തെറ്റായ വീഡിയോ ഉപയോഗിച്ച് അപവാദ പ്രചാരണം: സിസ്റ്റര്‍ ലൂസി കളപ്പുര പോലീസില്‍ പരാതി നല്‍കും

Posted on: August 20, 2019 12:46 pm | Last updated: August 20, 2019 at 12:51 pm

കല്‍പ്പറ്റ: സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ മാനന്തവാടി രൂപതയുടെ അപവാദ പ്രചാരണം. മഠത്തില്‍ തന്നെ കാണാന്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അപവാദ പ്രചാരണം. വ്യക്തിഹത്യക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും സിസ്റ്റര്‍ ലൂസി അറിയിച്ചു.

മാനന്തവാടി രൂപതയുടെ പി ആര്‍ ഒ ടീം അംഗമായ വൈദികനാണ് തനിക്കെതിരെ അപവാദപ്രചാരണം നടത്തിയതെന്ന് സിസ്റ്റര്‍ പറയുന്നു. സഭയില്‍ നിന്ന് പുറത്താക്കിയതിനു പിന്നാലെ സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഈ വിവരം ലൂസി കളപ്പുര തന്നെ മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയും അതേക്കുറിച്ച് അന്വേഷിക്കാന്‍ വാര്‍ത്താ സംഘങ്ങള്‍ അവിടെയെത്തുകയും ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ എത്തുമ്പോഴും മഠത്തിന്റെ മുന്‍വാതില്‍ പൂട്ടിയിട്ട നിലയിലായിരുന്നു.

ആ സാഹചര്യത്തില്‍ അടുക്കള വാതില്‍ വഴിയാണ് മാധ്യമപ്രവര്‍ത്തകര്‍ അകത്തുകടന്നത്. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് അപവാദ പ്രചാരണം നടത്തിയത്.