Kerala
തുഷാറിന്റെ അറസ്റ്റ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ച ശ്രീധരന്‍പിള്ളക്ക് തിരിച്ചടി

തിരുവനന്തപുരം: ബി ഡി ജെ എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയുടെ അജ്മാനിലെ അറസ്റ്റ് രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിച്ച ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ളക്ക് തിരിച്ചടി. അറസ്റ്റ് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്നും ഇതില്‍ ഗുഡാലോചനയുണ്ടെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കണമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തുഷാറിനെ കെണിയില്‍ പെടുത്തിയത് സി പി എം ആണെന്നാണ് തനിക്ക് കിട്ടിയ വിവരം. ഇടതുപക്ഷത്തോട് ബന്ധപ്പെട്ട ആളാണ് ഇപ്പോള്‍ അറസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
എന്നാല്‍ ഇത് പൂര്‍ണമായും തള്ളിക്കൊണ്ടുള്ള പ്രതികരണമാണ് അറസ്റ്റിന് ശേഷം പുറത്തിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി നടത്തിയത്. തന്റെ അറസ്റ്റില്‍ ഒരു രാഷ്ട്രീയവും ഇല്ല. ആരും രാഷ്ട്രീയമായി ഇടപെട്ടിട്ടുമില്ല. ഇത് പണം കിട്ടാനുള്ള വ്യക്തിപരമായ നീക്കമായിരുന്നെന്നും തുഷാര്‍ പറഞ്ഞു. കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിന് മുതിരില്ലെന്നും കേസിനെ നിയമപരമായി നേരിടുമെന്നും തുഷാര്‍ പറഞ്ഞു.
പത്ത് വര്‍ഷം മുമ്പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ലയുടെ പരാതിയിലാണ് ചൊവ്വാഴ്ച തുഷാര്‍ അറസ്റ്റിലായത്. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെ തുഷാറിന് ജാമ്യം ലഭിക്കുകയായിരുന്നു ജാമ്യതുക കെട്ടിവെക്കാനുള്ള സാഹയം നല്‍കിയത് മലയാളി വ്യവസായി എം യൂസുഫലിയാണെന്നാണ് റിപ്പോര്‍ട്ട്.