കുരുക്കു മുറുകുന്നു; കാറോടിച്ചത് ശ്രീറാം തന്നെയെന്ന് സീറ്റ് ബെല്‍റ്റിലെ വിരലടയാളവും തെളിവ്

Posted on: August 22, 2019 10:18 am | Last updated: August 22, 2019 at 7:10 pm

തിരുവനന്തപുരം: സിറാജിന്റെ തിരുവനന്തപുരം യൂനിറ്റ് മേധാവി കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ വീണ്ടും നിര്‍ണായക തെളിവ്. ബഷീര്‍ കൊല്ലപ്പെടാനിടയായ അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് ശ്രീറാം തന്നെയായിരുന്നുവെന്ന് ഡ്രൈവിംഗ് സീറ്റിലെ സീറ്റ് ബെല്‍റ്റിലെ വിരല്‍പ്പാടുകളില്‍ നിന്ന് ഫോറന്‍സിക് വിദഗ്ധര്‍ കണ്ടെത്തി. വാഹനമോടിച്ചത് ശ്രീറാം തന്നെയായിരുന്നു എന്നതിനുള്ള ശാസ്ത്രീയ രേഖയാണിത്.

കഴിഞ്ഞ ദിവസം പുറത്തായ സി സി ടി വി ദൃശ്യങ്ങള്‍ക്കു പുറമെ പുതിയ തെളിവ് കൂടി വന്നതോടെ ശ്രീറാം കുരുങ്ങാന്‍ സാധ്യതയേറി. മദ്യപിച്ചിരുന്നില്ലെന്നുള്ള ശ്രീറാമിന്റെ വാദം സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞിരുന്നു. അതേസമയം, കൊലപാതക കേസില്‍ പോലീസ് നിരന്തരം വീഴ്ചകള്‍ വരുത്തിയെന്നത് വ്യക്തമായിട്ടുണ്ട്. സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ ശ്രീറാമിനെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടായിരുന്നിട്ടും പോലീസ് മനപ്പൂര്‍വം വിട്ടുകളയുകയായിരുന്നു. പ്രതിയെ രക്ഷിക്കാനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്.

സംഭവ സ്ഥലത്ത് എത്തിയ ക്രൈം എസ് ഐ. ജയപ്രകാശ് ശ്രീറാം മദ്യപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിന് രക്തസാമ്പിളെടുക്കാന്‍ നിര്‍ദേശം നല്‍കിയില്ല. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളും പരിശോധനക്ക് വിധേയമാക്കിയില്ല. സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചു. താനാണ് കാറോടിച്ചതെന്ന് ആദ്യം പറഞ്ഞ വഫ ഫിറോസിനെ കാര്‍ വിളിച്ചു വരുത്തി വീട്ടിലേക്കയച്ചു.

ബഷീറിന്റെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ എവിടെയെന്നതും ദുരൂഹമായി തുടരുകയാണ്. സംഭവം നടന്നയുടന്‍ ശ്രീറാമും വഫയെ പലരെയും ഫോണില്‍ ബന്ധപ്പെട്ടതായി ദൃക്‌സാക്ഷി മൊഴികളുണ്ട്. ഉന്നതരെ വിളിച്ച് രക്ഷപ്പെടാന്‍ വഴിതേടുകയായിരുന്നു ഇവരെന്ന ആക്ഷേപം ശക്തമാണ്. ഈ ഫോണ്‍ കോളുകള്‍ പരിശോധിക്കാന്‍ പോലീസ് തയാറായിട്ടില്ല. ആദ്യ ഘട്ടത്തില്‍ ഫോറന്‍സിക് വിദഗ്ധരുടെ സഹായം തേടാതിരുന്നതും പോലീസിന്റെ ഭാഗത്ത് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്.

അപകടത്തിനിടയാക്കിയ വാഹനമോടിച്ച ശ്രീറാം വെങ്കിട്ടരാമന്‍ ഐ എ എസിന്റെ രക്ത സാമ്പിളുകള്‍ എടുക്കാന്‍ വൈകിയത് പരാതിക്കാരനായ സിറാജ് തിരുവനന്തപുരം ബ്യൂറോ ചെയര്‍മാന്‍ സൈഫുദ്ധീന്‍ ഹാജി പരാതി നല്‍കാന്‍ വൈകിയതിനാലാണെന്ന് കഴിഞ്ഞ ദിവസം ഇടക്കാല റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. എന്നാല്‍, സംഭവം നടന്ന് 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മ്യൂസിയം ക്രൈം എസ് ഐ. ജയപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഇതും പൊളിഞ്ഞു.

ദൃക്‌സാക്ഷിയായ ഒരു ബൈക്ക് യാത്രക്കാരനെ പോലീസ് ഒഴിവാക്കി വിടുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പമുണ്ട്. ബഷീര്‍ ഓടിച്ചിരുന്ന ബൈക്കിന്റെ പിറകെ വന്ന ബൈക്കുകാരനെയാണ് സംഭവ ശേഷം പോലീസ് ഒഴിവാക്കിയത്. ബഷീറിനും ബൈക്ക് യാത്രക്കാരനും പിറകിലായി ശ്രീറാം ഓടിച്ചിരുന്ന വാഹനം അതിവേഗത്തില്‍ എത്തുന്നതായും ഇടതു ഭാഗത്തേക്ക് ഒതുക്കി നിര്‍ത്തിയ ബഷീറിന്റെ ബൈക്കില്‍ ഇടിക്കുന്നതായുമാണ് വെളുപ്പിന് 1.01ന് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുള്ള ദൃശ്യങ്ങളില്‍ ഉള്ളത്. സംഭവം നടന്നത് 59 സെക്കന്‍ഡുകള്‍ക്കുള്ളില്‍ പോലീസ് വാഹനം ബീക്കണ്‍ ലൈറ്റുകള്‍ എല്ലാം പ്രകാശിപ്പിച്ചു അതിവേഗം എത്തുന്നതിന്റെ ദൃശ്യങ്ങളും സി സി ടി വി ഫൂട്ടേജിലുണ്ട്.

അപകടം നടത്തിയ വാഹനമോടിച്ചിരുന്നത് ആരാണെന്ന ആശയക്കുഴപ്പം ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത് മൂലമാണ് ശ്രീറാമിനെതിരെ കേസ് എടുക്കുന്നതിന് വൈകിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരുന്നു. എന്നാല്‍ വാഹനമോടിച്ചിരുന്നത് ആരാണെന്ന് കൃത്യമായി മനസിലാകുന്ന വിധത്തില്‍ പോലീസ് പിന്നാലെ എത്തിയതായി ദൃശ്യങ്ങളില്‍ വ്യക്തമാകുന്നുണ്ട്.
ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ച കോടതി നടപടി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍, പോലീസിന് ആദ്യ ഘട്ടത്തിലുണ്ടായ ആശയക്കുഴപ്പവും പരാതിക്കാരന്‍ പരാതി വൈകിപ്പിച്ചത് മൂലമാണ് രക്തസാമ്പിള്‍ എടുക്കാന്‍ ഒമ്പത് മണിക്കൂറോളം വൈകിയതെന്ന് ബോധിപ്പിച്ചിരുന്നു. എന്നാല്‍ കാറിന്റെ സീറ്റ് ബെല്‍റ്റില്‍ നിന്ന് ലഭിച്ച വിരലടയാളങ്ങളും സി സി ടി വി ദൃശ്യങ്ങളും ഹൈക്കോടതിയെ പോലീസ് തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നതിന് ശക്തമായ തെളിവാണ്.