Kozhikode
അതിജീവനത്തിന് കരുത്തേകി എസ് വൈ എസ് സാന്ത്വന സംഘം

കോഴിക്കോട്: അതിജീവനത്തിന് കരുത്തേകി സാന്ത്വനം വളണ്ടിയർമാർ. എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സാന്ത്വനം ക്ലബ്ബ് അംഗങ്ങളാണ് നാടിന്റെ നാനാഭാഗത്തായി വ്യത്യസ്ത സേവനങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്.
സേവന പ്രവർത്തനങ്ങൾക്ക് പുറമെ പ്രളയ ബാധിതർക്കുള്ള സാധന സാമഗ്രികൾ എത്തിക്കുന്നതിനാണ് സാന്ത്വന സംഘത്തിന്റെ സജീവ ശ്രദ്ധ. പ്രളയം വീടുകളിലെ സർവതും തകർത്തെറിഞ്ഞുവെന്നിരിക്കെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയാണ് പലയിടത്തും. ഇവിടേക്ക് ആവശ്യം കണ്ടറിഞ്ഞ് സാമഗ്രികളെത്തിക്കുകയാണ് സംഘാംഗങ്ങൾ. എല്ലാ യൂനിറ്റുകൾക്ക് കീഴിലും പ്രവർത്തിക്കുന്ന അഞ്ചംഗ സാന്ത്വന സമിതിയാണ് ഇക്കാര്യത്തിൽ സജീവ ശ്രദ്ധ പുലർത്തുന്നത്. പ്രളയം പൊട്ടിപ്പുറപ്പെട്ട ഘട്ടത്തിൽ കുടുങ്ങിപ്പോയവരെ രക്ഷിക്കുന്നതിലും ക്യാമ്പുകളിലെക്കെത്തിക്കുന്നതിലും അവരെ പരിചരിക്കുന്നതിലും സാന്ത്വന സംഘത്തിന്റെ സേവനങ്ങൾ പൊതുസമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജില്ലയിൽ മുക്കം, കുന്ദമംഗലം, കോഴിക്കോട്, ഫറോക്ക്, കൊയിലാണ്ടി, വടകര സോൺ പരിധിയിലാണ് പ്രധാനമായും പ്രളയം ബാധിച്ചത്. ഈ പരിധിയിലടക്കമുള്ള പതിനാല് സോണുകളിലെ 717 യൂനിറ്റുകളിലെ 3,500 ഓളം സാന്ത്വന പ്രവർത്തകരാണ് സജീവമായി കർമരംഗത്തുള്ളത്. എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള സഹായി വാദിസലാമിന്റെ പതിനേഴംഗ കർമ സമിതി വയനാട് ജില്ലയിലെ പ്രളയ ബാധിത പ്രദേശങ്ങളിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസുമായിട്ടായിരുന്നു സേവന രംഗത്തിറങ്ങിയത്. കൂടാതെ, ഗൂഡല്ലൂർ, നീലഗിരി ഭാഗങ്ങളിലേക്കും ജില്ലയിലെ സാന്ത്വന സംഘം സഹായ ഹസ്തവുമായെത്തി.
പ്രളയ ശേഷം വീട് വൃത്തിയാക്കിക്കൊടുക്കുന്നതിനും മറ്റുമായി പലയിടങ്ങളിലെത്തുമ്പോഴും കലങ്ങിയ കണ്ണുകളുമായി തിരിച്ചുപോരേണ്ട സാഹചര്യമാണെന്ന് സേവന രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന എസ് വൈ എസ് കുറ്റിച്ചിറ സർക്കിൾ സാന്ത്വനം സമിതി കൺവീനർ മനാഫ് കുണ്ടുങ്ങൽ പറഞ്ഞു. പല വീടുകളും പൂർണമായും മുങ്ങിപ്പോയവയാണ്. വയോവൃദ്ധരും സ്ത്രീകളും രോഗികളും മറ്റും ഒറ്റക്ക് താമസിക്കുന്നയിടങ്ങളിൽ അതിദയനീയമായ സാഹചര്യമാണെന്നും മനാഫ് പറഞ്ഞു.
എസ് വൈ എസ് കുറ്റിച്ചിറ സർക്കിളിന്റെ നേതൃത്വത്തിൽ മുങ്ങൽ വിദഗ്ധരായ സാന്ത്വന സംഘം പ്രളയത്തിൽ കുടുങ്ങിപ്പോയ നൂറുക്കണക്കിനാളുകളെ ഫൈബർ വള്ളമുപയോഗിച്ചും തോണി മുഖേനെയും രക്ഷപ്പെടുത്തിയിരുന്നു.
വീടുകളിലേക്കാവശ്യമായ അവശ്യസാധനങ്ങളടങ്ങിയ ആയിരത്തോളം കിറ്റുകൾ എസ് വൈ എസ് ജില്ലാ കമ്മിറ്റിക്ക് കീഴിൽ വിതരണം ചെയ്തു കഴിഞ്ഞു. ഇവ ഓരോരുത്തരുടെയും വീടുകളിലെത്തിച്ചു നൽകുന്ന രീതിയിലാണ് എസ് വൈ എസിന്റെ പ്രവർത്തനം. കൂടാതെ, അടുക്കളയിലേക്കാവശ്യമായ ഉപകരണങ്ങൾ, പായ, വിരിപ്പ്, നിസ്‌കാരക്കുപ്പായം, മെഴുകുതിരി എന്നിങ്ങനെയുള്ള വസ്തുക്കൾ എത്തിക്കുന്നതിലും സംഘം ശ്രദ്ധിക്കുന്നുണ്ട്.
കൂടാതെ, കുടിവെള്ളക്ഷാമമാണ് പ്രളയ ബാധിത മേഖലയിലെ പ്രധാന വിഷയങ്ങളിലൊന്ന്. പല കിണറുകളിലും സെപ്റ്റിക് മാലിന്യം നിറയുകയും വൃത്തിഹീനമാകുകയും ചെയ്തിട്ടുണ്ട്. ഈയൊരു സാഹചര്യത്തിൽ കോഴിക്കോട് കോർപറേഷനടക്കമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കുടിവെള്ളമെത്തിക്കുന്നുണ്ടെങ്കിലും തികയാത്ത സാഹചര്യമാണുള്ളത്. എസ് വൈ എസ് സർക്കിൾ കമ്മിറ്റികൾക്ക് കീഴിൽ കുടിവെള്ളമെത്തിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. കൂടാതെ, കിണർ ക്ലോറിനേഷൻ ചെയ്യുന്നതിനും സാന്ത്വനം പ്രവർത്തകർ വീട്ടുകാരെ സഹായിക്കുന്നു.
പല വീടുകളിലെയും വയറിംഗ് സംവിധാനം താറുമാറായിരിക്കെ ഇവ ശരിപ്പെടുത്തി വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനും ഈ രംഗത്ത് പരിചയമുള്ള സാന്ത്വനം വളണ്ടിയർമാർ ശ്രദ്ധിക്കുന്നുണ്ട്.
ജില്ലയിലെ പ്രളയ സാന്ത്വന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ്ടി കെ അബ്ദുർറഹ‌്മാൻ ബാഖവി ചെയർമാനായി അഞ്ചംഗ കർമസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.