Malappuram
ട്രെയിൻ ടിക്കറ്റ് കാത്തിരിക്കുന്നു, യാത്രക്കാരനില്ലാതെ...

നിലമ്പൂർ: കവളപ്പാറയിലെ ഏക സൈനികന്റെ ഓർമക്ക് ഇനിയുള്ളത് ട്രൈൻ ടിക്കറ്റും സൈനിക വേഷത്തിലുള്ള ചിത്രവും മാത്രം. ഉരുൾപൊട്ടൽ ദുരന്തത്തിൽ പ്രദേശത്തെ ഏക സൈനികനായ വിഷ്ണുവും കാണാമറയത്തേക്ക് മറഞ്ഞു.
അസമിൽ സൈന്യത്തിൽ സേവനമനുഷ്ഠിക്കുന്ന വി ഷ്ണു ഈമാസം 27ന് അസമിലേക്ക് തിരിച്ച് പോകാനിരിക്കേയാണ് ഉറ്റവരുടെയും ഉടയവരുടെയും കൂടെ തിരിച്ചുവരാത്ത ലോകത്തേക്ക് യാത്രയായത്. സൂത്രത്തിൽ വിജയന്റെ മകൻ വിഷ്ണുവിന്റെ അഞ്ചംഗ കുടുംബത്തിൽ സഹേദരൻ ജിഷ്ണുവിനെ മാത്രമാണ് ദുരന്തം ബാക്കിവെച്ചത്. അച്ഛൻ വിജയന്റെ മൃതദേഹം കഴിഞ്ഞ ദിവസം കിട്ടിയിരുന്നു.
ദുരന്തത്തിൽ കാണാതായ അമ്മ വിശ്വേശ്വരിയുടേയും സഹോദരി ജിഷ്ണയുടേയും മൃതദേഹത്തിനായി തിരച്ചിൽ തുടരുകയാണ്. മണ്ണിനടിയിലായ വീടിന്റെ അടിത്തറ വരെ കഴിഞ്ഞ ദിവസം ഇളക്കിയപ്പോഴാണ് വിഷ്ണുവിന് അസമിലേക്ക് തിരിച്ച് പോകാനുള്ള ട്രൈൻ ടിക്കറ്റ്, സൈനിക വേഷത്തിലുള്ള ചിത്രം, മിലിട്ടറി രേഖകൾ, ആധാർകാർഡ്, പാൻകാർഡ് എന്നിവ കണ്ടുകിട്ടിയത്.
ഈമാസം മൂന്നിനാണ് വിഷ്ണു അസമിൽ നിന്ന് നാട്ടിലെത്തിയത്. കവളപ്പാറ ദുരന്തത്തിന്റെ ദൃക്‌സാക്ഷികളിൽ ഒരാളാണ് വിഷ്ണുവിന്റെ സഹോദരൻ ജിഷ്ണു. ഉരുൾപൊട്ടി മണ്ണും വെള്ളവും മരങ്ങളും കുത്തിയൊലിക്കുന്ന ശബ്ദവും വീടുകൾ തകർന്നടിയുന്നതും പ്രദേശവാസികളുടെ അട്ടഹാസവും ജിഷ്ണുവിന് ഓർക്കാനാവുന്നില്ല.
ജിഷ്ണുവിന്റെ കുടുംബവും ബന്ധുക്കളുമടക്കം ഏഴുപേരാണ് ഞൊടിയിടയിൽ മണ്ണിനടിയിലായത്. തോട്ടിൽ വെള്ളം കയറിയതിനാൽ ക്യാമ്പിലേക്ക് മാറാൻ ജിഷ്ണു വരുന്നതും കാത്തുനിൽക്കുകയായിരുന്നു കുടുംബം.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ സൈനികർ കവളപ്പാറയിൽ രക്ഷാപ്രവർത്തനത്തിൽ കർമ നിരതരാകുമ്പോൾ തങ്ങളുടെ സ്വന്തം സൈനികന്റെ വേർപ്പാടിന്റെ ദുഃഖത്തിലാണ് ശേഷിക്കുന്ന കുടുംബങ്ങളും സുഹൃത്തുക്കളും.
വിഷ്ണുവിന്റെ സംസ്ക്കാരച്ചടങ്ങുകളിൽ മന്ത്രി ജി സുധാകരൻ, പി വി അന്‍വര്‍ എം എല്‍ എ തുടങ്ങിയവര്‍
പങ്കെടുത്തു. വിഷ്ണുവിന്റെ ബന്ധുക്കളെ കണ്ട് ആശ്വസിപ്പിച്ചു.