Sports
ഇന്ത്യയുടെ മാനുവല്‍ ന്യുവര്‍ തിരക്കിലാണ്

അര്‍ജുന അവാര്‍ഡിന്റെ തിളക്കത്തില്‍ നില്‍ക്കുമ്പോഴും ഇന്ത്യന്‍ ഫുട്‌ബോളിലെ സൂപ്പര്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിംഗ് സന്ധു ആഘോഷങ്ങള്‍ക്ക് സമയം കളയാന്‍ ഒരുക്കമല്ല. പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ് താരം. 2022 ലോകകപ്പ് യോഗ്യതാ റൗണ്ട്, ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്വറിനെതിരായ മത്സരം ഇങ്ങനെ തിരക്കോട് തിരക്കിലാണ് ഗുര്‍പ്രീത് സിംഗ് സന്ധു. സെപ്തംബര്‍ അഞ്ചിനാണ് ലോകകപ്പ് യോഗ്യതാ റൗണ്ട്. എണ്‍പത്തേഴാം റാങ്കിലുള്ള ഒമാനാണ് എതിരാളി. മത്സരം ഗുവാഹത്തിയിലാണ്.
ഖത്വറുമായുള്ളത് എവേ മത്സരം. ഇതിനെല്ലാമുള്ള തയ്യാറെടുപ്പുകള്‍ നടക്കുക ഗോവയിലെ ക്യാമ്പിലാണ്. ഗ്രൂപ്പ് ഇയില്‍ അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളെയും ഇന്ത്യ നേരിടും.നോര്‍വെയിലെ സ്റ്റബേക്ഫുട്‌ബോളില്‍ നിന്ന് 2017ലാണ് ഗുര്‍പ്രീത് സിംഗ് നാട്ടിലെ ക്ലബ്ബില്‍ ചേരുന്നത്. ഐ എസ് എല്ലില്‍ ബെംഗളുരു എഫ് സിയുടെ മിന്നും താരമായി. കഴിഞ്ഞ സീസണില്‍ ബെംഗളുരു ചാമ്പ്യന്‍മാരായപ്പോള്‍ ഗുര്‍പ്രീത് ഹീറോ ആയി. ഇരുപത്തേഴു വയസുള്ള ഗുര്‍പ്രീത് സിംഗ് അര്‍ജുന പുരസ്‌കാരത്തിന് അര്‍ഹനായിരിക്കുന്നു. അര്‍ജുന നേടുന്ന ഇരുപത്താറാമത്തെ ഫുട്‌ബോള്‍ താരമാണ് ഗുര്‍പ്രീത് സിംഗ്.
പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് കീഴില്‍ ടീം അടിമുടി മാറിയെന്നാണ് ഗുര്‍പ്രീത് പറയുന്നത്. മുന്‍ പരിശീലകന്‍ സ്റ്റീഫന്‍കോണ്‍സ്റ്റന്റൈന്‍ ഡയറക്ട് ഫുട്‌ബോളാണ് പയറ്റിയതെങ്കില്‍ ഇഗോര്‍ സ്റ്റിമാക് പൊസഷന്‍ കേന്ദ്രീകരിച്ചുള്ള കളിക്കാണ് പ്രാധാന്യം നല്‍കുന്നത്. പിറകില്‍ നിന്ന് തുടങ്ങുന്ന അറ്റാക്കിംഗ് പൊസിഷനിംഗാണ്ഇഗോറിന്റെ പ്രത്യേകത.
ടീമിലെ എല്ലാവരും ഒരു പോലെ കളിക്കണം. ഗോള്‍കീപ്പര്‍ ഫീല്‍ഡ് പ്ലെയറെ പോലായാകണം. ജര്‍മനിയുടെ മാനുവല്‍ ന്യൂവറും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബ്രസീലിയന്‍ ഗോളി എഡേഴ്‌സനുമാണ് ഗുര്‍പ്രീതിന്റെ ഇഷ്ട താരങ്ങള്‍.