പ്രകൃതിക്ഷോഭം: ഭൂമിയുടെ ഘടനയിലുണ്ടാക്കിയ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി

Posted on: August 20, 2019 9:37 am | Last updated: August 20, 2019 at 1:26 pm

തിരുവനന്തപുരം: പ്രകൃതിക്ഷോഭം സംസ്ഥാനത്ത് ഭൂമിയുടെ ഘടനയിലുണ്ടാക്കിയ മാറ്റങ്ങള്‍ പഠിക്കാന്‍ വിദഗ്ധരുടെ പ്രത്യേക സമിതിയെ ദുരന്തനിവാരണ വകുപ്പ് നിയോഗിച്ചു. ഭൗമശാസ്ത്രജ്ഞരുടെ നേതൃത്വത്തിലുള്ള 49 സംഘങ്ങളെയാണ് നിയോഗിച്ചിട്ടുള്ളത്. ആഗസ്റ്റ് 21 മുതല്‍ പരിശോധന തുടങ്ങും. പേമാരിയും ഉരുള്‍പൊട്ടലുമെല്ലാം ഭൂമിയുടെ മേല്‍തട്ടിലുണ്ടാക്കിയ മാറ്റങ്ങള്‍ സമിതി പഠിക്കും. സമിതിയുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാകും പരിസ്ഥിതി ദുര്‍ബല മേഖലകളില്‍ നിന്നും മാറ്റിപാര്‍പ്പിച്ചവരെ തിരികെ കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക.

ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങള്‍, അസാധാരണമായ ഭൗമ പ്രതിഭാസങ്ങള്‍ പ്രത്യക്ഷപ്പെട്ട ഭാഗങ്ങള്‍, വലിയ വിള്ളലുകള്‍ രൂപപ്പെട്ട ഇടങ്ങള്‍ എന്നിവിടങ്ങളിലാണ് സമിതി പരിശോധന നടത്തുക. ദുര്‍ബല മേഖലകളിലെ പഠന റിപ്പോര്‍ട്ട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങളെ തിരികെ എത്തിക്കുക സാധ്യമാണോ എന്നതില്‍ അതോറിറ്റി തീരുമാനമെടുക്കും. കോഴിക്കോട്, കണ്ണൂര്‍, വയനാട.് കോട്ടയം, എറണാകുളം, പാലക്കാട്, ഇടുക്കി, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളിലാകും ഭൗമശാസ്ത്രജ്ഞര്‍ പരിശോധന നടത്തുക. മലപ്പുറത്തും വയനാടുമാണ് ഏറ്റവും കൂടുതല്‍ സംഘത്തെ നിയോഗിച്ചിരിക്കുന്നത്.