Thiruvananthapuram
കോൺഗ്രസ് പുനഃസംഘടന: മുല്ലപ്പള്ളിക്കെതിരെ പടയൊരുക്കം

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസിൽ പുനഃസംഘടനയുമായി ബന്ധപ്പെട്ടുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കെ കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പടയൊരുക്കം തുടങ്ങി. പൊതുവെ ഗ്രൂപ്പിനതീതനെന്ന വിശേഷണമുള്ള മുല്ലപ്പള്ളിക്കെതിരെയാണ് നീക്കം. കോൺഗ്രസിലെ ഗ്രൂപ്പുകൾ ചേർന്നാണ് അധ്യക്ഷനെതിരെ പട നയിക്കുന്നത്. സംസ്ഥാനത്ത് തങ്ങൾക്ക് വഴങ്ങാത്ത അധ്യക്ഷന്മാരെ ഇരു ഗ്രൂപ്പുകളും അധിക കാലം വാഴിച്ചിട്ടില്ലെന്നതാണ് കോൺഗ്രസിന്റെ ചരിത്രം. അടുത്ത കാലത്ത് സംസ്ഥാന അധ്യക്ഷ പദവി സ്വയം ഒഴിഞ്ഞുപോയ വി എം സുധീരന്റെ അനുഭവം വ്യക്തമാണ്.
നിലവിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മുല്ലപ്പള്ളിയെ തെറിപ്പിക്കാനുള്ള നീക്കങ്ങളാണ് ആരംഭിച്ചരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയം മുൻ നിർത്തി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി നീക്കം നടത്തുമെന്ന ആശങ്ക ഇരു ഗ്രൂപ്പ് നേതക്കൾക്കുമുണ്ട്. നിലവിലെ സാഹചര്യത്തിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ കൂടി വിജയമുറപ്പിച്ച് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തിറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇരുഗ്രൂപ്പുകളും അധ്യക്ഷനെതിരെ കരുക്കൾ നീക്കുന്നത്.
ഇതിന്റെ ഭാഗമായി പാർട്ടി പുനഃസംഘടന തടസ്സപ്പെടുത്തി ഇരുഗ്രൂപ്പുകളും അധ്യക്ഷനെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. നിലവിലെ കെ പി സി സിയുടെ ജംബോ കമ്മിറ്റി ചുരുക്കാനുള്ള അധ്യക്ഷന്റെ നീക്കം ഇരുഗ്രൂപ്പുകളെയും ചൊടിപ്പിച്ചിരുന്നു. ഒപ്പം ഒരാൾക്ക് ഒരു പദവിയെന്ന തത്വം നടപ്പാക്കാനുള്ള നീക്കത്തെയും ഗ്രൂപ്പുകൾ എതിർക്കുന്നുണ്ട്. നിലവിൽ ഒരാൾക്ക് ഒരു പദവിയെന്ന വാദത്തിൽ തട്ടിയാണ് കെ പി സി സി പുനഃസംഘടന അനശ്ചിതത്വത്തിലായിരിക്കുന്നത്.
എം പിമാരെയും എം എൽ എമാരെയും പാർട്ടി ഭാരവാഹികളാക്കുന്നതിനെതിരെ കോൺഗ്രസിൽ രൂക്ഷമായ ഭിന്നത നിലനിൽക്കുന്നുണ്ട്. എന്നാൽ, സംഘടനയുടെ നിലനിൽപ്പിനെക്കാൾ സ്വന്തംപദവികൾ നിലനിർത്താനാണ് മിക്ക നേതാക്കളും നീക്കം നടത്തുന്നത്. ഈ നീക്കം പ്രധാനമായും ഐ ഗ്രൂപ്പിനെയാണ് ബാധിക്കുക.
അതേസമയം, ഒരാൾക്ക് ഒരു പദവിയെന്ന വാദം എ ഗ്രൂപ്പ് അംഗീകരിച്ചെങ്കിലും ഐ ഗ്രൂപ്പിനുള്ളിൽ തർക്കം തുടരുകയാണ്. ജനപ്രതിനിധികൾ പാർട്ടി ഭാരവാഹികളാകുന്നത് തടയുന്ന ഒറ്റപ്പദവി തീരുമാനം നടപ്പാക്കിയാൽ നിലവിൽ ഭാരവാഹികളായ പല ഐ ഗ്രൂപ്പ് നേതാക്കൾക്കും സ്ഥാനം നഷ്ടപ്പെടും. ഇതിനിടെ പാർട്ടി ഭാരവാഹിത്വം വേണമെന്ന് മുൻ മന്ത്രിയും എം എൽ എയുമായ ഐ ഗ്രൂപ്പിലെ വി എസ് ശിവകുമാർ ശക്തമായി ആവശ്യമുന്നയിച്ചിട്ടുണ്ട്. എന്നാൽ, ഐ ഗ്രൂപ്പിലെ തന്നെ അടൂർ പ്രകാശ് എം പി, എം എൽ എമാരായ എ പി അനിൽകുമാർ, വി എസ് ശിവകുമാർ എന്നിവരെ ഭാരവാഹികളാക്കാനുള്ള തീരുമാനത്തിനെതിരെ മുതിർന്ന നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ട്. ദേശീയ തലത്തിൽ സംഘടനാ ചുമതലയുള്ള കെ സി വേണുഗോപാലും, കെ മുരളീധരനും ഇക്കാര്യം സൂചിപ്പിച്ചിരുന്നു.
ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളും ഒരേ ആളുകൾ തന്നെയാകുമ്പോൾ മറ്റു നേതാക്കൾക്ക് എന്ത് ജോലിയാണെന്ന് ചോദ്യമാണ് കെ മുരളീധരൻ എം പി ഉന്നയിച്ചത്. നിലവിലുള്ള വർക്കിംഗ് പ്രസിഡന്റിന് പകരം വൈസ് പ്രസിഡന്റുമാർ മതിയെന്ന നിർദേശമാണ് അധ്യക്ഷ നുൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മുന്നോട്ടുവെച്ചത്. എന്നാൽ, വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറുന്നത് സംബന്ധിച്ച് നിലവിലെ ആക്ടിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷും കെ സുധാകരനും എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. വർക്കിംഗ് പ്രസിഡന്റുമാരുടെ നിയമനം ഹൈക്കമാൻഡിന്റെതാണെന്നും ഇതിൽ സംസ്ഥാന നേതൃത്വത്തിന് ഇടപെടാനാകില്ലെന്നുമാണ് ഇരുവരും വാദിക്കുന്നത്.