International
കശ്മീര്‍ പ്രശ്‌നം ലഘൂകരിക്കാന്‍ ശ്രമിക്കണം: മോദിയെയും ഇമ്രാനെയും ട്രംപ് വിളിച്ചു

ന്യൂഡല്‍ഹി: കശ്മീരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാന്‍ ഇന്ത്യയും പാക്കിസ്ഥാനും ശ്രമിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാന മന്ത്രി ഇമ്രാന്‍ ഖാനുമായുമായും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തിലാണ് ട്രംപ് ഈ അഭ്യര്‍ഥന നടത്തിയത്. കശ്മീരിലെ സ്ഥിതി സങ്കീര്‍ണമാണ്. ഇതുസംബന്ധിച്ച് എന്റെ രണ്ട് നല്ല സുഹൃത്തുക്കളോടും സംസാരിച്ചു. വ്യാപാരം, നയതന്ത്ര ബന്ധങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാ വിഷയമായി. ഫലപ്രദമായ സംഭാഷണമാണ് ഇരുവരുമായും നടന്നത്. ട്രംപ് ട്വീറ്റ് ചെയ്തു.
ആദ്യം മോദിയുമായാണ് ട്രംപ് ഫോണില്‍ ബന്ധപ്പെട്ടത്. ആശയ വിനിമയം അര മണിക്കൂറോളം നീണ്ടു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷം ലഘൂകരിക്കേണ്ടതിന്റെയും മേഖലയില്‍ സമാധാനം നിലനിര്‍ത്തേണ്ടതിന്റെയും പ്രാധാന്യം ട്രംപ് മോദിയെ ധരിപ്പിച്ചതായി വൈറ്റ് ഹൗസ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യക്കെതിരായി പാക്കിസ്ഥാന്‍ നടത്തുന്ന പ്രസ്താവനകള്‍ സമാധാനത്തിന് ഭീഷണിയാണെന്ന് മോദി പറഞ്ഞു.
ഇതിനു പിന്നാലെയാണ് ട്രംപ് ഇമ്രാന്‍ ഖാനെ വിളിച്ചത്. പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് ശ്രദ്ധ ചെലുത്താനും മിതവും സൗമ്യവുമായ രീതിയില്‍ പ്രതികരിക്കാനും ഇമ്രാനോട് അമേരിക്കന്‍ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടയില്‍ ഇത് രണ്ടാം തവണയാണ് ട്രംപ് ഇമ്രാനെ വിളിക്കുന്നത്. കശ്മീര്‍ വിഷയം യു എന്‍ രക്ഷാസമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ സംഭാഷണം.