Uae
ദുബൈയിൽ സന്ദർശക വിസയിലെത്തി മണി ചെയിൻ തട്ടിപ്പ്
ദുബൈ: മണി ചെയിൻ മാതൃകയിലുള്ള ബിസിനസ് തട്ടിപ്പുകൾ വർധിക്കുന്നതായി പരാതി. ദുബൈ, ഷാർജ ഭാഗങ്ങളിൽ നിരവധി പേർ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചു വരുന്നതായാണ് വിവരം. ഇവരിൽ അധികപേരും ഇന്ത്യക്കാരാണ്. നൂറ് കണക്കിന് യുവതി യുവാക്കളാണ് ഇതിനോടകം ഈ തട്ടിപ്പിനിരയായത്. മൂന്ന് മാസം മുതൽ രണ്ട് വർഷത്തിനുള്ളിൽ കോടീശ്വരന്മാർ ആക്കാമെന്നും സ്വപ്‌നതുല്യമായ ജീവിതം നയിക്കാനാകുമെന്നും കമ്പനി പ്രതിനിധികൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം നൽകുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ ബുദ്ധിമുട്ടുന്ന കുടുംബങ്ങളിൽപ്പെട്ടവരാണ് ഉള്ള സമ്പാദ്യവും, ബാക്കി കൊള്ളപ്പലിശക്കു പോലും കടം വാങ്ങി ഈ തട്ടിപ്പു കമ്പനിയുടെകെണിയിൽ പെടുന്നത്. സിനിമാ സീരിയൽ രംഗങ്ങളിലും മറ്റും പ്രവർത്തിക്കുന്ന നടീ നടന്മാരെയും മറ്റു വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഉന്നതരെയും മുന്നിൽ നിർത്തിയാണ് ഈ ഗൂഡ സംഘം ആളുകളെ വലയിലാക്കുന്നത്. പലർക്കും ഈ മണി ചെയിൽ കെണിയിൽപ്പെട്ട് ജോലിയും സമ്പാദ്യവും നഷ്ട്ടപ്പെട്ടു.
പുതുതായി ഈ കമ്പനിയിൽ ചേരുന്ന ഒരാൾ മിനിമം 8,000 രൂപ അടക്കണം. ഉടനെത്തന്നെ ഒരു ശരാശരി വ്യക്തിയുടെ ജീവിതവുമായി ഒരു ബന്ധവുമില്ലാത്ത കുറെ സാധനങ്ങളും നടക്കാത്ത കുറെ വാഗ്ദാനങ്ങളും കമ്പനി പ്രതിനിധികൾ ഉപഭോക്താവിന് നൽകും, ഇതോടെ ഈ വ്യക്തി ഇവരുടെ നെറ്റ്‌വർക്ക് വലയിൽ തലയൂരാൻ പറ്റാത്ത രീതിയിൽ കുടുങ്ങുകയാണ്. ചേർന്ന് അൽപ്പം കഴിയുമ്പോഴാണ് ഉപഭോക്താവിന് പറ്റിയ ചതി മനസ്സിലാകുന്നത്. പിന്നീട് ഇവർ പണം തിരികെ ചോദിച്ചാൽ തിരിച്ചു കിട്ടുന്ന രീതിയിലല്ല.
ഇതോടെ ഒന്നുകിൽ കുടുങ്ങിയ വ്യക്തി പണം ഒഴിവാക്കുക അല്ലെങ്കിൽ കമ്പനി കൊടുത്ത വ്യാജ പ്രചാരണങ്ങൾ നടത്തി അടുത്ത സുഹൃത്തുക്കളെയോ കൂടെ ജോലി ചെയ്യുന്നവരെയോ ഈ തട്ടിപ്പിൽ ചേർത്ത് അവർക്ക് നഷ്ട്ടപ്പെട്ട പണം തിരിച്ചു പിടിക്കേണ്ടി വരുന്നു. ഇന്ത്യ അടിസ്ഥാനമായി പ്രവർത്തിക്കുന്ന ധാരാളം ഇത്തരം മണി ചെയിൻ തട്ടിപ്പു സംഘങ്ങൾ യു എ ഇ യിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് തട്ടിപ്പു നടത്തി മുങ്ങുന്നത്.
പലപ്പോഴും ഒരേ സംഘങ്ങൾ തന്നെയാണ് വിവിധ പേരുകളിലും മറ്റും വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകൾ പലരും സന്ദർശക വിസയിൽ ആണ് ദുബൈയിൽ എത്തുന്നത്.



