National
ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരം അറസ്റ്റില്‍


പി ചിദംബരത്തെ വസതിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് സിബിഐ ആസ്ഥാനത്തേക്ക് വാഹനത്തില്‍ കൊണ്ടുപോകുന്നു
ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളപ്പെട്ടതിനെ തുടര്‍ന്ന് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തെ സിബിഐ സംഘം നാടകീയമായി അറസ്റ്റ് ചെയ്തു. തെക്കന്‍ ഡല്‍ഹിയിലെ ജോര്‍ബാഗിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ നിന്നാണ് ചിദംബരത്തെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി സിബിഐ ആസ്ഥാനത്തേക്ക് കൊണ്ടുപോയി. ചിദംബരത്തിന്റെ വസതിയുടെ മതില്‍ ചാടിക്കടന്നാണ് സിബിഐ സംഘം അകത്ത് പ്രവേശിച്ചത്. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സിബിഐയുടെ നടപടി.
എഐസിസി ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. താന്‍ ഒളിച്ചോടുന്നില്ലെന്നും അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സിബിഐ കാത്തരിക്കുമെന്നാണ് വിശ്വാസമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. മുന്‍കൂര്‍ ജാമ്യം നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ചിദംബരം ഒളിവില്‍ പോയെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം കോണ്‍ഗ്രസ് ആസ്ഥാനത്ത് നേതാക്കളോടൊപ്പം മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഇന്നലെ ഹൈക്കോടതി വിധി വന്നതിന് ശേഷം ചിദംബരം ഡ്രൈവറെയും ക്ലാര്‍ക്കിനേയും ഇറക്കിവിട്ട് കാറുമായി കടന്നുകളഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു.
Congress leader P Chidambaram is being taken to the CBI headquarters in Delhi. https://t.co/dDqPiYmWWZ
— ANI (@ANI) August 21, 2019
പത്രസമ്മേളനത്തിനു ശേഷം രാത്രി 8.30 ഓടെയാണ് ചിദംബരവും അഭിഭാഷകനായ കപില്‍ സിബലും ചിദംബരത്തിന്‍റെ വീട്ടിലെത്തിയത്. ഇതിന് പിന്നാലെ സിബിഐ, എൻഫോഴ്സ്മെൻറ് ഉദ്യോഗസ്ഥരും എത്തി. എന്നാൽ വീടിൻെറ മതിൽ പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് മതിൽ ചാടിക്കടന്ന് ഉദ്യോഗസ്ഥർ നാടകീയമായി അകത്ത് പ്രവേശിക്കുകയായിരുന്നു. ഇതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എഐസിസി ആസ്ഥാനത്തും ചിദംബരത്തിന്‍റെ വീടിന്‍റെ മുന്നിലും തമ്പടിച്ചു പ്രതിഷേധിച്ചു. ബിജെപി പ്രവര്‍ത്തകരും ചിദംബരത്തിനെതിരായി മുദ്രാവാക്യം വിളികളുമായെത്തി. തുടര്‍ന്ന് ഇരു വിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ച് 24 മണിക്കൂര്‍ കഴിയും മുമ്പാണ് അറസ്റ്റ്. കേസില്‍ ചിദംബരത്തിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട ആവശ്യകത സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. തുടര്‍ന്ന് ചിദംബരം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചു. ഒരു ദിവസം നീണ്ട നടപടിക്രമങ്ങള്‍ക്ക് ഒടുവില്‍ സുപ്രീം കോടതി ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
കോടതി നടപടിക്ക് പിന്നാലെ ഇന്നലെ വൈകീട്ടും ഇന്നും സിബിഐ സംഘവും ഡല്‍ഹി പോലീസും എന്‍ഫോഴ്‌സ്‌മെന്റും ചിദംബരത്തിന്റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം വസതിയില്‍ ഉണ്ടായിരുന്നില്ല. ഇതേതുടര്‍ന്ന് ചിദംബരം രാജ്യം വിടുന്നത് തടയാന്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും ലുക്കൗട്ട് സര്‍ക്കുലറും പുറത്തിറക്കിയിരുന്നു. ഇതിനിടയിലാണ് ചിദംബരം അപ്രതീക്ഷിതമായി വാര്‍ത്താ സമ്മേളനത്തിന് എത്തിയത്.
2007ല്‍ പി ചിദംബരം ധനമന്ത്രിയായിരുന്ന കാലത്ത് ഐഎന്‍എക്‌സ് മീഡിയക്ക് വേണ്ടി ചട്ടങ്ങള്‍ മറികടന്ന് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചതാണ് കേസിന് ആസ്പദമായ സംഭവം. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന്റെ ചട്ടപ്രകാരം 4.62 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാനേ കമ്പനിക്ക് അര്‍ഹതയുണ്ടായിരുള്ളൂ. വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡിന് ഐഎന്‍എക്‌സ് മീഡിയ അപേക്ഷ നല്‍കുകയും ധനകാര്യമന്ത്രാലയം ചട്ടങ്ങള്‍ മറികടന്ന് ഇതിന് അംഗീകാരം നല്കുകയുമായിരുന്നു. ഇന്ദ്രാണി മുഖര്‍ജിയും ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായിരുന്നു ഐഎന്‍എക്‌സ് മീഡിയയുടെ ഉടമകള്‍. ഇവര്‍ക്കുപുറമേ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിംദബരവും കേസില്‍ പ്രതിയാണ്.