Connect with us

National

രതുല്‍ പുരിക്കെതിരായ കേസ് കെട്ടിച്ചമച്ചതെന്ന് കമല്‍നാഥ്

Published

|

Last Updated

ഭോപാല്‍: തന്റെ അനന്തരവന്‍ രതുല്‍ പുരിക്കെതിരായ ബേങ്ക് വായ്പാ തട്ടിപ്പു കേസ് കെട്ടിച്ചമച്ചതാണെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. രതുലും കൂട്ടരും നടത്തുന്ന വ്യവസായവുമായി തനിക്ക് ബന്ധമൊന്നുമില്ല. എന്നാല്‍ കേസ് പൂര്‍ണമായും കെട്ടിച്ചമച്ചതാണെന്ന കാര്യത്തില്‍ സംശയമില്ല. വിഷയത്തില്‍ കോടതി നീതിപൂര്‍വകമായ നടപടി സ്വീകരിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും കമല്‍നാഥ് പറഞ്ഞു.

354 കോടി രൂപയുടെ ബേങ്ക് വായ്പാ തട്ടിപ്പ് നടത്തിയ കേസിലാണ് രതുല്‍ പുരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ ഡി) അറസ്റ്റ് ചെയ്തത്. കേസില്‍ രതുലിനെതിരെ സി ബി ഐ കഴിഞ്ഞ ദിവസം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ഇയാളുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, വ്യാജരേഖയുണ്ടാക്കല്‍, അഴിമതി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

രതുല്‍ പുരിക്കു പുറമെ അദ്ദേഹത്തിന്റെ പിതാവും കമ്പനിയുടെ മാനേജിംഗ് ഡയറക്ടറുമായ ദീപക് പുരി, രതുലിന്റെ മാതാവും കമല്‍നാഥിന്റെ സഹോദരിയുമായ ഡയറക്ടര്‍ നിതാ പുരി സഞ്ജയ് ജെയ്ന്‍, മറ്റൊരു ഡയറക്ടര്‍ വിനീത് ശര്‍മ എന്നിവര്‍ക്കെതിരെയും സി ബി ഐ കേസെടുത്തിട്ടുണ്ട്. 2012-ല്‍ രതുല്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പദവി ഒഴിഞ്ഞെങ്കിലും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ പദവികളില്‍ തുടരുകയായിരുന്നു.