Connect with us

National

ഒളിച്ചോടിയിട്ടില്ലെന്ന് ചിദംബരം; എഐസിസി ആസ്ഥാനത്ത് അപ്രതീക്ഷിത വാര്‍ത്താസമ്മേളനം

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ സിബിഐ ലുക്കൗട്ട് സര്‍ക്കുലര്‍ ഇറക്കി തിരയുന്ന മുന്‍ ധനമന്ത്രി പി ചിദംബരം എഐഎസിസി ആസ്ഥാനത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം വാര്‍ത്താസമ്മേളനം നടത്തി. താന്‍ ഒളിച്ചോടിയിട്ടില്ലെന്നും തനിക്കെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നിയമത്തെ ബഹുമാനിക്കുന്നുവെങ്കില്‍ അന്വേഷണ ഏജന്‍സികള്‍ അറസ്റ്റ് ഉള്‍പ്പെടെ നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെന്നും ചിദംബരം പറഞ്ഞു.

നിയമത്തില്‍ നിന്ന് താന്‍ ഒളിച്ചോടിയിട്ടില്ല. പകരം നിയമത്തിന്റെ സംരക്ഷണം തേടിയാണ് കോടതിയെ സമീപിച്ചത്. തന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി പറഞ്ഞിട്ടുണ്ട്. അതുവരെ സിബിഐയുടെ ഭാഗത്ത് നിന്ന് മറ്റു നടപടികള്‍ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. വെള്ളിയാഴ്ചയും അതിന് ശേഷവും തനിക്ക് നീതി ലഭിക്കുമെന്നാണ് വിശ്വസിക്കുന്നത്. താനും കുടുംബവും തെറ്റ് ചെയ്തിട്ടില്ലെന്നും ചിദംബരം വിശദീകരിച്ചു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഡല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിതെ തുടര്‍ന്ന് ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള തീവ്രശ്രമത്തിലാണ് സിബിഐ സംഘം. ഇതിനായി ഇന്നലെയും ഇന്നും അവര്‍ ഡല്‍ഹിയിലെ ചിദംബരത്തിന്റെ വസതിയില്‍ എത്തിയിരുന്നു. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നില്ല. ഹൈക്കോടതി ജാമ്യം നിഷേധിച്ച ഉടന്‍ കോടതിയില്‍ നിന്ന് പുറത്തുവന്ന അദ്ദേഹം ഡ്രൈവറെയും ക്ലാര്‍ക്കിനെയും വഴിയില്‍ ഇറക്കിവിട്ട് കാറോടിച്ച് പോയെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ചത്തേക്ക് മാറ്റിയ സാഹചര്യത്തില്‍ അറസ്റ്റ് നടപടികളിലേക്ക് സിബിഐ ഉടന്‍ കടക്കില്ലെന്ന സൂചനയും പുറത്തുവരുന്നുണ്ട്.

---- facebook comment plugin here -----

Latest