ബഷീറിന്റെ കൊലപാതകം; ശ്രീറാം ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു

Posted on: August 19, 2019 7:04 pm | Last updated: August 20, 2019 at 12:02 pm

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവി കെഎം ബഷീര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു. ശ്രീറാം മദ്യപിച്ച് ഓടിച്ച കാറിന്റെ വേഗം കണ്ടെത്താനായി ക്രാഷ് ഡാറ്റ റെക്കോര്‍ഡ് പരിശോധിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തിലാണ് പരിശോധന. കാറിന്റെ വേഗം കണ്ടെത്താന്‍ സിസി ടിവി ദൃശ്യങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് സാങ്കേതിക പരിശോധനയിലൂടെ വേഗം കണ്ടെത്താന്‍ ശ്രമിക്കുന്നത്. ഇതിനായാണ് കാര്‍ കമ്പനി അധികൃതരെ എത്തിച്ച് പരിശോധന നടത്തിക്കുന്നത്. അപകടം നടന്ന പ്രദേശത്തെ സിസി ടിവികളൊന്നും തന്നെ പ്രവര്‍ത്തിക്കുന്നില്ലെന്ന നിലപാടാണ് പോലീസിന്റേത് . ഇക്കാര്യത്തില്‍ ഏറെ ദുരൂഹത നിലനില്‍ക്കുന്നുണ്ട്.