കാര്‍ഷിക വായ്പയിലുള്ള മൊറട്ടോറിയം നീട്ടണമെന്ന് കേന്ദ്രത്തോട് കേരളം

Posted on: August 19, 2019 1:59 pm | Last updated: August 19, 2019 at 5:15 pm

ന്യൂഡല്‍ഹി: കാര്‍ഷിക വായ്പയിലുള്ള മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരു സാമ്പത്തിക വര്‍ഷംകൂടി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ആയിരം കോടി രൂപയുടെ സഹായം നബാര്‍ഡ് വഴി നല്‍കണമെന്നും കാര്‍ഷിക, കാര്‍ഷികേതര കടങ്ങള്‍ പുനക്രമീകരിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് കേരളം ഈ ആവശ്യങ്ങള്‍ മുന്നോട്ടുവെച്ചതെന്നും മന്ത്രി പറഞ്ഞു.

അതിനിടെ പ്രളയത്തില്‍ സംസ്ഥാനത്തിനുണ്ടായ നഷ്ടം വിലയിരുത്തുന്നതിന് കേന്ദ്ര സംഘം ഉടന്‍ കേരളത്തിലെത്തും. ഇത് സംബന്ധിച്ച ഉറപ്പും കേന്ദ്രം സംസ്ഥാനത്തിന് നല്‍കി. സംസ്ഥാനത്ത് ഉരുള്‍പൊട്ടലുണ്ടായ സ്ഥലങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും. ഇവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കേരളത്തിനുള്ള നഷ്ടപരിഹാരം നല്‍കുക.