍ പറയുന്നു. മറ്റ് മതങ്ങളില്‍ വിവാഹവും വിവാഹ മോചനവും സിവില്‍ നിയമത്തിന്റെ പരിധിയില്‍ വരുമ്പോള്‍ ഒരു പ്രത്യേക മതത്തില്‍പ്പെട്ടവരെ മാത്രം ക്രിമിനല്‍ നിയമത്തിന്റെ ചട്ടത്തില്‍ വരുത്തുന്നത് വിവേചനമാണെന്നും ഹരജിയില്‍ പറയുന്നു.

മതം, ജാതി, ലിംഗം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ പൗരന്‍മാര്‍ക്കിടയില്‍ വിവേചനം പാടില്ലെന്ന് ഭരണഘടനയുടെ 15-ാം വകുപ്പില്‍ പറയുന്നുണ്ട്. ഇതിന്റെ ലംഘനമാണ് ഇപ്പോഴത്തെ മുത്തലാഖ് നിയമം.അതിനാല്‍ നിയമം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി
പരിഗണിച്ചത്.