മഹാരാഷ്ട്ര: കോണ്‍ഗ്രസ്-എന്‍ സി പി സഖ്യവുമായി ചേരാനൊാരുങ്ങി എസ് പി; മൂന്ന് സീറ്റെങ്കിലും നല്‍കണമെന്ന് ആവശ്യം

Posted on: August 20, 2019 1:23 pm | Last updated: August 20, 2019 at 5:05 pm

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍ സി പി സഖ്യവുമായി കൂട്ടുകൂടാനൊരുങ്ങി സമാജ്വാദി പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റെങ്കിലും നല്‍കണമെന്ന ആവശ്യം എസ് പി മുന്നോട്ടു വച്ചിട്ടുണ്ട്. മുസ്‌ലിം പ്രാതിനിധ്യം കൂടുതലുള്ള മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്തി തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. 288 അംഗ മഹാരാഷ്ട്രാ നിയമസഭയില്‍ ഒരു സീറ്റ് മാത്രമാണ് നിലവില്‍ എസ് പിക്കുള്ളത്. മുസ്‌ലിം പ്രാതിനിധ്യം കൂടുതലുള്ള മുംബൈയിലും സമീപ പ്രദേശങ്ങളിലും ശക്തി തെളിയിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിവരികയാണെന്നും പത്ത് സീറ്റുകളാണ് ആവശ്യപ്പെട്ടതെങ്കിലും കുറഞ്ഞത് മൂന്ന് സീറ്റെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുതിര്‍ന്ന എസ് പി വക്താവ് പറഞ്ഞു. മന്‍ഖുര്‍ദ്-ശിവാജി നഗര്‍, ബൈക്കുള, ഭീവണ്ടി (കിഴക്കന്‍) എന്നീ സീറ്റുകള്‍ ലഭിക്കുമെന്നാണ് വിശ്വാസം.

മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ കോണ്‍ഗ്രസിന് മുന്നില്‍ ചില നിബന്ധനകള്‍ മുന്നോട്ടുവെക്കുമെന്ന് മഹാരാഷ്ട്രയുടെയും മുംബൈയുടെയും ചുമതല വഹിക്കുന്ന അബു ആസിം അസ്മി പറഞ്ഞു. മൂന്ന് സീറ്റ് എന്ന ആവശ്യം അംഗീകരിച്ചാല്‍ മാത്രമെ മുന്നോട്ടുള്ള ചര്‍ച്ചകള്‍ക്ക് തയ്യാറാള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി എസ് പിയുമായി എസ് പി സഖ്യമുണ്ടാക്കിയിരുന്നുവെങ്കിലും ഒരു സീറ്റ് പോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.