National
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി

കോഴിക്കോട്: ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതിക്ക് കേരളം സജ്ജമാകുന്നു. സ്മാർട്ട് റേഷൻ കാർഡ് വഴി രാജ്യത്തെവിടെ നിന്നും റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയുന്ന പദ്ധതിയുടെ പ്രാരംഭ ചർച്ചകൾ ഇതിനകം നടന്നു കഴിഞ്ഞു. കേന്ദ്ര സർക്കാറിന്റെ ഭക്ഷ്യ സുരക്ഷാ സ്കീം പ്രകാരം നടപ്പാക്കുന്ന പദ്ധതി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഡൽഹിയിൽ ചർച്ച നടത്തി. പദ്ധതി നടപ്പായാൽ ആദ്യഘട്ടത്തിൽ കേരളമടക്കമുള്ള 11 സംസ്ഥാനങ്ങൾക്ക് പ്രത്യേക കോഡ് നൽകും. ഈ കോഡ് ഉപയോഗിച്ച് പദ്ധതി നടപ്പാക്കിയ ഏത് സംസ്ഥാനത്ത് നിന്നും ഉപഭോക്താവിന് റേഷൻ സാധനങ്ങൾ വാങ്ങാൻ കഴിയും. കൂടാതെ നിലവിലെ റേഷൻ കാർഡിന് പകരം സ്മാർട്ട് കാർഡ് നൽകാനും പദ്ധതിയുണ്ട്. എന്നാൽ, വിരലടയാളം ഉപയോഗിച്ചുകൊണ്ടാണ് നിലവിൽ ഉപഭോക്താക്കൾ റേഷൻ സാധനങ്ങൾ കൈപ്പറ്റുന്നതെന്നിരിക്കെ സ്മാർട്ട് കാർഡ് സാവധാനത്തിൽ ലഭ്യമായാലും മതിയെന്നുള്ള അഭിപ്രായമുയർന്നിട്ടുണ്ട്.
കേരളത്തെ സംബന്ധിച്ചിടത്തോളം ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മുപ്പത് ലക്ഷത്തോളം പേർ ഇവിടെ താമസിക്കുന്നുണ്ടെന്നിരിക്കെ അവരിൽ എത്രമാത്രം പേർ റേഷൻ ഉപഭോക്താക്കളാകുമെന്നത് സംബന്ധിച്ച പരിശോധന നടക്കേണ്ടതുണ്ട്. സംസ്ഥാനത്തെ ഇതര സംസ്ഥാനക്കാരിൽ ഭൂരിപക്ഷവും കുടുംബത്തോടൊപ്പമല്ല ഇവിടെ കഴിയുന്നതെന്നിരിക്കെ മിക്ക പേരും റേഷൻസാധനങ്ങൾ ഇവിടെ നിന്ന് വാങ്ങാനിടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.
എന്നാൽ, കഴിഞ്ഞ ദിവസം ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി പി തിലോത്തമൻ വിളിച്ച യോഗത്തിൽ ഇതര സംസ്ഥാന തൊഴിലാളികളെ ഉൾക്കൊള്ളും വിധം കേരളത്തിന് ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന മുത്താറി, ചോളം തുടങ്ങിയ ഭക്ഷ്യവസ്തുക്കളും കേരളത്തിന് ലഭ്യമാക്കണമെന്നും വ്യാപാരികൾ ആവശ്യമുന്നയിച്ചു കഴിഞ്ഞു. നിലവിൽ കേരളത്തിൽ 86,11,658 റേഷൻ കാർഡുകളും 14,298 റേഷൻ ഷോപ്പുകളുമാണുള്ളത്. മലയാളികളായ ധാരാളം പേർ ഇതര സംസ്ഥാനങ്ങളിൽ കുടുംബത്തോടൊപ്പം താമസിക്കുന്നുണ്ട്. ഇവർക്ക് പുതിയ സംവിധാനം ഏറെ പ്രയോജനപ്പെടും.
നിലവിൽ മഹാരാഷ്ട്ര-ഗുജറാത്ത്, ആന്ധപ്രദേശ് – തെലങ്കാന എന്നീ സംസ്ഥാനങ്ങൾക്കിടയിൽ ഈ പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയിട്ടുണ്ട്. കേരളത്തിന് പുറമെ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന, ഝാർഖണ്ഡ്, കർണാടക, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര സംസ്ഥാനങ്ങളിലാണ് ഈ വർഷാവസാനത്തോടെ പദ്ധതിക്ക് തുടക്കം കുറിക്കാനിരിക്കുന്നത്.