പ്രളയവും മണ്ണിടിച്ചിലും: മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി

Posted on: August 20, 2019 12:44 pm | Last updated: August 20, 2019 at 7:55 pm

ഷിംല: കനത്ത മഴയില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് ഹിമാചലില്‍ കുടുങ്ങിയ മഞ്ജുവാര്യരെയും കൂടെയുണ്ടായിരുന്ന സിനിമാ സംഘത്തെയും രക്ഷപ്പെടുത്തി.
സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനുള്‍പ്പെടെ 30 പേര്‍ സംഘത്തിലുണ്ട്. മണാലിയില്‍ നിന്നും നൂറു കിലോമിറ്റീര്‍ അകലെ ഛത്രയിലാണ് സംഘം കുടുങ്ങിയിരുന്നത്. ഇവരെയെല്ലാം രക്ഷപ്പെടുത്തിയതായും സംഘം മണാലിലേക്ക് യാത്ര തിരിച്ചതായും കേന്ദ്രമന്ത്രി വി മുരളീധരന്റെ ഓഫീസ് അറിയിച്ചു. വാഹന ഗതാഗത സൗകര്യം മണ്ണിടിച്ചിലില്‍ നഷ്ടപ്പെട്ടതിനാല്‍ സംഘത്തിന് കാല്‍നടയായി ഏറെ ദൂരം സഞ്ചരിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട്.

സനല്‍കുമാര്‍ ശശിധരന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന പുതിയ ചിത്രമായ കയറ്റം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനാണ് മഞ്ജുവും സംഘവും ഹിമാചലില്‍ എത്തിയത്. ഹിമാലയത്തിലാണ് സിനിമയുടെ ഭൂരിഭാഗം ചിത്രീകരണവും നടക്കുന്നത്. മൂന്നാഴ്ചയായി ഇവര്‍ ഇവിടെ ചിത്രീകരണത്തിലായിരുന്നു. കനത്തെ മഴയെ തുടര്‍ന്ന് പ്രദേശത്തെ റോഡ് റോഡ് ഒലിച്ചുപോവുകയായിരുന്നു. ഈ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമായിട്ടില്ല.

ചൊവ്വാഴ്ച സഹായഭ്യര്‍ഥിച്ച് മഞ്ജു സഹോദരന്‍
മധു വാര്യരെ ബന്ധപ്പെട്ടിരുന്നു. രണ്ട് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും എന്തെങ്കിലും ചെയ്യാന്‍ കഴിയുമെങ്കില്‍ ചെയ്യണമെന്നും മഞ്ജു വാര്യര്‍ സഹോദരനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, ഇന്ന് രാവിലെ മഞ്ജുവിനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ലെന്ന് മധു വാര്യര്‍ പറഞ്ഞു. തുടര്‍ന്ന് മധു കേന്ദ്ര സഹമന്ത്രി വി മുരളീധരനുമായി സംസാരിച്ചു. എത്രയും പെട്ടെന്ന് സഹായം എത്തിക്കാമെന്ന് അദ്ദേഹം പറഞ്ഞതായി കുടുംബം പ്രതികരിച്ചു. വിഷയം ഹിമാചല്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രിയുടെ ഇടപെടല്‍ ഉടന്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.

പ്രദേശത്ത് വാര്‍ത്താ വിനിമയം സാധ്യമാകാത്ത അവസ്ഥയാണ്. മണാലിയിലേക്കുള്ള ദേശീയ പാത ഒലിച്ചുപോയിട്ടുണ്ട്. പലയിടങ്ങളിലും ഒലിച്ചുപോയ റോഡ് പുനര്‍ നിര്‍മിച്ചും മറ്റുമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും പേമാരിയും മണ്ണിടിച്ചിലിലും മറ്റുമായി മഴക്കെടുതികളില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.