കശ്മീരില്‍ ഇപ്പോഴുള്ളത് ബി ജെ പിയുടെ സംഘടനാ പ്രവര്‍ത്തനം മാത്രം

Posted on: August 21, 2019 3:43 pm | Last updated: August 22, 2019 at 9:51 am

ന്യൂഡല്‍ഹി: കശ്മീരിനെ വിഭജിക്കാനുള്ള തീരുമാനം എടുക്കുകയും പ്രത്യേക പദവി എടുത്തുകളയുകയും ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ സുരക്ഷാ നിയന്ത്രണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു. സ്വാതന്ത്ര്യത്തോടെയുള്ള ജനവീവിതം ഇല്ലാതായിട്ട് രണ്ട് ആഴ്ച കഴിഞ്ഞു. പലയിടത്തും ജനം ഭയന്ന് വീട്ടിന് പുറത്ത്‌പോലും ഇറങ്ങുന്നില്ല. സ്‌കൂളുകളെല്ലാം തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും തുറന്നത് ഭാഗികം മാത്രം. തുറന്ന സ്‌കൂളുകളില്‍ ഹാജര്‍ നില കുറവ്. നിരവധി രാഷ്ട്രീയ പാര്‍ട്ടികളുണ്ടായിരുന്ന കശ്മീരില്‍ ഇപ്പോള്‍ ബി ജെ പിക്ക് മാത്രമാണ് പ്രവര്‍ത്തന സ്വാതന്ത്ര്യം. മറ്റ് പാര്‍ട്ടികളുടെ ശ്രീനഗറിലെ ഓഫീസെല്ലാം അടഞ്ഞുകിടക്കുന്നു്.

മൂന്ന് മുന്‍ മുഖ്യമന്ത്രിമാരടക്കം കശ്മീരിലെ ഒട്ടുമിക്ക പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും കസ്റ്റഡിയിലാണ്. ബി ജെ പിയുടെ ഒരു നേതാവും കസ്റ്റഡിയിലില്ല.

ആഗസ്റ്റ് അഞ്ചു മുതല്‍ ഇതുവരെയായിട്ട് ആയിരങ്ങള്‍ കശ്്മീരില്‍ അറസ്റ്റിലായതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ജയിലുകള്‍ നിറഞ്ഞതിനെ തുടര്‍ന്ന് പുറത്തേക്ക് തടവുകാരെ കൊണ്ടുപോകുന്നതായും റിപ്പോര്‍ട്ടുണ്ട്.